Trending Now

അയ്യപ്പസന്നിധിയില്‍ നിറവിന്‍റെ പദജതികളുമായി ഗായത്രി വിജയലക്ഷ്മി

ജാഗ്രതയാണ് സുരക്ഷ. ക്ലാസുകള്‍ ശക്തമാക്കി അഗ്‌നി രക്ഷാ സേന

ബോധവല്‍ക്കണ ക്ലാസുകളും സംയുക്ത പരിശോധനയും ഊര്‍ജിതമാക്കി മകരവിളക്ക് ഉല്‍സവം സുരക്ഷിതമാക്കാനുള്ള പരിശ്രമത്തിലാണ് അഗ്‌നി രക്ഷാ സേന. സന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. പോരായ്മ കണ്ടെത്തുന്ന ഇടങ്ങളില്‍ കര്‍ശന നിര്‍ദേശവും ക്ലാസുകളും നല്‍കുന്നു. ഇത്തരത്തില്‍ പാണ്ടിത്താവളത്ത് അഗ്‌നി രക്ഷാ സേനയുടെ ആഭിമുഖ്യത്തില്‍ കച്ചവടക്കാര്‍ക്കും വിരി കേന്ദ്രങ്ങളിലുള്ളവര്‍ക്കും പ്രത്യേക ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷാ പരിശീലനവും നല്‍കി. ഫയര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ ആര്‍ അഭിലാഷ്, സ്റ്റേഷന്‍ ഓഫീസര്‍ കെ എം സതീശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. പരിശീലനം
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിനോദ് കുമാര്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് സി.എസ്. അനില്‍, മരാമത്ത് അസി.എഞ്ചിനിയര്‍ സുനില്‍ കുമാര്‍, സന്നിധാനം എസ് എച്ച് ഒ അനൂപ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
അഗ്‌നി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അയ്യപ്പഭക്തരെ അടിയന്തിര വൈദ്യസഹായത്തിനായി എത്തിക്കുന്നതിലും അഗ്‌നി സുരക്ഷാസേനാംഗങ്ങള്‍ മുന്‍പന്തിയിലുണ്ട്.മരക്കൂട്ടം മുതല്‍ പാണ്ടിത്താവളം വരെയുള്ള ഒന്‍പത് പോയിന്റുകളില്‍ സദാ കര്‍മനിരതായി സേനാഗങ്ങള്‍ ജാഗരൂകരാണ്. മൊത്തം 67 പേരാണ് സന്നിധാനത്തുള്ളത്. അഞ്ച് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളുമുണ്ട് .19 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ഹൈഡ്രന്റാണ് സന്നിധാനത്ത് അഗ്‌നി സുരക്ഷയ്ക്കുള്ള മുഖ്യോപാധി. 49 ഹൈഡ്ര ന്റ് പോയിന്റുകളാണിവിടെയുള്ളത്. ഫയര്‍ എക്സ്റ്റിഗ്വുഷറുകള്‍ ഇല്ലാത്ത കടകള്‍ അടിയന്തിരമായി അവ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിരിവെപ്പ് കേന്ദ്രങ്ങളില്‍ പാചകം പാടില്ലെന്നും മകരവിളക്ക് സമയം ഭക്തര്‍ ആരതി ഉഴിയുന്നതില്‍ ജാഗ്രത കാണിക്കണമെന്നും ഫയര്‍ സെപഷ്യല്‍ ഓഫീസര്‍ കെ ആര്‍ അഭിലാഷ് അറിയിച്ചു.

 

അയ്യപ്പസന്നിധിയില്‍ നിറവിന്‍റെ പദജതികളുമായി ഗായത്രി വിജയലക്ഷ്മി

രണ്ടരപതിറ്റാണ്ടിലേറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഒടുവില്‍ അമ്പത്തിരണ്ടാം വയസില്‍ വീണ്ടും ചിലങ്കയണിയുക. അടുത്തൂണ്‍ പറ്റിയശേഷം ഏഴുവര്‍ഷം കൊണ്ട് നൃത്തവേദിയില്‍ സജീവസാന്നിധ്യമാവുക, തന്റെ രണ്ടാംവരവിലെ നൂറാംവേദി സന്നിധാനത്ത് അയ്യപ്പന്റെ തിരുസന്നിധിയിലാവുക, ഗായത്രി വിജയലക്ഷ്മിയുടെ ജീവിതത്തില്‍ യാദൃശ്ചികതകള്‍ക്കും ആകസ്മികതകള്‍ക്കും വലിയ ഇടമുണ്ട്.

മകരവിളക്കിന് മുന്നോടിയായി അയ്യനെ കാണാനെത്തിയ ആയിരക്കണക്കിന് ഭക്തരുടെ മുന്നില്‍ ഭരതനാട്യമാടിയതിന്റെ ആഹ്ലാദത്തിലാണ് അറുപതുകാരിയായ ഗായത്രി വിജയലക്ഷ്മി. നൃത്തം ജീവന്റെ ഭാഗമായി കൊണ്ടുനടന്നിരുന്ന കാലത്ത് 26-ാം വയസില്‍ ചിലങ്കയൂരി മാറ്റിവെച്ചതാണവര്‍.

ടി.കെ.എം. എഞ്ചിനീയറിങ് കോളജിലെ അധ്യാപന ജീവിതത്തിരക്കുകളില്‍ അവര്‍ നൃത്തത്തെ മനസിന്റെ കോണിലൊതുക്കി. ഉമിത്തീപോലെ പദവും ജതിയും മുദ്രയും നീറിക്കിടന്ന 26 വര്‍ഷങ്ങള്‍. ഒടുവില്‍ അടുത്തൂണ്‍ പറ്റുന്നതിന് മുമ്പ് മിഥിലാലായ ഡാന്‍സ് അക്കാദമിയില്‍ ഗുരു വി. മൈഥിലിയുടെ ശിക്ഷണത്തില്‍ പ്രഫ: ഗായത്രി വിജയലക്ഷ്മി വീണ്ടും ചിലങ്കകെട്ടി. ആ യാത്രയാണ് ശനിയാഴ്ച അയ്യപ്പസന്നിധിയിലെത്തിച്ചത്.

പാപനാശം ശിവന്‍ രചിച്ച മഹാഗണപതിം എന്ന ഗണപതി സ്തുതിയോടെയാണ് ഗായത്രി നൃത്തമാരംഭിച്ചത്. തുടര്‍ന്ന് ശിവഭഗവാന്റെ സ്വഭാവത്തേയും സൗന്ദര്യത്തേയും തോഴിയോട് പ്രകീര്‍ത്തിക്കുന്ന ശിവസ്തുതി അവതരിപ്പിച്ചു. തുടര്‍ന്ന് മുരുകസ്തുതിയും ദേവീസ്തുതിയും ശ്രീപത്മനാഭ സ്തുതിയും അവസാനമായി അയ്യപ്പസ്തുതിയും ഗായത്രി വിജയലക്ഷ്മി നിറഞ്ഞസദസിന് മുന്നില്‍ അവതരിപ്പിച്ചു.

error: Content is protected !!