Trending Now

കേരള സ്കൂൾ കലോത്സവ വിശേഷങ്ങള്‍

കോഴിക്കോട് ജില്ലയിലെ പ്രൈമറി,

സെക്കൻഡറി, ഹയർ സെക്കൻഡറി, വി

എച്ച് എസ് ഇ വിദ്യാലയങ്ങൾക്ക് (ജനുവരി 6)

അവധി പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം

നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി.

നിറഞ്ഞ കൈയ്യടി നേടി നാടക മത്സരങ്ങൾ

അറുപതിയൊന്നാം കേരള സ്കൂൾ കലോത്സവത്തിന്റെ രണ്ടാം വേദിയായ സമൂതിരി സ്കൂളിൽ നടന്ന ഹയർസെക്കന്ററി വിഭാഗം നാടക മത്സരം അവതരണം കൊണ്ടും വിഷയത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമായി. 17 നാടകങ്ങളാണ് വേദിയിലെത്തിയത്. മുഴുവൻ നാടകങ്ങളും കൈയ്യടി നേടി. നിറഞ്ഞു കവിഞ്ഞ വേദിക്ക് മുന്നിലാണ് നാടക മത്സരങ്ങൾ അരങ്ങേറിയത്.

 

കെ. ആർ മീരയുടെ ആരാച്ചാർ, കരിങ്കോഴി, അയ്യങ്കാല, തുടങ്ങിയ നാടകങ്ങൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചുമെല്ലാം വേദിയിൽ എത്തി. നിരന്തര പരിശീലനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ് നാടകം വേദിയിൽ എത്തിച്ചതെന്ന് പറയുന്നു അഭിനേതാക്കളായ മിടുക്കന്മാരും മിടുക്കികളും.

ഇമ്മിണി ബല്യ സുൽത്താൻ്റെ വീട്ടിലെത്തി

രചനാ മത്സരാർത്ഥികൾ

മലയാളത്തിൻ്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട് സന്ദർശിച്ച് രചനാ മത്സരാർത്ഥികൾ. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ രചനാ മത്സരാർത്ഥികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ബേപ്പൂർ സുൽത്താൻ്റെ വീട്ടിലേക്കൊരു യാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

 

യാത്രയുടെ ഫ്ലാഗ് ഓഫ്

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് നിർവ്വഹിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും വിവിധ രചനാ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളായിരുന്നു യാത്രാ അംഗങ്ങൾ.

 

വൈലാലിലെ വീട്ടിലെത്തിയ യാത്രാ സംഘത്തെ ബഷീറിൻ്റെ മകൻ അനീസ് ബഷീറും കുടുംബവും ചേർന്ന് സ്വീകരിച്ചു. ഭാഗ്യം ലഭിച്ച കുട്ടികളാണ് നിങ്ങളെന്നും എംടിയെയും ബഷീറിനെയും പോലുള്ള എഴുത്തുകാർ വളർന്ന് വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ബഷീർ ഇന്നും ഓർമിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാങ്കോസ്റ്റിൻ മരവും ബഷീറിൻ്റെ ഗ്രാമഫോണും കഥകളിലൂടെ മാത്രം അറിഞ്ഞ ബഷീറിൻ്റെ സാഹിത്യലോകവും കൺമുമ്പിൽ കണ്ടതോടെ പലർക്കും അതൊരു നവ്യാനുഭമായി.

ശേഷം കുട്ടികൾക്കെല്ലാം ഹൽവ വിതരണം ചെയ്തു. കോഴിക്കോടിൻ്റെ ചരിത്രവും വിവരിച്ച് നൽകാൻ രജീഷ് രാഘവനും യാത്രയെ നയിക്കാൻ ഡിടിപിസി പോഗ്രാം കോഡിനേറ്റർ മുഹമ്മദ് ഇർഷാദുമുണ്ടായിരുന്നു.

കാരവൻ പ്രദർശനവുമായി ടൂറിസം വകുപ്പ്

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കാരവൻ പ്രദർശനവുമായി ടൂറിസം വകുപ്പ്. കാരവൻ പ്രദർശനത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് നിർവഹിച്ചു. ജനങ്ങൾക്ക് കാരവനെ കുറിച്ച് അറിയാനും പരിചയപ്പെടുത്താനും വേദിയൊരുക്കുക എന്നതാണ് പ്രദർശനത്തിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് ടൂറിസം വകുപ്പ് കാഴ്ചവച്ചതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

 

മാനാഞ്ചിറ മൈതാനിയിലാണ് കാരവൻ പ്രദർശനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന കാരവന്‍ കോഴിക്കോട് എത്തിച്ചാണ് പ്രദർശനത്തിന് സജ്ജമാക്കിയത്. കലോത്സവം അവസാനിക്കുന്നതുവരെ പ്രദർശനം തുടരും.

 

മൈലാഞ്ചി മൊഞ്ചിൽ കോഴിക്കോട്

മൈലാഞ്ചി മൊഞ്ചും നുണക്കുഴിച്ചിരിയുമായി വേദിയിൽ എത്തുന്ന മണവാട്ടി. ഇമ്പത്തിൽ പാട്ടു പാടിയും പാട്ടിനൊത്ത് താളത്തിൽ കൈ കൊട്ടിയും സഖിമാർ. ഒപ്പനപ്പാട്ടിന്റെ ഇശല്‍ മഴയില്‍ കലോത്സവ വേദിയിൽ മൊഞ്ചത്തിമാര്‍ നിറഞ്ഞാടി. നാരിമാരുടെ വാഴ്ത്തിപ്പാട്ടും മണവാട്ടിയുടെ നാണച്ചിരിയും ചന്തത്തിലുള്ള ചുവടുകളും കൂടിയായപ്പോൾ സംഗതി ജോറായി.

 

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലാണ് ഒപ്പന മത്സരം അരങ്ങേറിയത്. മലബാറിന്റെ തനതു മാപ്പിള കലാരൂപമായ ഒപ്പന കാണാൻ ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്. വെള്ള പെങ്കുപ്പായവും കാച്ചിമുണ്ടുമുടുത്തു പരമ്പരാഗത വേഷത്തിൽ നാരിമാരെത്തി. വളക്കിലുക്കവും മെയ്താളവും ചേർന്നപ്പോൾ ഒപ്പന കാണാൻ എത്തിയവരുടെ ഖൽബ് നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു. 12 അപ്പീലുകളും ഇക്കുറിയുണ്ട്. രണ്ടു മണിക്ക് ശേഷം ആരംഭിച്ച ഒപ്പന മത്സരം രാത്രി എട്ടര വരെ നീണ്ടു.

ജനശ്രദ്ധ ആകർഷിച്ച് വിവിധ

വകുപ്പുകളുടെ പ്രദർശനം

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നു. 35 പവലിയനുകളിലായി സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ വിവിധ വകുപ്പുകളാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി കുട്ടികളുടെ കലാവൈഭവം വിളിച്ചോതുന്ന വിവിധ പ്രകടനങ്ങളും പ്രദർശനങ്ങളും ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റെ വിവിധ വികസന നേട്ടങ്ങളുടെ ഫോട്ടോ പ്രദർശനവും പി ആർ ഡിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

 

മലയാള സിനിമയുടെ ചരിത്രം പറയുന്ന സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ സ്റ്റാൾ, ഗോൾ അടിക്കുന്നവർക്ക് വിവിധ സമ്മാനങ്ങൾ ഏർപ്പെടുത്തികൊണ്ട് വിമുക്തി മിഷൻ ഒരുക്കിയ ഗോൾ ചലഞ്ച് എന്നിവയും പ്രദർശനത്തെ വേറിട്ടതാക്കുന്നു.

 

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പുതിയ മാനം നൽകിയ കിഫ്ബിയുടെ ഇതുവരെയുള്ള നേട്ടങ്ങളെ കുറിച്ച് വിവരിക്കുന്ന ഡിജിറ്റൽ വാൾ, കേരള പോലീസ്, സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ്‌, കേരള വനം വകുപ്പ് തുടങ്ങിയ സ്റ്റാളുകളെല്ലാം ജനങ്ങൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്. പ്രദർശനം ശനിയാഴ്ച വരെ ഉണ്ടായിരിക്കും.

കലോത്സവ ചെയർമാനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസാണ് സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തത്. എക്സിബിഷൻ കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ലതിക, കൺവീനർ ഷിജുകുമാർ തുടങ്ങിയർ പങ്കെടുത്തു.

അതിരാണിപ്പാടത്തെ മണവാട്ടിമാരെ

കാണാൻ മന്ത്രിമാരെത്തി

അതിരാണിപ്പാടത്ത് മൈലാഞ്ചി ചുവപ്പിൻ്റെ മൊഞ്ചിൽ കൈമുട്ടി പാടിയ മണവാട്ടിമാരെ കാണാൻ മന്ത്രിമാരുമെത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് ഒപ്പന മത്സരം നടക്കുന്ന വേദിയിലെത്തിയത്. വൈകിട്ടോടെ പ്രധാന വേദിയായ വിക്രം മൈതാനിയിലെത്തിയ മന്ത്രിമാർ സദസ്സിലിരുന്ന് ഒപ്പന ആസ്വദിച്ച

ശേഷം കലോത്സവ നഗരിയുടെ ഉത്സവാന്തരീക്ഷം നേരിൽ കാണാനായി ഇറങ്ങി.

 

സെൽഫിയെടുത്തും കുശലം പറഞ്ഞും ഒപ്പന കാണാനെത്തിയ അതിരാണിപ്പാടത്തെ ജനക്കൂട്ടം പിന്നെ മന്ത്രിമാരുടെ പിന്നാലെയായി. തിരക്കിനിടയിൽ എല്ലാവർക്കും സെൽഫിക്കായി നിന്നുകൊടുത്തും ഫോട്ടോക്ക് പോസ് ചെയ്തും മന്ത്രിമാർ

ജനസാഗരത്തിനൊപ്പം ചേർന്നു. കലോത്സവ നഗരിയിലെ വിവിധ സ്റ്റാളുകളും സേവന സംവിധാനങ്ങളും നേരിൽക്കണ്ട് മനസ്സിലാക്കിയ ശേഷമായിരുന്നു മന്ത്രിമാർ മടങ്ങിയത്.

കോവിഡ് കവർന്ന കലോത്സവ കാലത്തെ

തിരികെ പിടിച്ച് കോഴിക്കോട്;

നിറഞ്ഞുകവിഞ്ഞ് വേദികൾ

 

കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് കലാ മാമാങ്കത്തിന് തിരിതെളിഞ്ഞതോടെ മത്സരം കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും രാവിലെ മുതൽ കലാസ്വാദകരുടെ ഒഴുക്കാണ് കാണാൻ സാധിച്ചത്. വേദിക്കും പുറത്തും ജനം തടിച്ചുകൂടിയതോടെ ആകെ ഉത്സവച്ഛായയാണ് എങ്ങും. പോപ്പ്കോൺ, അതിഥി സൽക്കാരമൊരുക്കി കച്ചവടക്കാരും അണി നിരന്നതോടെ കാര്യങ്ങള്‍ പൊടിപൂരം.

 

മത്സരാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് പുറമേ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും മറ്റു ജില്ലകളിലുളളവരും കലോത്സവം ആഘോഷമാക്കി മാറ്റുകയാണ്. രാവിലെ മുതൽ വേദികൾ ജനനിബിഡമായിരുന്നു. പ്രവൃത്തി ദിവസമായിട്ടു പോലും ചെറിയ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് കലോത്സവ നഗരിയിലെത്തിയത്.

 

ഹയർസെക്കന്ററി വിഭാഗം നാടോടി നൃത്തത്തോടെയാണ് പ്രധാന വേദിയായ വിക്രം മൈതാനിയിൽ മത്സരങ്ങൾ ആരംഭിച്ചത്. ശേഷം മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും വേദിയിൽ അരങ്ങേറി. ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരം ആരംഭിച്ചതോടെ വിക്രം മൈതാനിയിലേക്ക് ജനസാഗരമായിരുന്നു. സീറ്റുകൾ നിറഞ്ഞതോടെ വേദിയുടെ വശങ്ങളിൽ കലാസ്വാദകർ സ്ഥാനം പിടിച്ചു. ദഫ് മുട്ട്, കോൽക്കളി ഉൾപ്പെടെയുള്ളവ നടന്ന വേദികളിലും സ്ഥിതി സമാനമായിരുന്നു. വേദി രണ്ടിൽ നടന്ന ഹയർസെക്കന്ററി വിഭാഗം നാടക മത്സരം കാണാനും നിരവധി പേരെത്തിയിരുന്നു.

 

കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ പോലിസും ഇന്ത്യൻ റിസർവ് ബറ്റാലിയനും രംഗത്തുണ്ട്. ഇനി വരുന്ന മൂന്നു നാളുകള്‍ കൂടി കോഴിക്കോട്ടെ കലോത്സവ നഗരിയിലേക്ക് ജനം ഒഴുകിയെത്തും.

 

error: Content is protected !!