വിജയികൾക്കുള്ള മെമെന്റോ വിതരണം ആരംഭിച്ചു
കേരള സ്കൂൾ കലോത്സവത്തിൽ ഗ്രേഡുകൾ വാങ്ങിയവർക്കുള്ള മെമെന്റോകളുടെ വിതരണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. കലോത്സവത്തിൽ എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയ കലാപ്രതിഭകൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റ് വിതരണവുമാണ് ട്രോഫി കമ്മിറ്റി ഓഫീസിൽ നടക്കുന്നത്.
13000 മെമെന്റൊകളും,57- ഓളം വലിയ ട്രോഫികളുമാണ് കലാ പ്രതിഭകൾക്കുള്ള വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
മെമെന്റൊകൾ സ്വീകരിക്കുമ്പോൾ ഫോട്ടോ എടുക്കാനായി പ്രത്യേകം ഫോട്ടോ ഫ്രേമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
മാനാഞ്ചിറക്ക് സമീപം ബി ഇ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ ട്രോഫി കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ,ട്രോഫി കമ്മിറ്റി കൺവീനർ ഫിറോസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു
കലോത്സവ നഗരിയിൽ ലഹരിക്കെതിരെ കയ്യൊപ്പ്
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കയ്യൊപ്പിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഏറ്റെടുത്തു കൊണ്ട് കലോത്സവ നഗരിയിലും സർഗാത്മകമായി ലഹരി വിരുദ്ധ ആശയം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രിയോടൊപ്പം എം.കെ രാഘവൻ എം പി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ തുടങ്ങിയവരും ലഹരിക്കെതിരെ കയ്യൊപ്പു ചാർത്തി.
കലാപ്രതിഭകൾക്കും പൊതുജനങ്ങൾക്കും ലഹരിക്കെതിരെ കയ്യൊപ്പിടാം. അതോടൊപ്പം ചിത്രകലാകാരൻമാരുടെ കലാ സൃഷ്ടികൾ വരയ്ക്കാനും കഴിയും വിധമാണ് കാൻവാസ് ഒരുക്കിയിരിക്കുന്നത്. കലോത്സവം കഴിയും വരെ ലഹരിക്കെതിരെയുള്ള കയ്യൊപ്പ് കാൻവാസ് പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കലോത്സവ പോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി ഇ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആർട്സ് ആൻഡ് ലിറ്ററേച്ചർ താമരശ്ശേരിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രോഗ്രാം കമ്മിറ്റി കൺവീനർ പി കെ അരവിന്ദൻ, ആർട്സ് ആൻഡ് ലിറ്ററേച്ചർ താമരശ്ശേരി അംഗങ്ങളും ചിത്രകലാകാരൻമാരുമായ മജീദ് ഭവനം,രാജൻ ചെമ്പ്ര,നാസർ താമരശ്ശേരി,രാധിക രഞ്ജിത്ത്,സുനിത കിളവൂർ,ദിലീപ് ബാലൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ ഇന്ത്യൻ റിസർവ് ബറ്റാലിയൻ സജ്ജം
സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ ഇന്ത്യൻ റിസർവ് ബറ്റാലിയനും. ബറ്റാലിയന്റെ ഭാഗമായിട്ടുള്ള 50 ഉദ്യോഗസ്ഥരാണ് കലോത്സവ നഗരിയിൽ സേവനമനുഷ്ഠിക്കുന്നത്.
സംസ്ഥാന പോലീസിന് കീഴിൽ പ്രവർത്തിക്കുന്ന ടീമാണ് ഇവർ. അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ പോലീസിനൊപ്പം സഹായത്തിന് ഇവരുമുണ്ടാകും. കരുത്തുറ്റ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായ സേനാവിഭാഗമാണ് ഇന്ത്യ റിസർവ് ബറ്റാലിയൻ.
കലോത്സവം നടക്കുന്ന പ്രധാന വേദിക്കരികിലെല്ലാം ഇവരുടെ സേവനം ലഭ്യമാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവർക്കും സേവനം ഉപയോഗപ്പെടുത്താം. മത്സരം ആരംഭിച്ച് അവസാനിക്കും വരെ ബറ്റാലിയന്റെ ടീം കലോത്സവ നഗരിയിലുണ്ടാവും.
ഹെൽപ് ഡെസ്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മറ്റ് ജില്ലകളിൽ നിന്ന് കലോത്സവത്തിന് എത്തുന്നവർക്ക് വിവിധ വേദികളെ കുറിച്ചും വാഹന സൗകര്യങ്ങളെക്കുറിച്ചും താമസ സ്ഥലത്തേക്ക് എത്താനുള്ള നിർദേശങ്ങളും മറ്റ് വിവരങ്ങളും നൽകി കലോത്സവ നഗരിയിൽ ശ്രദ്ധേയമാവുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹെൽപ് ഡെസ്ക്.
ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം. കലോത്സവം നടക്കുന്ന 24 വേദികളിലും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.
വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഉദ്യോഗസ്ഥരാണ് ഹെൽപ് ഡെസ്കിൽ സേവനം അനുഷ്ഠിക്കുന്നത്.കലോത്സവം തുടങ്ങിയ ദിവസം മുതൽ നിരവധി ആളുകൾ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇവർ പറയുന്നു.
കലോത്സവ നഗരിയിലുണ്ട് നാടിന്റെ വികസനത്തിന്റെ നേർചിത്രങ്ങൾ
സംസ്ഥാന സർക്കാരിന്റെ വികസന കുതിപ്പിന്റെ നേർസാക്ഷ്യമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം. കലോത്സവ വേദിയായ തളി സാമൂതിരി സ്കൂൾ ഗ്രൗണ്ടിലാണ് ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ നടന്നിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ വിവിധ ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിലുള്ളത്. ഐ ആൻ്റ് പിആർഡി ഫോട്ടോഗ്രാഫർമാർ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ പകർത്തിയ ചിത്രങ്ങളിൽ നിന്നും തെരഞ്ഞെടുത്ത വികസനോന്മുക പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
മന്ത്രിസഭാ വാർഷികം, സംസ്ഥാന സർക്കാറിൻ്റെ ഓണാഘോഷം, എംടി വാസുദേവൻ നായരുടെ വസതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം, ഐസൊലേഷൻ വാർഡ് ഉദ്ഘാടനം, നവീകരിച്ച ഫറോഖ് പാലം ഉദ്ഘാടനം, ലഹരി വിരുദ്ധ പരിപാടികൾ, വിവിധ മേളകൾ, വിത്യസ്ത വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾ തുടങ്ങിയ വിവിധ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
കലോത്സവത്തിന് എത്തിയ നിരവധി പേരാണ് ഫോട്ടോ പ്രദർശനം സന്ദർശിക്കാനായി സ്റ്റാളിലെത്തുന്നത്.