Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ (04/01/2023)

ദര്‍ഘാസ്
എംആര്‍എസ് എല്‍ ബി വി ജി എച്ച് എസ് എസ് വായ്പൂര്‍ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറിയില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ലഭിച്ച രണ്ട് ലക്ഷം രൂപയ്ക്കുള്ള സയന്‍സ് ലാബ് ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി ആന്റ് സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 16ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍: 9745 776 957.വിശദവിവരങ്ങള്‍ക്ക് www.dhse.kerala.gov.inസന്ദര്‍ശിക്കുക.
 

ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ: അപേക്ഷാ തീയതി നീട്ടി
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ അപേക്ഷാ തീയതി ജനുവരി 16 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി  www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍:  0484 2 422 275, 8281 360 360 (കൊച്ചി സെന്റര്‍), 0471 2 726 275, 9447 225 524 (തിരുവനന്തപുരം സെന്റര്‍)
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 2007 മാര്‍ച്ച് 31ന് മുന്‍പ് നല്‍കിയ വായ്പകളില്‍ വായ്പ തുകയുടെ 150 ശതമാനത്തിനു മുകളില്‍ വരുന്ന തുക അടച്ചും 2022 ഡിസംബര്‍ 31നകം കാലാവധി കഴിഞ്ഞ വായ്പകളില്‍ ബാക്കി നില്‍ക്കുന്ന പിഴപ്പലിശയില്‍ 100 ശതമാനം ഇളവോടുകൂടി വായ്പ തീര്‍പ്പാക്കാം. 2023 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം ലഭിക്കും. ഫോണ്‍ : 0468 2 226 111, 2 272 111

ഗതാഗത നിയന്ത്രണം

റാന്നി ഈട്ടിചുവട് -കരിയംപ്ലാവ് റോഡില്‍ ചിറയ്ക്കല്‍പ്പടിയില്‍ കലുങ്ക് നിര്‍മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി നാലു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും

ജില്ലയിലെ എല്ലാ റോഡുകളിലെയും കയ്യേറ്റങ്ങളും, ട്രാഫിക്കിന് തടസ്സമായി കൂട്ടിയിട്ടിരിക്കുന്ന കല്ലുകളും തടികളും മറ്റ് പാഴ്വസ്തുക്കളും, റോഡ് കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന നിര്‍മ്മാണങ്ങളും 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണം. അല്ലാത്തപക്ഷം ‘കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് 1957 റൂള്‍ 13എ’, ‘ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 1999 ചാപ്റ്റര്‍ നാല് സെക്ഷന്‍ 15(2)’എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും ചിലവ് നിയമപരമായി കയ്യേറ്റക്കാരില്‍ നിന്നും ഈടാക്കുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെ പ്രായമുള്ള ആളെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ബിഎഎംഎസ്, ബിഎന്‍വൈഎസ്, എംഎസ്‌സി (യോഗ)/ പി.ജി.ഡിപ്ലോമ (യോഗ)/എംഫില്‍ യോഗ എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക്  രണ്ടിന് ഇലന്തൂര്‍ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പരിശോധിക്കാം
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023ന്റെ ഭാഗമായി പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് (05)  പ്രസിദ്ധീകരിക്കും. പൊതുജനങ്ങള്‍ക്ക് ചീഫ് ഇലക്ഷന്‍ ആഫീസറുടെ വെബ്‌സൈറ്റ് മുഖേനയും ജില്ലാ ഇലക്ഷന്‍ ആഫീസ്, താലൂക്ക് ആഫീസ്, വില്ലേജ് ആഫീസ് എന്നിവിടങ്ങളിലും വോട്ടര്‍പട്ടിക പരിശോധിക്കാമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍.രാജലക്ഷമി അറിയിച്ചു.

ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് : അപേക്ഷ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനുകീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് കോഴ്സിന് അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി. ബിരുദം ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. ജില്ലയിലെ പഠന കേന്ദ്രം : മര്‍ത്തോമ സുവിശേഷ സേവിക സംഘം, മഞ്ചാടി പി.ഒ, തിരുവല്ല, പത്തനംതിട്ട -689 015. ഫോണ്‍ : 9207267625, 9447 705 300, 9447 063 043.

അനധികൃത പാര്‍ക്കിംഗ് –പടമെടുക്കാം, പരാതിപ്പെടാം

പത്തനംതിട്ട ടൗണിലെ അനധികൃത പാര്‍ക്കിംഗ് ക്രമാതീതമായി കൂടിയിരിക്കുന്നത് വാഹന ഉടമകള്‍ക്കും ഗതാഗത തടസത്തിനും കാരണമായിട്ടുണ്ട്.  മറ്റ് വാഹനങ്ങളുടെ യാത്രയ്ക്ക് തടസമായും നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിട്ടുളള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും  ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍.റ്റി.ഒ എ.കെ ദിലു അറിയിച്ചു. ഇത്തരത്തില്‍ അപകടകരമായി വാഹനങ്ങള്‍ റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ചിത്രമെടുത്ത് ആര്‍റ്റിഒ യ്ക്ക് ഇ-മെയില്‍ ചെയ്യാം. ഇ-മെയില്‍ : [email protected]. ഫോണ്‍ : 9188961003.


സാക്ഷ്യപത്രം ഹാജരാക്കണം

2023 ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയാകാത്ത വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളും പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ജനുവരി 31ന് മുന്‍പായി വളളിക്കോട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് അങ്കണവാടി കണ്ടിജന്‍സി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 വരെ. ഫോണ്‍: 0468 2 362 129, 9188 959 670.


ക്വട്ടേഷന്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് മാസവാടകയ്ക്ക് ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുളള (25000 കി.മീ ല്‍ താഴെ ഓടിയത്) ടാക്സി പെര്‍മിറ്റോടുകൂടിയ എ.സി വാഹനം ആവശ്യമുണ്ട്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2 223 983.