Trending Now

കേരള സ്കൂൾ കലോത്സവം: പ്രധാന വേദി ഉണർന്നത് സംഗീത- നൃത്ത വിരുന്നോടെ

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. മുഴുവൻ വേദികളിലും പ്രതിഭകൾ നിറഞ്ഞാടി. കണ്ണും മനസും നിറയ്ക്കുന്ന സ്വാഗത ഗാന -നൃത്തത്തോടെയാണ് പ്രധാനവേദിയും സദസ്സും ഉണർന്നത്. മനോഹരമായ ഗാനവും നൃത്തവിരുന്നും ഉദ്ഘാടന വേദിക്ക് മാറ്റ് കൂട്ടി. പി.കെ. ​ഗോപിയാണ് സ്വാഗത ഗാനം രചിച്ചത്. സം​ഗീത സംവിധാനം കെ. സുരേന്ദ്രൻ മാസ്റ്ററും നൃത്ത സംവിധാനം ഡോ. ലജനയുമാണ് നിർവഹിച്ചത്.കനകദാസ് പേരാമ്പ്ര സംവിധാനം നിർവഹിച്ച പരിപാടി മലയാളം തിയേറ്ററിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്ട്സ് ആയ മാതാ പേരാമ്പ്രയാണ് വേദിയിൽ അവതരിപ്പിച്ചത്.

 

ക്യാപ്റ്റൻ വിക്രമിന് അഭിവാദ്യമർപ്പിച്ചാണ് നൃത്തം തുടങ്ങിയത്. കോഴിക്കോടിന്റെ നന്മ, അതിഥികളെ സ്വീകരിക്കുന്ന കോഴിക്കോടിന്റെ നല്ല മനസ്, നൃത്തവും സം​ഗീതവും സാഹിത്യവും തമ്മിൽ കോഴിക്കോടിനുള്ള ബന്ധം, കോഴിക്കോടിന്റെ മതേതര കാഴ്ചപ്പാട് എന്നിവ ഉൾക്കൊള്ളിച്ചാണ് പി.കെ. ​ഗോപി ഈ കവിതയെഴുതിയത്.

 

പഥം നിറഞ്ഞ്, കളം നിറഞ്ഞ് നടനമാട്

കഥ പറഞ്ഞ്, ശ്രുതി പകർന്ന് കവിത പാട് ഇങ്ങനെയാണ് കവിത ആരംഭിക്കുന്നത്.

12 നർത്തകിമാരും 18 നടീനടന്മാരും അടക്കം 30 പേരാണ് ദൃശ്യാവിഷ്കാരത്തിൽ ഉണ്ടായിരുന്നത്. ഇതാദ്യമായാണ് കേരള കലോത്സവത്തിൽ പൊതുവിദ്യാലയങ്ങളിലെ 61 കുട്ടികളെക്കൊണ്ട് സ്വാഗതഗാനം പാടിച്ചത്.

കലോത്സവത്തിൽ ദാഹം തീർക്കാൻ

മണ്ണിൻ തണുപ്പുള്ള ദാഹജലം

കലോത്സവ വേദികളിൽ ദാഹിച്ചെത്തുന്നവർക്ക് മണ്ണിന്റെ തണുപ്പിൽ ശുദ്ധവെള്ളം ലഭ്യമാക്കി സംഘാടകർ. വെയിലിന്റെ ക്ഷീണമോ തളർച്ചയോ അറിയാതെ കലോത്സവ വേദികളിലെല്ലാം ശുദ്ധജലം കുടിക്കാം. സംസ്ഥാന സ്കൂൾ കലോത്സവത്തെ പ്ലാസ്റ്റിക് മുക്തമാക്കുക, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ബോധവത്കരണം എന്നീ ലക്ഷ്യവുമായാണ് ‘തണ്ണീർ കൂജ’യെന്ന പേരിൽ മൺകൂജയിൽ കുടിവെള്ളം ലഭ്യമാക്കുന്നത്.

 

വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു മാതൃകാപരമായ പദ്ധതി നടപ്പാക്കുന്നത്. വെള്ളം സംഭരിക്കുന്നതിന് വലിയ ഭരണിപോലുള്ള മൺ പാത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളം കുടിക്കുന്നതിന് മൺ ഗ്ലാസ്സും വേദികളിൽ ഒരുക്കിയിട്ടുണ്ട്. ആകെ 500 മൺകൂജകളും 6000 മൺ ഗ്ലാസ്സുകളുമാണ് കലോത്സവത്തിനായി എത്തിച്ചിട്ടുള്ളത്. പ്രധാന വേദിയിൽ തന്നെ നൂറോളം മൺകൂജകളാണ് ഒരുക്കിയിട്ടുള്ളത്. 20 ലിറ്റർ, 15 ലിറ്റർ വെള്ളം കൊള്ളുന്ന കൂജകളാണിവ. വെള്ളം നൽകാൻ മണ്ണിൽ നിർമ്മിച്ച ജഗ്ഗുകളും ഒരുക്കിയിട്ടുണ്ട്. വേദിയിലുള്ള വളണ്ടിയർമാർ, എൻഎസ്എസ്,എസ് പി സി,ജെ ആർ സി റെഡ്ക്രോസ് എന്നിവരെയാണ് കൂജയിൽ വെള്ളം നിറക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ളത്.

 

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ 40 മൺപാത്ര നിർമ്മാണ യൂണിറ്റുകളിൽ നിന്നാണ് കൂജയും ഭരണിയും എത്തിച്ചത്. സൂറത്തിൽ നിന്നുള്ളതാണ് മൺഗ്ലാസ്സുകൾ.

 

കലോത്സവ ശേഷം മൺപാത്രങ്ങളെല്ലാം സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയ്ക്ക് കൈമാറും. കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷനാണ് വെൽഫെയർ കമ്മിറ്റിയുടെ ചുമതല. കെ. കെ രമ എംഎൽഎയാണ് വെൽഫെയർ കമ്മിറ്റിയുടെ ചെയർമാൻ. കെ. പി സുരേഷ്, എൻ.കെ റഫീഖ് എന്നിവരാണ് കൺവീനർമാർ.

error: Content is protected !!