പരിശോധന നടത്തി ആരോഗ്യ വിഭാഗം
*ഇന്‍സിനറേറ്റര്‍ തൊഴിലാളികളുടെ സൗകര്യം മെച്ചപ്പെടുത്താന്‍ നിര്‍ദേശം
ശബരിമല: സന്നിധാനത്തെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു. ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും തൊഴിലാളികളുടെ താമസ സ്ഥലവും പരിശോധിച്ച ശേഷമാണ് കരാറുകാരന് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന് ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. അടച്ചുറപ്പില്ലാത്ത ഷെഡ്ഡ് വൃത്തിഹീനമായ നിലയിലായിരുന്നു. ഇതിനോട് ചേര്‍ന്നാണ് വിശ്രമസ്ഥലവും പാചകപ്പുരയുമുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ താമസ സ്ഥലവും പാചകപ്പുരയും മെച്ചപ്പെട്ട സൗകര്യമുള്ളിടത്തേക്ക് അടിയന്തരമായി മാറ്റാനും തൊഴിലാളികളുടെ സുരക്ഷക്ക് എച്ച് ഡി കയ്യുറകള്‍, ഗം ബൂട്ട് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാനും കരാറുകാരനോട് ആവശ്യപ്പെട്ടു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ കെ ഷിബു, കെ വിനോദ്കുമാര്‍, കെ ജി ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.