Trending Now

സര്‍ക്കാര്‍ പദ്ധതികളെ വൈകിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആറന്മുള നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ സമഗ്ര അവലോകനം നടത്തി. മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഏറ്റെടുത്ത റോഡ് നിര്‍മ്മാണം കരാറുകാര്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാത്തത് മൂലം ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകത്തത് മൂലം റോഡ് നിര്‍മ്മാണത്തിന് തടസം നേരിടുന്നതിനാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ തുടങ്ങാനും മന്ത്രി നിര്‍ദേശം നല്‍കി.
മണ്ഡലത്തിലെ പി.ഡബ്യു.ഡി റോഡ്, ബില്‍ഡിംഗ്, എന്‍.എച്ച്, പാലം എന്നിവയും കെആര്‍എഫ്ബി, കെ.എസ്.ടി.പി, റോഡ് മെയിന്റനന്‍സ് പ്രവൃത്തികളുടെ അവലോകനമാണ് നടന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ എല്ലാ പദ്ധതികളുടെയും പ്രവര്‍ത്ത പുരോഗതി വിലയിരുത്തി. റോഡ് വിഭാഗത്തിന് കീഴില്‍ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് മന്ത്രി വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പത്തനംതിട്ട ജില്ലാ കളക്ടറും ബന്ധപ്പെട്ട പഞ്ചായത്ത്, പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കോഴഞ്ചേരി പാലവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയിലാകുന്നതിന് ഉടന്‍തന്നെ യോഗം ചേരുന്നതിന് തീരുമാനിച്ചു. കരിയിലമുക്ക് പാലവും ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചതായി അതാത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. റോഡ് വിഭാഗത്തിന് കീഴില്‍ വരുന്ന കുമ്പനാട്, ചെറുകോല്‍പ്പുഴ റോഡ് വാട്ടര്‍ അതോറിറ്റി പൈപ്പ് ഷിഫ്റ്റിംഗ് കൊണ്ട് കാലതാമസം നേരിടുന്നതിന് പരിഹാരം കാണാനും മന്ത്രി നിര്‍ദേശം നല്‍കി.
നിയോജക മണ്ഡലത്തിലെ വിവിധ വിഭാഗങ്ങളിലുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.