konnivartha.com : കോന്നിഅട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ വ്യൂ പോയിന്റിൽ കൂറ്റൻ വാൽ നക്ഷത്രം ഒരുക്കി യുവാക്കൾ. 30 അടി ഉയരത്തിലാണ് റോഡരികിൽ ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ചു ചെങ്ങറ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ യുവാക്കൾ ചേർന്ന് നക്ഷത്രം ഒരുക്കിയത്.
ശീമ മുളയും വെള്ള തുണിയും ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം, നക്ഷത്രത്തിനുള്ളതിൽ 9 ടുബ് ലൈറ്ററുകളാണ് സ്ഥാപിച്ചത്. തുറസ്സായ സ്ഥലത്തായതിനാൽ കാറ്റടിച്ചു മറിയാതിരിക്കാൻ ഇരുവശത്തും കയറുകൾ ഉപയോഗിച്ച് വലിച്ചുകെട്ടിയിട്ടുണ്ട്.വലിയ മുളയുടെ തുണിലാണ് നക്ഷത്രം ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്.
അട്ടച്ചാക്കൽ കുമ്പളപൊയ്ക റോഡിലൂടെയും, കൊന്നപ്പാറ ചെങ്ങറ റോഡിലൂടെയും സഞ്ചരിക്കുന്നവർക്ക് നക്ഷത്രം മനോഹര കാഴ്ചയാണൊരുക്കുന്നത്. നക്ഷത്രം സ്ഥാപിച്ചത് തുറസായ സ്ഥലത്തായതിനാൽ ചെമ്മാനി എസ്റ്റേറ്റിലെ കൈതച്ചക്ക തോട്ടത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും, കൊന്നപ്പാറ കിഴക്കേചെമ്മാനിയിൽ നിന്നും, പയ്യന്നമൺ താവളപ്പാറയിൽ നിന്നും, ആവോലിക്കുഴി, പന്ത്രണ്ടേക്കർ, കാക്കര ഭാഗങ്ങളിൽ നിന്നും, കൊന്നപ്പാറ അടുകാടിൽ നിന്നും, കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയിൽ നിന്നും നക്ഷത്രത്തിന്റെ രാത്രിയിലെ വിദൂര കാഴ്ച്ചകൾ മനോഹരമായി കാണാം.
നക്ഷത്രത്തോടു ചേർന്ന് റോഡരികിൽ കളർ ലൈറ്റുകളും സ്ഥാപിക്കുകയാണ് ഈ യുവാക്കൾ. ചങ്ക് ബ്രതെഴ്സ് വാട്ട്സ് ആപ്പ് ഗ്രുപ്പിലെ ബിനോജ്, മധു, രാഹുൽ, ബാബു, റോജിൻ, സുരേഷ് ബാബു, ബിജിൻ, നവീൻ, ആൽബിൻ, സിജു ബാബു, അലക്സ്, വർഗീസ്, പാപ്പി, ജാൻസൺ എന്നിവർ ചേർന്നാണ് നക്ഷത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇവിടെ മുളം കുടിലുകൾ നിർമ്മിച്ചും, അരയന്നതിന്റെ വലിയ ശില്പമുണ്ടാക്കിയും, അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് മിററുകൾ സ്ഥാപിച്ചും യുവാക്കൾ മുൻപ് ശ്രദ്ധ നേടിയിരുന്നു.