Trending Now

ചെറുകോല്‍- നാരങ്ങാനം-റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

 

ചെറുകോല്‍- നാരങ്ങാനം-റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെറുകോല്‍- നാരങ്ങാനം-റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം വാഴക്കുന്നം ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണം അത്യാവശ്യമാണ്. പത്തു ദശലക്ഷം ലിറ്റര്‍ ഉത്പാദനശേഷിയുള്ള ജല ശുദ്ധീകരണശാല അടക്കമുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ നിലവിലുള്ള 60 കിലോമീറ്റര്‍ ദൂരത്തിലുളള പൈപ്പ് ലൈനുകള്‍ കൂടാതെ 190 കിലോമീറ്റര്‍ പുതിയ പൈപ്പ് ലൈനുമാണ് വിതരണ ശൃംഖലയില്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചെറുകോല്‍ ഗ്രാമ പഞ്ചായത്തില്‍ പുതിയതായി 3456 വീടുകളിലേക്കും, നാരങ്ങാനം ഗ്രാമ പഞ്ചായത്തില്‍ 4809 വീടുകളിലേക്കും, റാന്നി ഗ്രാമ പഞ്ചായത്തില്‍ 650 വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

 

ഏറ്റവും അധികം ജലക്ഷാമം അനുഭവിക്കുന്ന നാരങ്ങാനം പഞ്ചായത്തിന് വലിയ ആശ്വാസമാണ് പദ്ധതിയെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ പദ്ധതി തുടങ്ങുന്നതിന് സഹായമായെന്നും മന്ത്രി പറഞ്ഞു.
ചെറുകോല്‍, നാരങ്ങാനം, റാന്നി പഞ്ചായത്തുകള്‍ക്കായി ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 89.60 കോടി രൂപ വിനിയോഗിച്ചാണ്ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കുന്നത്.

 

ചെറുകോല്‍, നാരങ്ങാനം പഞ്ചായത്തിലെയും റാന്നി പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകളിലെ എല്ലാ വീടുകള്‍ക്കും പുതിയ ജലകണക്ഷന്‍, ശുദ്ധമായ ജലം ഇവ നല്‍കുന്നതാണ് പദ്ധതി.
പ്രമോദ് നാരായണ്‍ എംഎല്‍എഅധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രാഹാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.സന്തോഷ്, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നാമ്മ തോമസ്, കേരള വാട്ടര്‍ അതോറിറ്റി അംഗം ഉഷാലയം ശിവരാജന്‍, കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോമോന്‍ കോളാകോട്ട്, ആലിച്ചന്‍ ആറൊന്നില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.