Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/12/2022 )

ദര്‍ശന പുണ്യം നേടി 15 ലക്ഷം പേര്‍;ശബരിമലയില്‍ തിരക്കേറുന്നു

ഈ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ഡിസംബര്‍ ഒന്നാം വാരം വരെ ദിനംപ്രതി ശരാശരി എണ്‍പതിനായിരത്തോളം ഭക്തന്മാരാണ് ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാം വാരമായതോടെ ഭക്തരുടെ എണ്ണം ക്രമേണ വര്‍ധിച്ചു വരുകയാണ്. ഡിസംബര്‍ 9 ന് (വെള്ളിയാഴ്ച) 1,07,695 പേരാണ് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരുന്നത്. പത്താം തീയതിയും ഒരു ലക്ഷത്തിനടുത്താണ് ബുക്കിംഗ്. വരും ദിവസങ്ങളിലും തിരക്ക് ഇതുപോലെ തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ വിലയരുത്തുന്നു.

തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതയിലാണ് സന്നിധാനം. ഓരോ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. തിരക്ക് കൂടുമ്പോള്‍ പമ്പമുതല്‍ സന്നിധാനം വരെ ഘട്ടം ഘട്ടമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ് ദര്‍ശനം സജ്ജമാക്കുന്നത്.
സന്നിധാനത്തേക്കുള്ള പ്രധാന പാതയില്‍ നിന്നും വഴിതിരിഞ്ഞ് അയ്യപ്പഭക്തര്‍ വനത്തിലൂടെ നടക്കുന്ന സാഹചര്യം ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും ഇത് അപകടം വിളിച്ചുവരുത്തുന്ന കാര്യമാണെന്നും ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഇക്കാര്യം നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയും തിരക്ക് കൈകാര്യം ചെയ്യാന്‍ സജ്ജമാണ്. നിലവില്‍ 200 ല്‍ അധികം ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിനായി ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 189 ബസുകളാണ് സര്‍വീസ് നടത്തിയത്. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

അമിത നിരക്ക്; സന്നിധാനത്തെ ഹോട്ടലിന് പിഴ ചുമത്തി

ഭക്ഷണത്തിന് അയ്യപ്പ ഭക്തരില്‍ നിന്നും അമിത നിരക്ക് ഈടാക്കിയ ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി. സന്നിധാനത്തെ ശ്രീ ഗണേഷ് ഹോട്ടല്‍ തീര്‍ത്ഥാടകരില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം സന്നിധാനം പോലീസ് വിജിലന്‍സ് വിഭാഗം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റവന്യു സ്‌ക്വാഡ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പരാതി ശരിയെന്ന് കണ്ടെത്തുകയും ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ശ്രീകുമാര്‍ പിഴ ചുമത്തുകയുമായിരുന്നു.
പരിശോധനക്ക് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ. ഗോപകുമാര്‍, അളവ് തൂക്കവിഭാഗം ഇന്‍സ്പെക്ടര്‍ ഹരിശ്ചന്ദ്രക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

62-ാം വയസ്സില്‍ കന്നിസ്വാമി;അയ്യന് കാണിക്കയായി കളരിമുറകള്‍

കന്നിസ്വാമിയായി മലചവിട്ടിയെത്തി അയ്യപ്പന് കളരിമുറകള്‍ കാണിക്കയായി അര്‍പ്പിച്ച സന്തോഷത്തിലാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശിയായ ദിനേശന്‍ ഗുരുക്കള്‍. പലകുറി ആഗ്രഹിച്ചിരുന്നു എങ്കിലും ഇക്കുറിയാണ് 62 കാരനായ ഗുരുക്കള്‍ക്ക് ശബരിമല ചവിട്ടാന്‍ സാധിച്ചത്. അങ്ങനെ ആദ്യമായി അയ്യപ്പനെ കാണാനെത്തുമ്പോള്‍ കളരി കാണിക്കയായി അവതരിപ്പിക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു.

മാസങ്ങളോളം നീണ്ട പരിശീലനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഗുരുക്കള്‍ സന്നിധാനത്തെത്തി ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ കളരി അവതരിപ്പിച്ചത്. 15 അംഗ സംഘമായിട്ടായിരുന്നു കളരിപ്പയറ്റ് കാഴ്ചവെച്ചത്. തെക്കന്‍, വടക്കന്‍, കടത്തനാടന്‍ മുറകളെ കോര്‍ത്തിണക്കിയായിരുന്നു അവതരണം. 1975 ലാണ് ഇദ്ദേഹം കളരി അഭ്യാസം ആരംഭിച്ചത്. കഴിഞ്ഞ 42 വര്‍ഷമായി കളരി പരിശീലനവും നടത്തി വരുന്നു.

ഒരു മണിക്കൂറോളം നീണ്ടുനിന്ന കളരി അഭ്യാസങ്ങളാണ് ഗുരുക്കളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചത്. വാള്‍പ്പയറ്റ്, ഉറുമി പയറ്റ്, കുറുവടിപ്പയറ്റ് തുടങ്ങിയ വിവിധ മുറകള്‍ക്കൊപ്പം അഭ്യാസ പ്രകടനങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു.

ശബരിമലയിലെ  ചടങ്ങുകള്‍
(10.12.2022)

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

error: Content is protected !!