അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി, യുവാക്കള്‍ക്ക് തെരുവ് നായ്ക്കളെ ശാസ്ത്രീയമായി പിടിക്കുന്നതിനും, നിയന്ത്രിച്ചു വന്ധീകരണം, മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങിയ ആവശ്യത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയില്‍ അഞ്ചുദിവസം ദൈര്‍ഘ്യമുള്ള പ്രായോഗിക പരിശീലനം നടത്തുന്നു. താല്പര്യമുള്ള കായികശേഷിയുള്ള പത്താം ക്ലാസ് പാസായ യുവതി, യുവാക്കള്‍ അതത് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മുഖേന അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 20.
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ് /ബിഎന്‍വൈഎസ്/ എം എസ് സി (യോഗ), എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 16ന് രാവിലെ 10ന് നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2218500.
കൗണ്‍സിലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളിലുളള ആര്‍ക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിലാസം : ഒലിവ് തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നവജീവോദയം സെന്റര്‍, പി.ബി നം. 16, തിരുവല്ല, പത്തനംതിട്ട-689 105. ഫോണ്‍ : 9961351163. വെബ് സൈറ്റ് : www.srccc.in.
എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് പരിശീലനം
പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (കീഡ്) 20 ദിവസത്തെ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ ജനുവരി ആറുവരെ സൂം പ്ലാറ്റ് ഫോമിലാണ് പരിശീലനം. ഐസ് ബ്രേക്കിംഗ്, പ്രൊജക്ട് ആന്റ് പ്രൊഡക്ട് ഐഡെന്റിഫിക്കേഷന്‍ മാര്‍ക്കറ്റിംഗ്, പ്രൊജക്ട് റിപ്പോര്‍ട്ട്, ബ്രാന്‍ഡിംഗ്, ലീഗല്‍റ്റീസ് ഓഫ് ബിസിനസ്, ലൈസന്‍സ് ആന്റ് സ്‌കീംസ്, അക്കൗണ്ടിംഗ്, ബാങ്ക് ലോണ്‍ പ്രൊസിഡ്യൂര്‍, ഇന്ററാക്ഷന്‍ വിത്ത് സക്സസ്ഫുള്‍ എന്റര്‍പ്രണര്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് പരിശീലനം. താത്പര്യമുളളവര്‍ 1180 രൂപ ഫീസ് അടച്ച് കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.info മുഖേന ഡിസംബര്‍ 13 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484-2532890, 7012376994.
ക്രിയാത്മക നിര്‍ദേശങ്ങളുമായി പാഠ്യപദ്ധതി ജനകീയ ചര്‍ച്ച
പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കാനുള്ള ജില്ലാതല ജനകീയചര്‍ച്ച പത്തനംതിട്ട കാതോലിക്കറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ സമഗ്രശിക്ഷാ കേരള സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ടി.പി കലാധരന്‍ വിഷയാവതരണം നടത്തി.
പാര്ശ്വവല്ക്കരിക്കപ്പെടുന്
ജില്ലാപഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. എസ് രേണുകാഭായ്, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച്ഓഫീസര്‍ രാജേഷ് വള്ളിക്കോട്, വൊക്കേഷന്‍ ഹയര്‍സെക്കന്ററി റീജിയണല്‍ ഡയറക്ടര്‍ ആര്‍.സിന്ധു, പത്തനംതിട്ടവിദ്യാഭ്യാസ ഓഫീസര്‍ ഷീലാകുമാരിയമ്മ, സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ എ.കെ. പ്രകാശ്, എ.പി. ജയലക്ഷ്മി, ഡയറ്റ് ലക്ചറര്‍ ഡോ. ഷീജ, മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍. വിജയമോഹന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും ഡിസംബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.
കൈവശ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ – വനം
വകുപ്പുകളുടെ സംയുക്ത യോഗം ചേരും: മന്ത്രി എ.കെ. ശശീന്ദ്രന്‍
മലയോര മേഖലയിലെ കൈവശ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് അനുകൂല തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. മരം മുറിയ്ക്കലുമായി ബന്ധപ്പെട്ട് കൈവശ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചതിന്റെ മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷകര്‍ക്ക് അവര്‍ വൃക്ഷ വില അടച്ചു റിസര്‍വ് ചെയ്ത മരങ്ങള്‍ പോലും മുറി ക്കുന്നതിന് അനുമതി വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാത്ത സ്ഥിതി എംഎല്‍എ സഭയില്‍ വിവരിച്ചു. ഇത് മൂലം കര്‍ഷകര്‍ വളരെ പ്രതിസന്ധിയില്‍ ആണെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇക്കാര്യത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ സംയുക്ത മായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
1964 ന് ശേഷം എല്‍എ പട്ടയം ലഭിച്ച കര്‍ഷകര്‍ക്കാണ് പ്രധാനമായും പ്രതിസന്ധി ഉണ്ടായത്. അന്ന് പട്ടയത്തില്‍ ഒരു ചട്ടം വച്ചതാണ് തടസമായിരിക്കുന്നത്. ചട്ട പ്രകാരം പട്ടയം നല്‍കിയിരിക്കുന്ന സ്ഥലങ്ങളില്‍ നിലവിലുള്ളതും ഇനി വളരുന്നതുമായ തേക്ക്, വീട്ടി, ചന്ദനം ഉള്‍പ്പെടെയുള്ള പത്ത് ഇനം മരങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരിക്കും.
ഒരു വര്‍ഷം മുമ്പ് മൂട്ടില്‍ മരം മുറി കേസ് വരുന്നത് വരെ പട്ടയത്തിലെ ഈ ചട്ടം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു വര്‍ഷം മുമ്പ് വരെ മരങ്ങള്‍ മുറിക്കുന്നതിന് റവന്യൂ വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇവ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതിന് വനം വകുപ്പ് പാസും നല്‍കിയിരുന്നു. മൂട്ടില്‍ മരം മുറി പ്രശ്‌നം വന്നതോടെയാണ് 1964 ന് ശേഷം നല്‍കിയ പട്ടയങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചട്ടങ്ങള്‍ ഉയര്‍ന്നുവരുകയും കേരളത്തില്‍ ആകമാനം ഉള്ള എല്‍ എ പട്ടയം ഉടമകള്‍ക്ക് മരം മുറിക്കാന്‍ അനുമതി നിഷേധിക്കപ്പെടുകയും ചെയ്ത്. ഇത് മൂലം കര്‍ഷകര്‍ വലിയ ആശങ്കയില്‍ ആയിരുന്നു. ഈ വിവരങ്ങളാണ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സബ്മിഷനിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
കോന്നിയിലെ മലയോര പട്ടയം:കേന്ദ്ര അനുമതി നേടിയെടുക്കാന്‍ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡല്‍ഹിയിലേക്ക് അയയ്ക്കണം- അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
അനുകൂല നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍
മലയോര മേഖലയിലെ പട്ടയം പൂര്‍ണമായും വിതരണം ചെയ്യുന്നതിനായി കേന്ദ്ര അനുമതി നേടിയെടുക്കാന്‍ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ നടപടിയുണ്ടാകണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പട്ടയം ലഭ്യമാക്കുന്നതിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും, ഉന്നതതലത്തില്‍ ഇടപെടലുണ്ടായാല്‍ അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നും എം.എല്‍.എ പറഞ്ഞു.
1970.041 ഹെക്ടര്‍ കൈവശ വനഭൂമിയില്‍ പട്ടയം നല്കുന്നതിനുള്ള ക്രമീകരണത്തിനു വേണ്ടി എം.എല്‍.എയുടെ നിര്‍ദേശപ്രകാരം 2019 ഒക്ടോബറിലാണ് ജില്ലാ കളക്ടര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ പരിവേഷ് മുഖേന അപേക്ഷ സമര്‍പ്പിച്ചത്.
ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം 2020 ഏപ്രില്‍ രണ്ടിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ ബംഗളുരു റീജ്യണല്‍ ഓഫീസില്‍ അപേക്ഷ നല്കി. കേന്ദ്ര സര്‍ക്കാരിന്റെ വനം- പരിസ്ഥിതി മന്ത്രാലയം ആസ്ഥാനമായുള്ള ഫോറസ്റ്റ് അഡൈ്വസറി കമ്മറ്റി വിഷയം പരിഗണിക്കുകയും, പരിഹാര വനവല്‍ക്കരണത്തിനായുള്ള ഭൂമിയുടെ കെ.എം.എല്‍ ഫയലുകളും, കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ 2020 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും, 2021 ല്‍ കേന്ദ്രം വീണ്ടും ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കുകയും ചെയ്തു.
2021 മാര്‍ച്ച് 18 ലെ ഫോറസ്റ്റ് അഡൈ്വസറി കമ്മറ്റി നിര്‍ദേശപ്രകാരം റീജ്യണല്‍ ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥല പരിശോധനടത്തുകയും, റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റിന് കൈമാറുകയും ചെയ്തു.
കേന്ദ്ര അനുമതിക്കായുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടിയില്‍ പറഞ്ഞു. വിഷയത്തില്‍ തീരുമാനം വേഗത്തിലാക്കാന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിക്ക് കത്ത് നല്കുകയും, രണ്ട് തവണ വിഷയം മന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. എം.എല്‍.എ സബ്മിഷനിലൂടെ ഉന്നയിച്ച ആവശ്യങ്ങളില്‍ തുടര്‍നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.