Trending Now

റവന്യു ജില്ലാ കലോത്സവം: 661 പോയിന്റോടെ പത്തനംതിട്ട ഉപജില്ല ജേതാക്കള്‍

 

konnivartha.com : രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്ന റവന്യു ജില്ലാ കലോത്സവത്തില്‍ 661 പോയിന്റോടെ പത്തനംതിട്ട ഉപജില്ല ജേതാക്കളായി. 654 പോയിന്റോടെ കോന്നി ഉപജില്ല രണ്ടാം സ്ഥാനവും 640 പോയിന്റോടെ മല്ലപ്പള്ളി ഉപജില്ല മൂന്നാം സ്ഥാനവും നേടി. 302 പോയിന്റ് നേടി കിടങ്ങന്നൂര്‍ എസ്‌വിജിവി എച്ച് എസ്എസ് ഒന്നാം സ്ഥാനം നേടി. 283 പോയിന്റുകളോടെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

യുപി വിഭാഗത്തില്‍ കോന്നി സബ് ജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മല്ലപ്പള്ളി സബ് ജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോന്നി സബ് ജില്ലയും വിജയികളായി.

ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ കിടങ്ങന്നൂര്‍ എസ്‌വിജിവി എച്ച്എസ് എസ് ഒന്നാം സ്ഥാനവും വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ കിടങ്ങന്നൂര്‍ എസ്‌വിജിവി എച്ച് എസ്എസ് ഒന്നാം സ്ഥാനവും വള്ളംകുളം നാഷണല്‍ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. യുപി ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും രണ്ടാം സ്ഥാനം കിടങ്ങന്നൂര്‍ എസ്‌വിജിവി എച്ച്എസ്എസും നേടി.

ഹൈസ്‌കൂള്‍ സംസ്‌കൃതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം റാന്നി എസ്‌സി എച്ച് എസ്എസും രണ്ടാം സ്ഥാനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളും കരസ്ഥമാക്കി. യു പി സംസ്‌കൃതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം തിരുമൂലപുരം യുപി സ്‌കൂളും രണ്ടാം സ്ഥാനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ അറബിക് വിഭാഗം ഒന്നാം സ്ഥാനം കോന്നി ഗവ എച്ച്എസും രണ്ടാം സ്ഥാനം ഐരവണ്‍ പിഎസ്‌വിപിഎം എച്ച്എസും നേടി. യുപി അറബിക് വിഭാഗം ഒന്നാം സ്ഥാനം പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂളും രണ്ടാം സ്ഥാനം കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളും നേടി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സമ്മാനദാനം നിര്‍വഹിച്ചു.

കലാകായിക മികവുകളെ തിരിച്ചറിഞ്ഞു പരിശീലനത്തിലൂടെ ഓരോ മേഖലയിലും മികച്ച പ്രതിഭകളാക്കി മാറ്റാനുള്ള പ്രോത്സാഹനമാണ് കലോസവങ്ങളെന്ന് തിരുമൂലപുരം എസ്എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ആന്റോ ആന്റണി എംപി പറഞ്ഞു. നിരന്തരമായ പരിശീലനം കൊണ്ട് മത്സരങ്ങള്‍ക്ക് തയാറെടുത്തവരാണ് ഓരോ വിദ്യാര്‍ഥികളും. പഠനത്തിനൊപ്പം വ്യക്തിത്വവികസനവും കൂടിയാണ് കലോല്‍സവം ലക്ഷ്യം വയ്ക്കുന്നതെന്നും എംപി പറഞ്ഞു. സമ്മാനങ്ങളേക്കാള്‍ സമര്‍പ്പണത്തിനായുള്ള ഉത്സാഹമാണ് വേണ്ടതെന്നും ഏതൊരുകലയ്ക്കും ലഭിക്കുന്ന പ്രോത്സാഹനമാണ് യുവജനോത്സവങ്ങള്‍ നല്‍കുന്ന ഉണര്‍വെന്നും മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു.

കലയും കലകാരിയും ആസ്വാദകരും സമന്വയിക്കുന്ന പൂര്‍ണ കലകാരന്മാരായി സമൂഹത്തിന് നല്ലത് ചെയ്യാന്‍ ഈ കലോത്സവദിനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രേരകമാകട്ടെയെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

 

തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. കൃഷ്ണകുമാര്‍, തിരുവല്ല നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി വട്ടശേരില്‍, കൗണ്‍സിലര്‍മാരായ ശ്രീനിവാസ് പുറയാറ്റ്, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി, ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ അശോക് കുമാര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആര്‍. സിന്ധു, തിരുവല്ല ഡിഇഒ പി.ആര്‍. പ്രസീന, എച്ച്എസ്എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. സുധ, പ്രോഗ്രാം കണ്‍വീനര്‍ ബിനു ജേക്കബ് നൈനാന്‍, റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ വി. ചാന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!