Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 26/11/2022)

ശബരിമലയില്‍ പോലീസിന്റെ രണ്ടാം ബാച്ച് ചുമതലയേറ്റു

ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ശനിയാഴ്ച ചുമതലയേറ്റു. രണ്ടാം ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. അയ്യപ്പന്‍മാരുടെ സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ (എസ്. ഒ.) ബി. കൃഷ്ണകുമാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഈ വര്‍ഷം കോവിഡിനും വെള്ളപ്പൊക്കത്തിനും മുന്നേയുള്ളത് പോലെ തിരക്ക് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര ലക്ഷത്തോളം ആളുകള്‍ വരുന്ന ദിവസങ്ങള്‍ ഉണ്ടായേക്കുമെന്നും പോലീസ് സുസജ്ജമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ടി. കെ. വിഷ്ണുപ്രതാപ് , ഒമ്പത് ഡി.വൈ.എസ്.പിമാര്‍ , 30 സി.ഐമാര്‍ , 95 എസ്.ഐ / എ.എസ്.ഐ , 1150 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1290 പോലീസുകാരെയാണ് ശബരിമലയിലെ സേവനത്തിനായി നിയോഗിച്ചത്. പത്ത് ദിവസമാണ് ശബരിമലയില്‍ പുതിയതായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചുമതല. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ. എഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.

മണ്ഡലമകരവിളക്ക്: ജില്ലയിലുടനീളം സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന

മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വ്യാപക പരിശോധന നടത്തി. റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ ഗണേശിന്റെ നേതൃത്വത്തിലുള്ള ഔട്ടസൈഡ് പമ്പ സ്‌ക്വാഡ് -5 സംഘം ജില്ലയിലെ 70 ഹോട്ടലുകളിലും 40 പച്ചക്കറി പഴവര്‍ഗക്കടകള്‍, പെട്രോള്‍ പമ്പ് എന്നിവയുള്‍പ്പെടെ മറ്റ് 70 സ്ഥാപനങ്ങളിലും പരിശോധന നടത്തി. മണ്ഡലകാലയളവില്‍ ഈടാക്കാവുന്ന വിവലവിവരപ്പട്ടിക സ്ഥാപന ഉടമകള്‍ക്ക് നല്‍കി. ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരെ മാത്രമേ ജോലിക്ക് നിര്‍ത്താവൂ എന്ന് സ്‌ക്വാഡ് നിര്‍ദ്ദേശിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിച്ചിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. എം.ആര്‍.പി വിലയില്‍ അധികം ഈടാക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പന നടത്തിയ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പിഴയിനത്തില്‍ 10000 രൂപ ഈടാക്കി. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച പന്തളത്തെ ഹോട്ടല്‍ ആര്യാിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെപ്പിച്ച് ശുചിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കോഴഞ്ചേരിയിലെ ആര്യഭവന്‍, പത്തംതിട്ടയിലെ ആനന്ദഭവന്‍ എന്നീ ഹോട്ടലുകളില്‍ അധികതുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പകര്‍ച്ചവ്യാധി പ്രതിരോധം; സന്നിധാനത്ത് ഫോഗിംഗ് നടത്തി

ശബരിമലയില്‍ കൊതുകുജന്യ രോഗപ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. സന്നിധാനത്ത് വെള്ളിയാഴ്ച ഉറവിടനശീകരണവും സ്‌പ്രേയിംഗും നടത്തി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ഇരുപാതകളിലുമുള്ള ഹോട്ടലുകള്‍, വ്യാപരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ശുചിത്വ പരിശോധന നടത്തി. കൊതുകു നിവാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് പൊലീസ് ബാരക്ക് ഏരിയയില്‍ ഫോഗിംഗ് നടത്തിയിരുന്നു. സന്നിധാനത്തെ പൊലീസ് ബാരക്കിലെ ചിക്കന്‍ ബോക്‌സ് സ്ഥിരീകരിച്ച അഞ്ച് പൊലീസുകാരെ 22ാം തീയതി തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ബാരക്ക് അണുവിമുക്തമാക്കിയിരുന്നു. ശനിയാഴ്ച വരെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ സൂചനയായി. ചിക്കന്‍പോക്‌സ് വായുജന്യരോഗമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ചരക്കുവാഹനങ്ങളിലും ഓട്ടോയിലും ശബരിമലയാത്ര പാടില്ല: മോട്ടോര്‍വാഹന വകുപ്പ്

ചരക്കുവാഹനങ്ങളിലും ഇതരജില്ലകളില്‍ നിന്നുള്ള ഓട്ടോകളിലും ശബരിമലയാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മോട്ടോര്‍വാഹന വകുപ്പ്. പെര്‍മിറ്റ് ലംഘനമായതിനാല്‍ ഇത് കുറ്റകരവുമാണ്. ഇരുചക്രവാഹനയാത്രയും പാടില്ല. ഇത്തരം യാത്രകള്‍ ഒഴിവാക്കണമെന്നും എം.വി.ഡി മുന്നറിയിപ്പ് നല്‍കി.

 

ഉറക്കം ഒഴിച്ചും, ക്ഷീണാവസ്ഥയിലുമുള്ള യാത്രകളും അപകടകരമാണ്. സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കി പൊതുയാത്രാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും വകുപ്പ് അഭ്യര്‍ഥിച്ചു. മോട്ടോര്‍വാഹന വകുപ്പിന്റെ സേഫ്‌സോണ്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 9400044991, 9562318181

ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കി നൃത്തഅരങ്ങേറ്റം

കഥകളി – ഭരതനാട്യം ജുഗല്‍ ബന്ദിയും തില്ലാനയുമെല്ലാമായി ശബരീശ സന്നിധിയില്‍ നൃത്തച്ചുവടുകളുമായി കുമളി അമൃത നൃത്ത കലാഭവനിലെ വിദ്യാര്‍ത്ഥികള്‍ അരങ്ങും കാഴ്ചക്കാരുടെ മനസ്സും കവര്‍ന്നു. അമൃത നൃത്ത കലാഭവനിലെ ഏഴ് കുട്ടി നര്‍ത്തകരുടെ അരങ്ങേറ്റവും നാല് യുവ നര്‍ത്തകരുടെ നൃത്തച്ചുവടുകളും സന്നിധാനത്തെ അരങ്ങുണര്‍ത്തി. കഥകളി സംഗീതത്തിനും മേളങ്ങള്‍ക്കുമൊപ്പം കഥകളി അവതരിപ്പിച്ച കലാമണ്ഡലം പ്രസാദ്, യുവ കലാകാരന്മാരോടൊപ്പം ജുഗല്‍ ബന്ദിയുടെ ഭാഗമാവുകയും ചെയ്തു. ആര്‍. എല്‍. വി. ഉണ്ണികൃഷ്ണന്‍, വിഷ്ണു, അരുണ്‍ രാമചന്ദ്രന്‍, ആനന്ദ് എന്നീ യുവനര്‍ത്തകരും വാനതി, സിതാര, വാഷ്ണവി, അനാമിക, കപിന്‍, അമയ, ബെനിറ്റ എന്നീ കൊച്ചു നര്‍ത്തകരും ചുവട് വെച്ചു. ജയന്‍ പെരുമ്പാവൂര്‍ ആലാപനം, സുനില്‍ എസ്. പണിക്കര്‍ മൃദംഗം, അടൂര്‍ ശിവജി വയലിന്‍, ശാന്താ മേനോന്‍ ഇലത്താളം എന്നിവരായിരുന്നു പിന്നണി.

കലാമണ്ഡലം പ്രസാദ് അവതരിപ്പിച്ച കഥകളി
error: Content is protected !!