konnivartha.com : 30 വർഷം മുമ്പ് കിണർ കുഴിക്കാൻ ഇറങ്ങിയതാണ് അടൂർ ചൂരക്കോട് അയ്യൻകോയിക്കൽ ചരുവിള കിഴക്കേതിൽ കുഞ്ഞുപെണ്ണ്. 75-ാം വയസ്സിലും ആ ജോലി തുടരുന്നു. ഇതുവരെ കുഴിച്ചത് 1000 കിണറുകൾ.
വനിതകള്‍ പൊതുവേ ചെയ്യാറില്ലാത്ത ജോലിയാണിത്. ഏകമകൻ കിഷോറിന് ഒരു വയസ്സുള്ളപ്പോഴാണ് ഈ ജോലി തുടങ്ങുന്നത്. ദാമ്പത്യബന്ധം അവസാനിച്ചതിനെത്തുടർന്നാണ് ജീവിക്കാനായി കിണർനിർമാണം തുടങ്ങുന്നത്. ആദ്യം മൈക്കാടുപണിയായിരുന്നു.അതിനിടെയാണ്, സമീപത്തെ വീട്ടിൽ കിണർ കുഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജോലിക്കായി അവിടേക്ക് ചെന്ന കുഞ്ഞുപെണ്ണിനെ ചിലർ കളിയാക്കി. കിണർ കുഴിക്കുന്നിടത്ത് സ്ത്രീകൾ വരാൻ പാടില്ലെന്ന് പറഞ്ഞെന്നും കുഞ്ഞുപെണ്ണ് ഓർക്കുന്നു. അവിടെയുള്ള ജോലിക്കാർ പോയിക്കഴിഞ്ഞപ്പോൾ കിണറിന് സമീപംചെന്ന് കാര്യങ്ങൾ മനസ്സിലാക്കി. കിണറിനുസമീപം വെച്ചിരുന്ന തോത് നോക്കി അളവുംമറ്റും പഠിച്ചു.
ആ പഠനം ജീവിതത്തെ കൈപിടിച്ച് ഉയര്‍ത്തി . ഒരു പള്ളിവികാരിയുടെ വീട്ടിൽ ആദ്യത്തെ കിണർ കുഴിച്ചു. പിന്നീട് അടൂരിലും പരിസരത്തും പത്തനംതിട്ട ജില്ലയ്ക്കുപുറത്തും കിണറുകൾ കുഴിച്ചു. 70 അടി താഴ്ചയിൽ 38 തൊടിയുള്ള കിണർവരെ കുഴിച്ചെന്ന് അവർ പറയുന്നു.വടക്കടത്തുകാവ് ഓട്ടോസ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മകൻ കിഷോറും കിണർ കുഴിക്കാൻ ചിലപ്പോൾ സഹായിക്കും. കിണറിന് സ്ഥാനം കാണുന്നതുമുതൽ എല്ലാ ജോലികളും ഇവർ ചെയ്യുന്നു. കിണറ്റിൽ ഇറങ്ങി കുഴികുത്തുന്നത് അമ്മയാണെന്ന് കിഷോർ പറയുന്നു. 75-ാം വയസ്സിലും ഒരു ശാരീരികപ്രശ്നവും കുഞ്ഞുപെണ്ണിനില്ല.
phone : +91 97459 49684