Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കി പോലീസിന്റെ ഗാനാര്‍ച്ചന

ശബരിമല സന്നിധാനം ഡ്യൂട്ടിയിലുള്ള കേരള പോലീസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ സന്നിധാനം മണ്ഡപത്തില്‍ നടത്തിയ ഭക്തിഗാന അര്‍ച്ചന ശബരിമലയെ ഭക്തിസാന്ദ്രമാക്കി. സന്നിധാനം എ.എസ്.ഒ ( അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ) ബി. വിനോദ് ഭക്തിഗാന അര്‍ച്ചന ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എസ്.ഐ. സൈബു കുമാറിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങുന്ന പോലീസ് സംഘമാണ് ഭക്തിഗാനങ്ങള്‍ ആലപിച്ചത്. ശബരിമല സന്നിധാനത്ത് വര്‍ഷങ്ങളായി പോലീസ് ഉദ്യോഗസ്ഥര്‍ ഭക്തിഗാന അര്‍ച്ചന നടത്തിവരുന്നു.

പരിസ്ഥിതിയെ പരിരക്ഷിച്ച് ശബരിമലയെ മാതൃകാ തീര്‍ഥാടന
കേന്ദ്രമാക്കി മാറ്റണം: നിയമസഭയുടെ പരിസ്ഥിതി സമിതി

പരിസ്ഥിതിയെ പരിരക്ഷിച്ച് മികച്ച മാസ്റ്റര്‍പ്ലാനോടെ ശബരിമലയെ മാതൃകാ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ.കെ. വിജയന്‍ എംഎല്‍എ പറഞ്ഞു.  നിയമസഭാ പരിസ്ഥിതി സമിതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പമ്പയില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ വായുമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഇവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ തരത്തിലുള്ള മാസ്റ്റര്‍പ്ലാനാണ് തയാറാക്കേണ്ടത്.

പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്ന സംഭവങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. പ്ലാസ്റ്റിക് കുപ്പി പ്രശ്നം പരിഹരിക്കാന്‍ ശബരിമലയില്‍ ശുദ്ധജലവിതരണത്തിനുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. നിലവില്‍ മാലിന്യസംസ്‌കരണത്തിനായി ഇന്‍സിനറേറ്ററുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, സീവേജ് പ്ലാന്റുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിലവില്‍ കുറവാണ്.

വനം – വന്യ ജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി തീര്‍ഥാടകര്‍ക്ക് ബോധവത്ക്കരണം നല്‍കുന്നുണ്ട്. മാത്രമല്ല, കാനനപാതയിലെ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വകുപ്പ് തയാറാക്കുന്ന മൊബൈല്‍ ആപ്പ് വഴിയും ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അവബോധം നല്‍കും. തീര്‍ഥാടന പാതയിലെ കടകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹരിതകര്‍മ്മ സേന, ഇക്കോ ഗാര്‍ഡുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാണ്.

ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്നത് കണക്കിലെടുത്ത് പമ്പാനദിയിലെ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള നടപടികളും മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് പാര്‍ക്കിംഗിന് പദ്ധതി തയാറാക്കി നടപ്പാക്കണം.
പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാമത് റിപ്പോര്‍ട്ടില്‍ നാല്‍പ്പത്തിയൊന്ന് ശുപാര്‍ശകളായിരുന്നു ഉള്‍പ്പെടുത്തിയത്. അതില്‍ സൂചിപ്പിച്ച നടപടികളുടെ പുരോഗതി സമിതി വിലയിരുത്തി.

 

വിവിധ വകുപ്പുകളില്‍ നിന്ന് ലഭിച്ച മറുപടികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. വരും വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കും. അതിന് അനുസരിച്ച് ഈ പ്രദേശത്തെ വളര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്വമുണ്ട്. ആ ലക്ഷ്യം മുന്നില്‍ കണ്ടുള്ള നടപടികളാണ് ആവിഷ്‌ക്കരിക്കേണ്ടത്. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. ഇനിയും തുടരേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശ കൂടി ചേര്‍ത്ത് ശബരിമലയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് തുടര്‍നടപടി സ്വീകരിക്കണമെന്നും നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍ പറഞ്ഞു.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ നിലവിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം സമിതി വിലയിരുത്തി. നിലയ്ക്കല്‍-പമ്പ പാതയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയതിലെ പുരോഗതി വിലയിരുത്തി.

പമ്പാ നദീതീര സംരക്ഷണത്തിനായി ജില്ലാ ഭരണകേന്ദ്രം, ജില്ലാ പഞ്ചായത്ത്, ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കി വരുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
നിയമസഭാ പരിസ്ഥിതി സമിതി അംഗങ്ങളായ ടി.ഐ. മധുസൂദനന്‍ എംഎല്‍എ, ലിന്റോ ജോസഫ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, നിലയ്ക്കല്‍ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം. ഹേമലത,   തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി, ശബരിമല എഡിഎം ടി.ജി. ഗോപകുമാര്‍, നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് ശ്രീകുമാര്‍,  നിയമസഭ സെക്ഷന്‍ ഓഫീസര്‍ ബി. ശ്രീകുമാര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പി. അനുമോന്‍, സെലക്ഷന്‍ ഗ്രേഡ് റിപ്പോര്‍ട്ടര്‍ എ. ഷീബ, അറ്റന്‍ഡന്റ് എന്‍. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിലയ്ക്കല്‍ ബേസ് ക്യാമ്പ് നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി എത്തിയ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി സ്ഥിതി വിലയിരുത്തി. ഇ.കെ. വിജയന്‍ എംഎല്‍എ ചെയര്‍മാനായസമിതിയാണ് നിലയ്ക്കലില്‍ പരിശോധന നടത്തിയത്. നിലയ്ക്കല്‍ ഇന്‍സിനറേറ്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ സമിതി പരിശോധന നടത്തി.

മാലിന്യ ശേഖരണം, സംസ്‌കരണം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണം, കുടിവെള്ള വിതരണം തുടങ്ങിയവയ്ക്കായി നിലവില്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സമിതിക്കു വിശദീകരിച്ചു നല്‍കി.

സമിതി അംഗങ്ങളായ ടി. ഐ. മധുസൂധനന്‍ എംഎല്‍എ, ലിന്റോ ജോസഫ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, നിലയ്ക്കല്‍ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം. ഹേമലത,  റാന്നിഡിഎഫ്ഒജയകുമാര്‍ ശര്‍മ്മ, ശബരിമല എഡിഎം ടി.ജി. ഗോപകുമാര്‍, നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് ശ്രീകുമാര്‍, നിയമസഭ സെക്ഷന്‍ ഓഫീസര്‍ ബി. ശ്രീകുമാര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പി. അനുമോന്‍, സെക്ഷന്‍ ഗ്രേഡ് റിപ്പോര്‍ട്ടര്‍ എ. ഷീബ, ഓഫീസ് അറ്റന്‍ഡന്റ് എന്‍. രാജന്‍,  വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിയമസഭാ പരിസ്ഥിതി സമിതി അംഗം ടി ഐ മധുസൂദനൻ എം എൽ എ ശബരിമല മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയെ സന്ദർശിക്കുന്നു

error: Content is protected !!