വാളകത്തിനാല്‍ തരിശ് പാടത്ത് ഇനി നെല്ലു വിളയും; വിത്ത് വിതച്ച് ഡെപ്യൂട്ടി സ്പീക്കര്‍
വാളകത്തിനാല്‍ പാടത്ത് തരിശുകിടന്ന പന്ത്രണ്ടര ഏക്കര്‍ പച്ച പുതയ്ക്കുന്നു
വാളകത്തിനാല്‍ പുഞ്ചയില്‍ 39 വര്‍ഷമായി തരിശുകിടന്ന പന്ത്രണ്ടര ഏക്കര്‍ ഇനി പച്ചപുതയ്ക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിത്ത് വിതച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകര്‍ നാടിന്റെ മുതല്‍ക്കൂട്ടാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ വാളകത്തിനാല്‍ പുഞ്ച കരിങ്ങാലിയുടെ മുകളിലേ അറ്റത്തുള്ള പാടങ്ങളിലൊന്നാണ്.കൃഷി നഷ്ടമായതോടെ കര്‍ഷകര്‍ പിന്‍വാങ്ങിത്തുടങ്ങിയപ്പോള്‍ തരിശായിപ്പോയ പാടമാണ് വാളകത്തിനാല്‍. ഈ പാടത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം തരിശുരഹിതമായെങ്കിലും പന്ത്രണ്ടര ഏക്കര്‍ ഭാഗം ആരും കൃഷി ചെയ്യാതെ പുല്ലും പായലും പോളയും നിറഞ്ഞ് കിടക്കുകയായിരുന്നു.
തരിശുനില കൃഷി പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ സഹായത്തോടെയാണ് കര്‍ഷകരായ അമ്പലം നില്‍ക്കുന്നതില്‍ മധുസൂദനന്‍ നായര്‍, രാജേന്ദ്രന്‍ തേക്കുനില്‍ക്കുന്നതില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃഷി ഇറക്കുന്നത്.
പരമ്പരാഗത കൃഷിരീതി പരീക്ഷിക്കുക കൂടിയാണ് ഇവിടെ ചെയ്തത്. കൂടുതല്‍ സ്ഥലമുള്ളതിനാലും പൂട്ടുകാളയെ കിട്ടാത്തതിനാലും നിലം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതെങ്കിലും നിലം ഒരുക്കാന്‍ മരമടി നടത്തിയത് പരമ്പരാഗത രീതിയില്‍ കാളയെ ഉപയോഗിച്ചാണ്. വര്‍ഷങ്ങളായി തരിശുകിടന്ന പാടമായതിനാല്‍ നിലം ഒരുക്കാന്‍തന്നെ വളരെ ബുദ്ധിമുട്ടി. കാലാവസ്ഥ അനുകൂലമായാല്‍ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പാടം കൃഷിയോഗ്യമാക്കുന്നതിന് മൂന്നര ലക്ഷത്തോളം രൂപയാണ് ചെലവായത്.
കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, കൃഷി അസിസ്റ്റന്റ് ശാരി ശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തി. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ യു. രമ്യ കൗണ്‍സിലര്‍മാരായ പന്തളം മഹേഷ്, കെ. ആര്‍. രവി, രാധാ വിജയകുമാര്‍, ബെന്നി മാത്യു, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, കൃഷി അസിസ്റ്റന്റ് ശാരിശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.