Trending Now

വൃശ്ചിക പുലരിയില്‍ അയ്യനെ കണ്ട് ആയിരങ്ങള്‍

konnivartha.com : മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ച്  വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി എത്തിയത് ആയിരക്കണക്കിന് അയ്യപ്പന്മാര്‍. ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയിട്ടുള്ളത്. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാര്‍ക്കൊപ്പമുണ്ട്. സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

പുലര്‍ച്ചെ മൂന്നു മണിക്കു നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു.രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തി മനം നിറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്.

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും കടല കറിയും ചെറു ചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പോലീസിന്റെ  സുരക്ഷാ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്. പോലീസിന്റെ മികച്ച ക്രമീകരണം മൂലം ദര്‍ശനത്തിനായി അധികസമയം തീര്‍ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നില്ല.

 

ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ച് നെയ്യ് അഭിഷേകവും നടത്തിയാണ് അയ്യപ്പന്മാര്‍ മടങ്ങുന്നത്. അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കിയതും തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. മലകയറി വരുന്ന തീര്‍ഥാടകര്‍ക്ക് വിവിധ സ്ഥലങ്ങളിലായി ചെറു ചൂടുള്ള ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നതിനും ദേവസ്വം ബോര്‍ഡ് മികച്ച ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ വിരിവയ്ക്കുന്നതിനും വാഹന പാര്‍ക്കിംഗിനും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ഥാടകര്‍ക്ക് ഏറെ ഗുണകരമായി മാറിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി ആവശ്യത്തിന് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

error: Content is protected !!