Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 16/11/2022)

നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍   ഡെപ്യൂട്ടേഷന്‍ നിയമനം

 

വിഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള തിരുവനന്തപുരത്തെ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ കരിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) പേ ലെവല്‍ 5 (29,200 രൂപ മുതല്‍ 92,300 രൂപ) തസ്തികയിലെ ഒരു ഒഴിവ് ഡെപ്യൂട്ടേഷന്‍ അല്ലെങ്കിൽ അബ്‌സോർപ്ഷൻ അടിസ്ഥാനത്തിൽ റിക്രൂട്ട്‌മെന്റ് റൂള്‍ പ്രകാരം നികത്തുന്നു.

സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, വിഭിന്നശേഷി പഠനം എന്നിവയില്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദാനന്തര ബിരുദമുളള കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളില്‍ സ്ഥിരജോലിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷക്കുന്നവർ 56 വയസ് കവിയാന്‍ പാടില്ല. വിഭിന്നശേഷി മേഖലയില്‍ തൊഴിൽ,  സോഷ്യല്‍ വര്‍ക്ക്, വൊക്കോഷണല്‍ ഗൈഡന്‍സ് എന്നിവയില്‍ മൂന്നു വര്‍ഷത്തെ പരിചയം അഭിലഷണീയ യോഗ്യതയാണ്. യോഗ്യരായവര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 5 വര്‍ഷത്തെ  അപാര്‍ രേഖ, വിജിലന്‍സ് ക്ലിയറന്‍സ് എന്നിവ സഹിതം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് എംപ്ലോയിമെന്റ് നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ്, (ഗവ. ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ലാബര്‍ &  എംപ്ലോയ്‌മെന്റ്, നാലാഞ്ചിറ, പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ 2022 നവംബര്‍ 25 നകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക്  0471-2531175/ 2530371 എന്ന നമ്പറിലോ  vrctvm@hub.nic.in.എന്ന ഇ മെയിലിലോ ബന്ധപ്പെടാം

മിസോറാമിലെ കല്ല് ക്വാറി ദുരന്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
ദുരിതബാധിതർക്ക് പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു
ന്യൂഡൽഹി നവംബര്‍ 16, 2022
മിസോറാമിലെ കല്ല് ക്വാറി തകർച്ചയിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) ദുരിതബാധിതർക്ക് ധനസഹായവും ശ്രീ മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
മിസോറാമിലെ ദാരുണമായ കല്ല് ക്വാറി ദുരന്തത്തിൽ  തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ.  മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ  സഹായധനം  നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം  രൂപയും  നൽകും : പ്രധാനമന്ത്രി “
ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കണ്ടൽക്കാടുകൾ സന്ദർശിച്ചു.
ന്യൂഡൽഹി നവംബര്‍ 16, 2022
ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മറ്റ് ജി-20 നേതാക്കളും ഇന്ന്   ‘തമാൻ ഹുതൻ രായ എൻഗുറാ റായ്’ കണ്ടൽക്കാടുകളിൽ  സന്ദർശിച്ചു.
ആഗോള സംരക്ഷണ പ്രവർത്തനങ്ങളിൽ കണ്ടൽക്കാടുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്തോനേഷ്യൻ ജി-20 പ്രസിഡൻസിക്ക് കീഴിലുള്ള ഇന്തോനേഷ്യയുടെയും യുഎഇയുടെയും സംയുക്ത സംരംഭമായ മംഗ്രോവ്  അലയൻസ് ഫോർ ക്ലൈമറ്റിൽ (എംഎസി) ഇന്ത്യ ചേർന്നിട്ടുണ്ട്.
ഇന്ത്യയിൽ 5000 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന 50-ലധികം കണ്ടൽ ഇനങ്ങളെ കാണാം. ജൈവവൈവിധ്യത്തിന്റെ സമ്പന്നമായ ഇടങ്ങളും ഫലപ്രദമായ കാർബൺ സിങ്കുകളായി വർത്തിക്കുന്നതുമായ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ഇന്ത്യ ഊന്നൽ നൽകുന്നു.
ബംഗളൂരു ടെക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
“എല്ലാമുൾക്കൊള്ളുന്നതും നൂതനവുമായ നഗരമാണു ബംഗളൂരു; സാങ്കേതികവിദ്യയുടെയും ആശയസാരഥ്യത്തിന്റെയും ആലയവും”
“ഇന്ത്യയുടെ നൂതനയുവത്വത്താലും, സാങ്കേതികവിദ്യ പ്രാപ്തമാക്കൽ മെച്ചപ്പെടുന്നതിനാലും ഭാവി വളരെ വലുതായിരിക്കും”
, സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തിയാണു സാങ്കേതികവിദ്യ”
“ഏകോപനത്തിന്റെ പിന്തുണയുള്ള നവീകരണം കരുത്തായി മാറുന്നു”
“ചുവപ്പുനാടയുടെ പേരിൽ അറിയപ്പെടുന്ന നാടല്ല ഇപ്പോൾ ഇന്ത്യ. നിക്ഷേപകർക്കു ചുവന്ന പരവതാനി വിരിക്കുന്നതിനു പേരുകേട്ട നാടാണിത്”
ന്യൂഡൽഹി നവംബര്‍ 16, 2022
നൂതനാശയങ്ങളോടെയെത്തുന്ന ഇന്ത്യയിലെ യുവാക്കൾ സാങ്കേതികമികവും കഴിവുറ്റതുമായ ആഗോളവൽക്കരണം ഉറപ്പാക്കിയിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇന്ത്യയിൽ, സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തിയാണു സാങ്കേതികവിദ്യ” – അദ്ദേഹം പറഞ്ഞു. ബംഗളൂരു ടെക് ഉച്ചകോടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാമുൾക്കൊള്ളുന്നതും നൂതനവുമായ നഗരമാണു ബംഗളൂരുവെന്നും സാങ്കേതികവിദ്യയുടെയും ആശയസാരഥ്യത്തിന്റെയും ആലയമാണിതെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. വർഷങ്ങളായി, ഇന്ത്യയുടെ നൂതനാശയങ്ങളുടെ സൂചികയിൽ ബംഗളൂരു ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സാങ്കേതികവിദ്യയും നൂതനാശയങ്ങളും ഇതിനോടകം ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. എങ്കിലും, ഇന്ത്യയുടെ നൂതനയുവത്വത്താലും, സാങ്കേതികവിദ്യ പ്രാപ്തമാക്കൽ മെച്ചപ്പെടുന്നതിനാലും ഭാവി വളരെ വലുതായിരിക്കും. ഇന്ത്യയിലെ യുവാക്കൾ സാങ്കേതിക ആഗോളവൽക്കരണവും  പ്രതിഭയുടെ ആഗോളവൽക്കരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ആഗോളനന്മയ്ക്കായി ഞങ്ങൾ ഞങ്ങളുടെ കഴിവുകൾ വിനിയോഗിക്കുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു.
ആഗോള നവീകരണ സൂചികയിൽ 2015ൽ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 40-ാം സ്ഥാനത്തേക്കു കുതിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2021 മുതൽ ഇന്ത്യയിലെ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. 81,000 അംഗീകൃത സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ പ്രതിഭാസ്രോതസ്, നൂറുകണക്കിന് അന്താരാഷ്ട്ര കമ്പനികളെ അവരുടെ ഗവേഷണ-വികസന കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രചോദനമേകുന്നു.
ഇന്ത്യയിലെ യുവാക്കളിൽ സാങ്കേതികപ്രാപ്യത വർധിച്ചുവരുന്നതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തു നടക്കുന്ന മൊബൈൽ, ഡാറ്റ വിപ്ലവത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി. കഴിഞ്ഞ 8 വർഷത്തിനിടെ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ 60 ദശലക്ഷത്തിൽനിന്ന് 810 ദശലക്ഷമായി ഉയർന്നു. സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ 150 ദശലക്ഷത്തിൽനിന്ന് 750 ദശലക്ഷമായി. നഗരപ്രദേശങ്ങളെ അപേക്ഷിച്ചു ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റിന്റെ വളർച്ച വേഗത്തിലാണ്. “ഇൻഫർമേഷൻ സൂപ്പർ-ഹൈവേയുമായി പുതിയൊരു ജനസമൂഹം ബന്ധപ്പെടുന്നു”- ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലെ സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിൽ മാനുഷികസ്പർശം എങ്ങനെ കൊണ്ടുവരാമെന്നും ഇന്ത്യ തെളിയിച്ചിട്ടുണ്ട്. “ഇന്ത്യയിൽ, സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തിയാണു സാങ്കേതികവിദ്യ”- അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാപദ്ധതിയായ ആയുഷ്മാൻ ഭാരത് 200 ദശലക്ഷം കുടുംബങ്ങൾക്ക്, അതായത് 600 ദശലക്ഷംപേർക്ക്, സുരക്ഷാവലയൊരുക്കുന്നതും സാങ്കേതികതലത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പുയജ്ഞമായ കോവിഡ് പ്രതിരോധകുത്തിവയ്പുയജ്ഞവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖലയിൽനിന്നുള്ള ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 10 ദശലക്ഷത്തിലധികം വിജയകരമായ ഓൺലൈൻ, സൗജന്യ ഓപ്പൺ കോഴ്സുകളുടെ ഏറ്റവും വലിയ ഓൺലൈൻ ശേഖരമാണു രാജ്യത്തുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാമാരിക്കാലത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ, ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകൾ പാവപ്പെട്ട വിദ്യാർഥികളെ സഹായിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
ദാരിദ്ര്യത്തിനെതിരായ യുദ്ധത്തിൽ ഇന്ത്യ സാങ്കേതികവിദ്യയെ ആയുധമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിർധനസൗഹൃദ നടപടികളെക്കുറിച്ചു വിശദീകരിക്കാൻ സ്വാമിത്വ പദ്ധതിക്കും ജൻധൻ-ആധാർ-മൊബൈൽ (ജെഎഎം) ത്രയത്തിനുമായി ഡ്രോണുകൾ ഉപയോഗിച്ചതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സ്വാമിത്വ പദ്ധതി ഭൂസ്വത്തുക്കൾ രേഖപ്പെടുത്തുന്നതിൽ ആധികാരികത കൊണ്ടുവരികയും പാവപ്പെട്ടവർക്കു വായ്പകൾ പ്രാപ്യമാക്കുകയും ചെയ്തു. ജെഎഎം നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ഉറപ്പാക്കുകയും നിരവധി ക്ഷേമപദ്ധതികളുടെ നട്ടെല്ലായി മാറുകയുംചെയ്തു- പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് നടത്തുന്ന വിജയകരമായ ഇ-വാണിജ്യവേദിയായ ജിഇഎമ്മിനെക്കുറ‌ിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. “വലിയ ഉപഭോക്താവിനെ കണ്ടെത്താൻ ചെറുകിട വ്യവസായങ്ങളെ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം, ഇത് അഴിമതിക്കുള്ള സാധ്യതയും കുറച്ചു. അതുപോലെ, സാങ്കേതികവിദ്യ ഓൺലൈൻ പണമിടപാടുകളെയും സഹായിച്ചു. ഇതു പദ്ധതികൾക്കു വേഗംപകരുകയും സുതാര്യത വർധിപ്പിക്കുകയുംചെയ്തു. കഴിഞ്ഞ വർഷം ഇത് ഒരു ട്രില്യൺരൂപയുടെ സംഭരണമൂല്യത്തിലെത്തി”- ജിഇഎമ്മിന്റെ മുന്നേറ്റം ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു.
പ്രതിബന്ധങ്ങൾ നീക്കംചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “നവീകരണം പ്രധാനമാണ്. എന്നാൽ ഏകോപനത്തിന്റെ പിന്തുണയോടെയേ അതു ശക്തിയായി മാറൂ. പ്രതിബന്ധങ്ങൾ അവസാനിപ്പിക്കാനും കൂട്ടായപ്രവർത്തനങ്ങൾ സജ്ജമാക്കാനും സേവനമുറപ്പാക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൂട്ടായ പ്രവർത്തനവേദിയിൽ പ്രതിബന്ധങ്ങളൊന്നുമുണ്ടാകില്ല”- പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധത‌ി ഉദാഹരണമാക്കി, അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യ 100 ട്രില്യൺ രൂപ അടിസ്ഥാനസൗകര്യമേഖലയിൽ നിക്ഷേപിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനവേദിയായ ഗതിശക്തി ഉപയോഗിച്ചു കേന്ദ്രഗവണ്മെന്റിനും സംസ്ഥാന ഗവണ്മെന്റുകൾക്കും ജില്ലാ ഭരണസംവിധാനങ്ങൾക്കും വിവിധ വകുപ്പുകൾക്കും ഏകോപനത്തോടെ പ്രവർത്തിക്കാനാകും. പദ്ധതികൾ, ഭൂവിനിയോഗം, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരിടത്തു ലഭ്യമാകും. അതിനാൽ, ഓരോ പങ്കാളിക്കും ഒരേ വിവരങ്ങൾ അറിയാനാകും. ഇത് ഏകോപനം മെച്ചപ്പെടുത്തുകയും പ്രതിബന്ധങ്ങൾ ഉണ്ടാകുന്നതിനുമുമ്പു പരിഹരിക്കുകയും ചെയ്യുന്നു. ഇത് അംഗീകാരങ്ങളും അനുമതികളും വേഗത്തിലാക്കുന്നു- അദ്ദേഹം പറഞ്ഞു.
ചുവപ്പുനാടയുടെ പേരിൽ അറിയപ്പെടുന്ന നാടല്ല ഇപ്പോൾ ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപകർക്കു ചുവന്ന പരവതാനി വിരിക്കുന്നതിനു പേരുകേട്ട നാടാണിത്. “എഫ്‌ഡിഐ പരിഷ്കരണങ്ങളാകട്ടെ, ഡ്രോൺ നിയമങ്ങളുടെ ഉദാരവൽക്കരണമാകട്ടെ, സെമികണ്ടക്ടർ മേഖലയിലെ ചുവടുകളോ വിവിധ മേഖലകളിലെ ഉൽപ്പാദന ആനുകൂല്യപദ്ധതികളോ വ്യവസായനടത്തിപ്പു സുഗമമാക്കമലോ ആകട്ടെ, ഇന്ത്യയിൽ നിരവധി മികച്ച ഘടകങ്ങൾ ഒത്തുചേരുന്നു”- അദ്ദേഹം പറഞ്ഞു. ഒരഭ്യർഥനയോടെയാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്. “നിങ്ങളുടെ നിക്ഷേപത്തിനും ഞങ്ങളുടെ നവീകരണത്തിനും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നിങ്ങളുടെ വിശ്വാസത്തിനും ഞങ്ങളുടെ സാങ്കേതികകഴിവുകൾക്കും കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. ലോകത്തെ അതിന്റെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനു നാം മുന്നിൽനിന്നു നയിക്കുമ്പോൾ, ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ നിങ്ങളെയേവരെയും ക്ഷണിക്കുന്നു”- അദ്ദേഹം ഉപസംഹരിച്ചു.
ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ ജർമ്മൻ ചാൻസലറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹി നവംബര്‍ 16, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ജർമ്മനിയുടെ ചാൻസലർ   ഒലാഫ് ഷോൾസുമായി  ഇന്ന് ബാലിയിൽ  ജി-20 ഉച്ചകോടിക്കിടെ  കൂടിക്കാഴ്ച നടത്തി.
ഈ വർഷം  ഇരു നേതാക്കലും  തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.  ആറാമത് ഇന്ത്യ-ജർമ്മനി അന്തർ-ഗവൺമെൻറ് കൂടിയാലോചനകൾക്കായി  2022 മെയ് 2-ന് പ്രധാനമന്ത്രി ബെർലിൻ സന്ദർശിച്ച സമയത്താണ് മുൻ യോഗങ്ങൾ നടന്നത്.  തുടർന്ന് ചാൻസലർ ഷോൾസിന്റെ ക്ഷണപ്രകാരം ജി 7 ഉച്ചകോടിയുടെ പങ്കാളി രാജ്യമെന്ന നിലയിൽ ജർമ്മനിയിലെ ഷ്ലോസ് എൽമാവുവിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശന വേളയിലും.
അന്തർ-ഗവൺമെൻറ് കൂടിയാലോചനകൾ  മുഖേന  പ്രധാനമന്ത്രിയും ചാൻസലറും ചേർന്ന് ഹരിതവും സുസ്ഥിരവുമായ വികസനം സംബന്ധിച്ച പങ്കാളിത്തത്തിൽ ഒപ്പുവെച്ചതോടെ പുതിയ ഘട്ടത്തിലേക്ക് കടന്ന ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിശാലമായ ശ്രേണിയെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാനും പ്രതിരോധം, സുരക്ഷ, കുടിയേറ്റം, മൊബിലിറ്റി, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ വർധിപ്പിക്കാനും അവർ സമ്മതിച്ചു.
ജി20, യുഎൻ എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിൽ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കാനും  ഇരു നേതാക്കളും തമ്മിൽ  ധാരണയായി .
ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ ഫ്രാൻസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി നവംബര്‍ 16, 2022
 ജി-20 ഉച്ചകോടിയിൽ  ഇന്ന്  ഉച്ചഭക്ഷണത്തിനിടെ  ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി    ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.
പ്രതിരോധം, സിവിൽ ആണവ, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു. സാമ്പത്തിക ഇടപഴകലിന്റെ പുതിയ മേഖലകളിലെ സഹകരണത്തിന്റെ ആഴം കൂട്ടുന്നതിനെയും അവർ സ്വാഗതം ചെയ്തു.
പരസ്പര താൽപര്യമുള്ള മേഖലാ , ആഗോള വിഷയങ്ങളും ചർച്ച ചെയ്തു.
ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ സിംഗപ്പൂർ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി നവംബര്‍ 16, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂർ പ്രധാനമന്ത്രി .ശ്രീ.  ലീ സിയാൻ ലൂങ്ങുമായി  ഇന്ന് ബാലിയിൽ  ജി-20 ഉച്ചകോടിക്കിടെ  കൂടിക്കാഴ്ച്ച  നടത്തി.  കഴിഞ്ഞ വർഷം റോമിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ലീയുമായുള്ള കൂടിക്കാഴ്ച അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ശക്തമായ തന്ത്രപരമായ പങ്കാളിത്തവും 2022 സെപ്തംബറിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല റൗണ്ട് ടേബിളിന്റെ ഉദ്ഘാടന സമ്മേളനം ഉൾപ്പെടെയുള്ള ഉന്നതതല മന്ത്രിമാരുടെയും സ്ഥാപനപരവുമായ ഇടപെടലുകളും ഇരു പ്രധാനമന്ത്രിമാരും എടുത്തു പറഞ്ഞു.
ഫിൻടെക്, പുനരുപയോഗ ഊർജം, നൈപുണ്യ വികസനം, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്  തുടങ്ങിയ  മേഖലകളിൽ   ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം കൂടുതൽ വിപുലീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. ഹരിത സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യം  ഡിജിറ്റലൈസേഷൻ തുടങ്ങി വിവിധ മേഖലകളിൽ നിക്ഷേപം നടത്താനും ഇന്ത്യയുടെ ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്‌ലൈൻ, ആസ്തി പനമാക്കൽ പദ്ധതി , ഗതി ശക്തി പദ്ധതി എന്നിവ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി സിംഗപ്പൂരിനെ ക്ഷണിച്ചു.
സമീപകാല ആഗോള-മേഖലാ  സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൽ  സിംഗപ്പൂരിന്റെ പങ്കിനെയും 2021-2024 വരെയുള്ള ആസിയാൻ-ഇന്ത്യ ബന്ധങ്ങളുടെ കൺട്രി കോ-ഓർഡിനേറ്റർ എന്ന നിലയിലുള്ള പങ്കിനെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇന്ത്യ-ആസിയാൻ ബഹുമുഖ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ ആഗ്രഹം ഇരു നേതാക്കളും ആവർത്തിച്ചു.
പ്രധാനമന്ത്രി ലീക്ക് ഭാവി ആശംസകൾ അറിയിക്കുകയും അടുത്ത വർഷം നടക്കുന്ന ജി-20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.
ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹി നവംബര്‍ 16, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ബാലിയിൽ  ജി-20 ഉച്ചകോടിയ്ക്കിടെ  ഇന്ന്  ഇറ്റാലിയൻ പ്രധാനമന്ത്രി  ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി .
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വ്യാപാരം, നിക്ഷേപം, ഭീകരവാദം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇരു നേതാക്കളും പരസ്പര താൽപ്പര്യമുള്ള മേഖലാ , ആഗോള വിഷയങ്ങളെക്കുറിച്ചും വീക്ഷണങ്ങൾ കൈമാറി.
ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനും ഇരു നേതാക്കളും  തമ്മിൽ ധാരണയായി  അടുത്ത വർഷം ജി-20 ഉച്ചകോടിക്കായി  പ്രധാനമന്ത്രി മോദി  പ്രധാനമന്ത്രി മെലോണിയെ ഇന്ത്യയിലേയ്ക്ക്  സ്വാഗതം ചെയ്തു .
ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
ന്യൂഡൽഹി നവംബര്‍ 16, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി  ആന്റണി അൽബനീസുമായി ബാലിയിൽ  ജി-20 ഉച്ചകോടിക്കിടെ ഇന്ന്  കൂടിക്കാഴ്ച നടത്തി.
സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മികച്ച അവസ്ഥയിലും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ സ്ഥിരമായി നടക്കുന്ന ഉന്നതതല ഇടപെടലുകളിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം, ശുദ്ധ ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിൽ കൈവരിച്ച പുരോഗതി അവർ അവലോകനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്ഥാപന പങ്കാളിത്തം, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലും  വിശദമായി ചർച്ച നടന്നു.
സുസ്ഥിരവും സമാധാനപരവുമായ ഇന്തോ-പസഫിക് മേഖല, കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇന്ത്യയുടെ ജി 20 പ്രസിഡൻസി എന്നിവയ്‌ക്കായുള്ള അവരുടെ പങ്കിട്ട കാഴ്ചപ്പാട് ഉൾപ്പെടുന്ന പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ നേതാക്കൾ വീക്ഷണങ്ങൾ കൈമാറി.
 പ്രധാനമന്ത്രി അൽബനീസിനെ എത്രയും വേഗം ഇന്ത്യയിലേക്ക്  സ്വാഗതം ചെയ്യാൻ  പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹി നവംബര്‍ 16, 2022
 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ബ്രിട്ടീഷ് പ്രധാനമന്ത്രി  ഋഷി സുനകുമായി   ഇന്ന് ബാലിയിൽ  ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്‌ച  നടത്തി.
ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അധികാരമേറ്റ പ്രധാനമന്ത്രി സുനക്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ അവസ്ഥയിലും ഭാവി ബന്ധങ്ങൾക്കായുള്ള 2030 റോഡ്മാപ്പിലെ പുരോഗതിയിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ജി 20, കോമൺ‌വെൽത്ത് എന്നിവയുൾപ്പെടെ ഉഭയകക്ഷി, ബഹുമുഖ വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു.
വ്യാപാരം, മൊബിലിറ്റി, പ്രതിരോധം, സുരക്ഷ തുടങ്ങിയ സഹകരണത്തിന്റെ സുപ്രധാന മേഖലകളെയും    ചർച്ചകൾ സ്പർശിച്ചു.
error: Content is protected !!