Trending Now

വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി; പ്രതീക്ഷിക്കുന്നത് നാല്‍പ്പത് ലക്ഷത്തോളം തീര്‍ഥാടകരെ: മന്ത്രി കെ. രാജന്‍

 

ശബരിമലയില്‍ മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ഇത്തവണ നാല്‍പ്പത് ലക്ഷത്തോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. പമ്പയില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങളാണ് ശബരിമല തീര്‍ഥാടനത്തിനായി ഇത്തവണ നടത്തിയിട്ടുള്ളത്. ശബരിമല മാസ്റ്റര്‍പ്ലാനിനായി 135.53 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇത്തവണ മാത്രം 30 കോടി രൂപയും അനുവദിച്ചു. അഗ്‌നിശമന സേനയുടെ ക്രമീകരണങ്ങള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, 5000 പേര്‍ക്ക് ഒരേ സമയം ആഹാരം കഴിക്കുന്നതിനുള്ള സൗകര്യം എന്നിങ്ങനെ എല്ലാവിധ ക്രമീകരണങ്ങളും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൂര്‍ത്തിയായി കഴിഞ്ഞു. വെര്‍ച്വല്‍ ക്യു ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷമുള്ള ഒരു തീര്‍ഥാടനമായതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ ഒഴുക്ക് ക്രമാതീതമായിരിക്കും. അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു.
സെന്ററുകളില്‍ ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

തിരക്കുണ്ടാകുന്ന സ്ഥലങ്ങള്‍, അഗ്‌നിബാധ, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, അപ്പം-അരവണ ലഭ്യമാകുന്ന സ്ഥലം, വെടിവഴിപാടിനുള്ള സ്ഥലം, ഗ്യാസ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയ ഭൂപടം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. മാത്രമല്ല, അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങള്‍ പ്രത്യേകമായി കണ്ടെത്തിയിട്ടുണ്ട്. അപകടമുണ്ടായാല്‍ ഭക്തരെ സുരക്ഷിതമായി എത്തിക്കാനുള്ള ആറ് സ്ഥലങ്ങളും കണ്ടെത്തി. ഒരു സമയത്ത് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി രണ്ട് ലക്ഷം ഭക്തരെ മാത്രമാണ് അനുവദിക്കുക. അതില്‍ കൂടുതല്‍ ഭക്തരെത്തിയാല്‍ സ്വാമി അയ്യപ്പന്‍ റോഡ് മുതല്‍ സന്നിധാനം വരെ തീര്‍ഥാടകരെ സമയബന്ധിതമായി കയറ്റി വിടുന്നത് പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും. മാത്രമല്ല, ഓരോ മൂന്ന് മണിക്കൂറിലേയും ഇടവേളകളിലായി തീര്‍ഥാടനത്തിനെത്തുന്ന ഭക്തരുടെ എണ്ണം ജില്ലാ കളക്ടറെ അറിയിക്കും. തീര്‍ഥാടനത്തിന് മുന്നോടിയായി എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെത്തി ക്യാമ്പ് ചെയ്യുകയും ദുരന്തസാധ്യതകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ രണ്ട് ടീം ശബരിമലയില്‍ തീര്‍ഥാടനകാലയളവില്‍ ക്യാമ്പ് ചെയ്യും. ജില്ലാ കളക്ടര്‍ക്കൊപ്പം ജില്ലയുടെ പുറത്ത് നിന്നും എട്ട് ഡെപ്യുട്ടി കളക്ടര്‍മാര്‍, 13 തഹസിദാര്‍മാര്‍, 500 ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സേവനത്തിന് ഉണ്ടാകും. മിഷന്‍ ഗ്രീന്‍ ശബരിമലയുടെ പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്തുന്നതാണ്. സേഫ് ശബരിമലയുടെ ഭാഗമായി അടിയന്തര വൈദ്യസഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഓക്സിജന്‍ സിലണ്ടര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ തവണയുണ്ടായ പ്രളയസാധ്യത കൂടി കണക്കിലെടുത്ത് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മക്കള്‍ സേവ മഹേശ്വര സേവയാണെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വ്രതശുദ്ധിയോടെ നോമ്പ് നോറ്റ് മനസും ശരീരവും ശുദ്ധമാക്കി തീര്‍ഥാടകരെത്തുമ്പോള്‍ പമ്പയും സന്നിധാനവും പരിസരപ്രദേശങ്ങളും ഏറെ വൃത്തിയോടെയും ശുചിയോടെയും നോക്കേണ്ടത് വിശുദ്ധിസേനാംഗങ്ങളുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. കോവിഡിന് ശേഷമുള്ള തീര്‍ഥാടനമായതുകൊണ്ട് ഒരുപാട് തീര്‍ഥാടകര്‍ എത്തും. ആ സാധ്യത കണക്കിലെടുത്താണ് വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം ആയിരത്തിലേക്ക് ഉയര്‍ത്തിയത്. ചരിത്രത്തിലെ ഏറ്റവും അധികമായ എണ്ണമാണ് ഇത്. മന്ത്രിയും കളക്ടറും ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തിന്റെ പ്രവര്‍ത്തനത്തിനൊപ്പം പ്രവര്‍ത്തിക്കേണ്ടവരാണ് വിശുദ്ധി സേനാംഗങ്ങളെന്നും ശബരിമല തീര്‍ഥാടന കാലത്ത് വിശുദ്ധി സേനാംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ എത്തിയ ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ എ. അയ്യപ്പന്‍, ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

പമ്പയിലും നിലയ്ക്കലും  സന്നിധാനത്തും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി
ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് അടിയന്തിര ഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പമ്പയിലും നിലയ്ക്കലും സന്നിധാനത്തും തുടങ്ങിയ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ (ഇ.ഒ.സി) റവന്യു മന്ത്രി കെ. രാജന്‍ നിലയ്ക്കലില്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യരാണ് അടിയന്തിരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

തീര്‍ഥാടകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍, തെറ്റായ വിവരങ്ങള്‍ തുടങ്ങിയവ വ്യാപിക്കാതിരിക്കാനും കൃത്യമായതും വിശകലനം ചെയ്യപ്പെട്ടതും പുനഃപരിശോധിക്കപ്പെട്ടതുമായ വിവരങ്ങള്‍ ക്രോഡീകരിച്ച് ആവശ്യമായ വേളകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുമാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (ഇ.ഒ.സി) പ്രവര്‍ത്തിക്കുന്നത്. പമ്പ, നിലയ്ക്കല്‍, സന്നിധാനം, പത്തനംതിട്ട കളക്ടറേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (ഇ.ഒ.സി) പ്രവര്‍ത്തനം ആരംഭിച്ചത്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ വിവിധങ്ങളായ ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കണ്‍ട്രോള്‍ റൂമുകളെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളത്. കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടുവാനുള്ള കാലതാമസം ഒഴിവാക്കുന്നതിലേക്കായി ഇവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയിലുള്ള ജനപ്രവാഹത്തിന്റെ വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍ നിന്നും വിവിധങ്ങളായ ഓഫീസുകള്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാം. കൂടാതെ എല്ലാ വകുപ്പുമേധാവികള്‍ക്കും ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയ്ക്ക് വരുന്നവരുടേയും പോകുന്നവരുടേയും സന്നിധാനത്ത് തങ്ങുന്നവരുടേയും എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരക്കിന്റെ തോത് അനുസരിച്ച് പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്ന് തലത്തിലുള്ള അലേര്‍ട്ട് നല്‍കും.

രേഖാമൂലമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിലേക്കായി ഫാക്‌സ്, ഇന്റര്‍നെറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പ്രളയം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിങ്ങനെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായാല്‍ ഇന്റര്‍നെറ്റ്, ടെലഫോണ്‍, ഫാക്‌സ്, ഹോട്ട്‌ലൈന്‍ മുതലായ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതായാലും എല്ലാ കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വി.എച്ച്.എഫ് റേഡിയോ സംവിധാനം വഴി പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള തിരക്കിന്റെ വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒരു കേന്ദ്രത്തില്‍ നിന്നും വിളിച്ച് അറിയിക്കുന്ന സന്ദേശം ഒരേ സമയം തന്നെ മറ്റെല്ലാ നിലയങ്ങളിലും എത്തിച്ചേരും.

തിരക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ പമ്പ ഇ.ഒ.സിയില്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തി ക്രോഡീകരിച്ച് നിലവിലെ സ്ഥിതി കാണിക്കുന്ന ഗ്രാഫുകളുടെ രൂപത്തില്‍ രേഖപ്പെടുത്തി വയ്ക്കും. ഇത് സ്ഥിതിഗതികളെ പെട്ടെന്ന് മനസിലാക്കുന്നതിന് സഹായിക്കും.
ശബരിമലയുമായി ബന്ധപ്പെട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, പോലീസ്, ഹെല്‍ത്ത്, റവന്യു, ദേവസ്വം തുടങ്ങി എല്ലാ ഓഫീസുകളുടേയും ഫോണ്‍ നമ്പരുകള്‍ അടങ്ങുന്ന റിസോഴ്‌സ് ഇന്‍വെന്ററി, കണ്‍ട്രോള്‍ റൂമുകളിലും ഇഒസിയിലും ലഭ്യമാക്കിയിട്ടുണ്ട്.

അടിയന്തിരഘട്ടങ്ങളില്‍ ആവശ്യമായ ആംബുലന്‍സ് സര്‍വീസുകള്‍, ജെസിബി മുതലായ ഹെവി ഡ്യൂട്ടി സംവിധാനങ്ങള്‍ എന്നിവയുടെയെല്ലാം വിവരങ്ങളും ഇഒസിയില്‍ ശേഖരിച്ചിട്ടുണ്ട്. ഏഴു പേര്‍ വീതമടങ്ങുന്ന മൂന്നു സംഘങ്ങളാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത്.

ചടങ്ങില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ എ. അയ്യപ്പന്‍, ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!