Trending Now

കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ ശൃംഖലയിൽ ലക്ഷങ്ങൾ പങ്കാളികളാകും

 

മയക്കുമരുന്നിനെതിരായ സർക്കാർ ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ ശൃംഖലയിൽ ലക്ഷങ്ങൾ പങ്കാളികളാകും. പകൽ മൂന്നിന്‌ ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ്‌ ശൃംഖല തീർക്കുക. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിലും. തിരുവനന്തപുരം നഗരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗാന്ധി പാർക്ക് മുതൽ അയ്യൻകാളി സ്ക്വയർവരെ അഞ്ച്‌ കിലോമീറ്ററിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽ ലക്ഷത്തോളം വിദ്യാർഥികളും പൊതുജനങ്ങളും കണ്ണിചേരും. സ്കൂളുകളിലെ പരിപാടികളിൽ വിദ്യാർഥികൾക്കൊപ്പം നാടൊന്നാകെചേരും.

ഒക്ടോബർ ആറിന്‌ ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടമാണ്‌ നവംബർ ഒന്നിന്‌ സമാപിക്കുന്നത്‌. പകൽ 2.30നകം എല്ലാ കേന്ദ്രത്തിലും ശൃംഖലയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കണം. മൂന്നിന്‌ ശൃംഖല തീർത്ത്‌ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.

ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം (നവംബർ 1) വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, ഡോ. ആർ ബിന്ദു, ജി ആർ അനിൽ, ആൻറണി രാജു എന്നിവരും തിരുവനന്തപുരം നഗരത്തിലെ ശൃംഖലയിൽ പങ്കാളികളാകും. ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കണ്ണിചേരുന്നത്. മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം കളക്ടറേറ്റിലും ജെ ചിഞ്ചുറാണി ചടമംഗലം കരുവോൺ സ്‌കൂളിലും ശൃംഖലയുടെ ഭാഗമാകും. മന്ത്രി കെ രാധാകൃഷ്ണൻ തൃശൂരിലും, പി രാജീവ് കൊച്ചി മറൈൻ ഡ്രൈവിലും, മുഹമ്മദ് റിയാസ് കോഴിക്കോട് കാരപ്പറമ്പിലും, വി എൻ വാസവനും എ കെ ശശീന്ദ്രനും കോട്ടയത്തും, കെ കൃഷ്ണൻകുട്ടി പാലക്കാടും, പി പ്രസാദ് ആലപ്പുഴയിലും ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണിചേരും. പൊന്നാനി മുതൽ വഴിക്കടവ് വരെ 83 കിലോമീറ്റർ നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി വി അബ്ദുറഹ്‌മാൻ മലപ്പുറത്ത് കണ്ണിചേരും. ഇടുക്കിയിൽ തങ്കമണി മുതൽ കാമാക്ഷി വരെയുള്ള രണ്ടര കിലോമീറ്റർ നീളമുള്ള ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. കാസർഗോഡ് നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുക്കുന്നത്.