പാറശാല ഷാരോൺ കൊലപാതകക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു. ഇരുവരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്ക് തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്നും കണ്ടെത്തി. ഇതോടെ കേസിൽ മൂന്ന് പ്രതികളായി.ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സുരക്ഷ വീഴ്ചയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പൊലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ്. അവിടെ വച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ചത്. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. അടിയന്തര ചികിത്സ നൽകി. മെഡിക്കൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.