പത്തനംതിട്ട : അടൂർ ബൈപാസിൽ തിങ്കളാഴ്ച്ച വീടിനുമുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മറ്റും മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളെ അടൂർ പോലീസ് പിടികൂടി.
പെരിങ്ങനാട് മുണ്ടപ്പള്ളി കാർത്തികനിവാസിൽ ഉത്തമന്റെ മകൻ അജയ് (23), പെരിങ്ങനാട്
ചെറുപുഞ്ച കലതിവിളയിൽ സോമരാജന്റെ മകൻ നിഖിൽ സോമൻ (21), പെരിങ്ങനാട് പള്ളിക്കൽ മേലൂട് ശ്രീനിലയം വീട്ടിൽ സന്തോഷ് കുമാറിന്റെ മകൻ ശ്രീനി സന്തോഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാളം ഉഷസ് വീട്ടിൽ സോമന്റെ മകൻ വിഷ്ണു സോമ(33) ന്റെ പരാതിയിലെടുത്ത
കേസിലാണ് നടപടി. ദീപാവലി ദിവസം, പതിനഞ്ചോളം വരുന്ന പ്രതികൾ ബൈപാസിൽ
പടക്കം പൊട്ടിച്ചിരുന്നു, വിഷ്ണുവിന്റെ കുടുംബവീടിനു മുന്നിലും ഇപ്രകാരം ചെയ്തത്
ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായ പ്രതികൾ, അസഭ്യം വിളിച്ചുകൊണ്ടു മർദ്ദനം
അഴിച്ചുവിടുകയായിരുന്നു. ആദ്യം വീട്ടിൽ നിന്നിറങ്ങിവന്ന വിഷ്ണുവിന്റെ സഹോദരനെ ഒന്നും
രണ്ടും പ്രതികളായ അജയ്, നിഖിൽ എന്നിവർ ചേർന്ന് മർദ്ദിക്കുകയും തള്ളിതാഴെയിടുകയും
ചെയ്തു. തടയാൻ ശ്രമിച്ച വിഷ്ണുവിനെ ഒന്നാം പ്രതി ചെള്ളക്കടിക്കുകയും, നിഖിൽ കയ്യിലെ ഇടിവള കൊണ്ട് ഇടിച്ച് വലത് ചെവിക്ക് മുകളിലായി പരിക്കേൽപ്പിക്കുകയുമായിരുന്നു. മറ്റുപ്രതികൾ ചേർന്ന് ഇരുവരെയും മർദ്ദിച്ചു.
തടയാൻ തുനിഞ്ഞ വിഷ്ണുവിന്റെ ഭാര്യയെയും അമ്മയെയും ദേഹോപദ്രവം ഏൽപ്പിച്ചു.രണ്ടാം പ്രതി വിഷ്ണുവിന്റെ ഭാര്യയേയും അമ്മയെയും കഴുത്തിൽ പിടിച്ചുതള്ളുകയും അടിക്കുകയും
ചെയ്തു. തുടർന്ന് പ്രതികൾ സ്ഥലം വിടുകയാണുണ്ടായത്. വിഷ്ണുവിന്റെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് പിറ്റേന്ന് രാത്രി തന്നെ പെരിങ്ങനാട് നിന്നും മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്തു നിന്നും സ്റ്റീൽ കൊണ്ട് നിർമിച്ച ഇടിവള പോലീസ് കണ്ടെടുത്തു. വിഷ്ണുവിന്റെ
ഭാര്യയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. അജയ്, ലഹളയുണ്ടാക്കിയതിനും
ദേഹോപദ്രവം ഏൽപ്പിച്ചതിനും കഴിഞ്ഞവർഷം അടൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ
കേസിലെ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം, അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ, പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിളുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.എസ് ഐമാരായ ധന്യ കെ എസ്, വിപിൻ, സി പി ഓമാരായ അനീഷ്, പ്രവീൺ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.