Trending Now

ദുരന്തനിവാരണ സേനാംഗങ്ങള്‍ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി

 

ജില്ലയിലെ ദുരന്ത സാധ്യത പഠിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനും തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും എത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ 15 അംഗ സംഘം പത്തനംതിട്ടയിലെത്തി. ജില്ലാ കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുമായും ദുരന്തനിവാരണ അതോറിറ്റി ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി.

ടീം കമാന്‍ഡറായ എസ്.ഐ കപിലാണ് സംഘത്തെ നയിക്കുന്നത്. ഏഴു മലയാളികളും നാല് ആന്ധ്രാ സ്വദേശികളും രണ്ട് തമിഴ്നാട് സ്വദേശികളും കര്‍ണാടക ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി ഓരോരുത്തരുമാണ് സംഘത്തിലുള്ളത്. സംഘം അടുത്ത മാസം ഏഴു വരെ ജില്ലയില്‍ ഉണ്ടാവും. കളക്ടറേറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജൂനിയര്‍ സൂപ്രണ്ട് ഷാഹിര്‍ ഖാന്‍, ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് എന്നിവരും പങ്കെടുത്തു.

ഇന്ന് (27) പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവബോധവും പരിശീലനവും നല്‍കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും അടിയന്തിര സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിന് സഹായകരവുമാകുന്ന പരിപാടിയാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്.

error: Content is protected !!