ആരോഗ്യ ഇന്‍ഷുറന്‍സ് അക്ഷയവഴിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന  ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍  ആരംഭിച്ചു. സൗജന്യ ചികിത്സാ പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തിട്ടില്ലാത്ത കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 2017-18 വര്‍ഷത്തില്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. 
മഞ്ഞ, പിങ്ക്  നിറങ്ങളുള്ള റേഷന്‍ കാര്‍ഡ് ഉള്ളവര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 15 ദിവസമെങ്കിലും തൊഴില്‍ ചെയ്ത കുടുംബങ്ങളിലെ അംഗങ്ങള്‍, വിവിധ ക്ഷേമ പദ്ധതി-ക്ഷേമബോര്‍ഡ് എന്നിവയില്‍ അംഗത്വമുള്ളവര്‍, വിവിധ ക്ഷേമ പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍, മത്സ്യതൊഴിലാളി കുടുംബങ്ങള്‍, അങ്കണവാണി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, അംഗപരിമിതര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍,      ടാക്‌സി -ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, എച്ച്‌ഐവി ബാധിതര്‍, ശുചീകരണ തൊഴിലാളികള്‍, റിക്ഷ വലിക്കുന്നവര്‍, എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന് കുടുംബാംഗങ്ങളില്‍ ഒരാള്‍ മാത്രം അക്ഷയ കേന്ദ്രത്തില്‍ ഹാജരായാല്‍ മതി. തൊഴില്‍ വിഭാഗ ക്ഷേമനിധി അംഗത്വമുള്ളവര്‍ അവ തെളിയിക്കുന്ന രേഖ പട്ടികജാതി-പട്ടിക വര്‍ഗ കുടുംബങ്ങള്‍ ജാതി തെളിയിക്കുന്ന രേഖയുടെ അസ്സല്‍, പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവയും റേഷന്‍ കാര്‍ഡിന് ഒപ്പം ഹാജരാക്കണം.
എല്ലാ വിഭാഗങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായശേഷമേ റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കു. റേഷന്‍ കാര്‍ഡ് നമ്പര്‍, ജില്ല, താലൂക്ക്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി, വില്ലേജ്, വാര്‍ഡ് നമ്പര്‍, വീട്ട് നമ്പര്‍, കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പ്രായം, സ്ത്രീയോ പുരുഷനോ, കുടുംബനാഥനുമായുള്ള ബന്ധം, വിലാസം, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷന് ആവശ്യമാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. എന്നാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന വിവിധതരം മാതൃകാ ഫോറങ്ങള്‍ക്ക് ഫീസ് നല്‍കണം. ഒരു കുടുംബത്തിലെ പരമാവധി 14 അംഗങ്ങളുടെ വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ അഞ്ച് പേരെ മാത്രമേ സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. കുടുംബനാഥന്‍, കുടുംബനാഥ, മൂന്ന് ആശ്രിതര്‍. തൊഴിലാളി ക്ഷേമബോര്‍ഡിലെ/ വിഭാഗത്തിലെ കുടുംബാംഗം ഗൃഹനാഥ/ഗൃഹനാഥ ആയിരിക്കണമെന്നില്ല. റേഷന്‍ കാര്‍ഡിലെ അംഗത്വകാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗമായിരുന്നാല്‍ മതി.
തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങളുള്ള കുടുംബങ്ങള്‍ തൊഴിലാളി വിഭാഗം എന്ന നിലയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2017-18 വര്‍ഷം കാര്‍ഡ് പുതുക്കുവാന്‍ സാധിക്കാത്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണതാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു