konnivartha.com : റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യ സമയങ്ങളില്‍ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ശബരിമല റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി കലഞ്ഞൂര്‍ – പാടം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
12.47 കി മീ റോഡ് ആണ് കിഫ്ബി വഴി നിര്‍മിക്കുന്നത്. അതില്‍ 10 കിമീ ബി എം ചെയ്തു. ബാക്കി 4.2 കിമീ ബി സി ചെയ്തു. ഫോറസ്റ്റ് വകുപ്പുമായി ഉണ്ടായിരുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം പരിഹരിച്ചു. ഇനി കെഎസ് ഇ ബിയും കേരള വാട്ടര്‍ അതോറിറ്റിയും യൂട്ടിലിറ്റി ഫില്ലിംഗ് ആണ് പൂര്‍ത്തിയാക്കാന്‍ ഉള്ളത്. ഡിസംബര്‍ 31 ന് മുന്‍പ് ഈ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും സമയ ബന്ധിതമായി നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് റോഡുകളുടെ നവീകരണം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കി സുഗമമായ തീര്‍ത്ഥാടന സൗകര്യം ഒരുക്കുക ലക്ഷ്യമിട്ടാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.
ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളായ പുനലൂര്‍ – പത്തനാപുരം – മൈലപ്ര റോഡ്, കലഞ്ഞൂര്‍ – പാടം റോഡ്, മണ്ണാറകുളഞ്ഞി- വടശേരിക്കര – പൂവത്തുംമൂട്- പ്ലാപ്പള്ളി- ചാലക്കയം – പമ്പ റോഡ്, പ്ലാപ്പള്ളി- ആങ്ങാമുഴി റോഡ് എന്നിവയാണ് ബുധനാഴ്ച മന്ത്രി സന്ദര്‍ശിച്ചത്. റോഡുകളുടെ നിലവിലെ സ്ഥിതി, നവീകരണ പുരോഗതി എന്നിവ അദ്ദേഹം വിലയിരുത്തി.
വ്യാഴാഴ്ച റാന്നി നിയോജക മണ്ഡലത്തിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം റാന്നി ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിക്കും. കോഴഞ്ചേരി- തിരുവല്ല റോഡ്, പന്തളം- കൈപ്പട്ടൂര്‍ -പത്തനംതിട്ട റോഡ് എന്നിവയും മന്ത്രി സന്ദര്‍ശിക്കും.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കെ ആര് എഫ് ബി പ്രോജക്ട് ഡയറക്ടര്‍ ഡാര്‍ലീന്‍ ഡിക്രൂസ്, പി ഡബ്ലൂ ഡി റോഡ്സ് ചീഫ് എന്‍ജിനീയര്‍ ലിസി, പി ഡബ്ലൂ ഡി നാഷണല്‍ ഹൈവേ ചീഫ് എന്‍ജിനീയര്‍ സജി മോള് ജേക്കബ്, പി ഡബ്ലൂ ഡി സൗത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചനീയര്‍ പി.ടി. ജയ, പി ഡബ്ലൂ ഡി കെ എസ് ടി പി കൊട്ടാരക്കര സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബിന്ദു, പി ഡബ്ലൂ ഡി റോഡ്സ് ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ബി. വിനു, പി ഡബ്ലൂ ഡി റോഡ്സ് മെയിന്റനന്‍സ് ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ജെ. സീനത്ത്, പി ഡബ്ലൂ ഡി എന്‍ എച്ച് ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ശ്രീകല, കെ ആര് എഫ് ബി – പി എം യു എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എം. ബിന്ദു എന്നിവര്‍ മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.