ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022-2023 സാമ്പത്തികവര്‍ഷം പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ (എണ്ണായിരം രൂപ) സ്റ്റൈപ്പന്റ് നല്‍കും.
ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃതസ്ഥാപനങ്ങളില്‍ നിന്ന് ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം.
2020-21, 2021-22 അധ്യയനവര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. അപേക്ഷകരില്‍ ഈ വര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവര്‍ ഇല്ലെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ ജയിച്ചവരെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022 ഒക്ടോബര്‍ 22 ന് വൈകിട്ട് അഞ്ചിന് അകം തപാലിലോ, നേരിട്ടോ, ഇ-മെയില്‍ ([email protected]) മുഖാന്തരമോ ലഭിക്കണം.
തപാലില്‍/നേരിട്ട് അപേക്ഷ നല്‍കുമ്പോള്‍ കവറിന്റെ പുറത്തും ഇ-മെയിലില്‍ വിഷയമായും ‘അപ്രന്റീസ്ഷിപ്പ് 2022’ എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട. ഫോണ്‍: 0468 2 222 657.
കായികക്ഷമതാ പരീക്ഷ മാറ്റി വെച്ചു
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്‍)(കാറ്റഗറി നമ്പര്‍ 530/2019) തസ്തികയുടെ 18/10/2022 മുതല്‍ 21/10/2022 തീയതി വരെ അടൂര്‍ വടക്കടത്തുകാവ് കെ.എ.പി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്, ഇഎംഎസ് സ്റ്റേഡിയം, കൊടുമണ്‍, സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ട്, ചേര്‍ത്തല എന്നിടങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷ മഴയെത്തുടര്‍ന്ന് കമ്മീഷന്‍ മാറ്റിവച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍. 0468 2222665.
ചക്കയില്‍ നിന്നുള്ള ബേക്കറി ഉല്‍പ്പന്നങ്ങളുടെ പരിശീലനം : ഒക്ടോബര്‍ 20 ന്
കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 20 ന് രാവിലെ 10 മുതല്‍ 4.30 വരെ ചക്കയില്‍ നിന്നുള്ള ബേക്കറി ഉല്‍പ്പന്നങ്ങളുടെ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8078572094 എന്ന നമ്പറില്‍ ഈ മാസം 19 ന് പകല്‍ മൂന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
സ്‌പോട്ട് അഡ്മിഷന്‍ 21ന്
വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളില്‍ അഡ്മിഷന്‍ നടത്തുന്നതിനായി സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 21ന് നടത്തും.
രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 മണി വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0473 5 266 671.
ജെന്‍ഡര്‍ അവയര്‍നെസ് കാമ്പയിന്‍ നടന്നു
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റാന്നി സെന്റ് തോമസ് കോളജില്‍ ജില്ലാതല ജെന്‍ഡര്‍ അവയര്‍നെസ് കാമ്പയിന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മുഖ്യപ്രഭാഷണവും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി. തസ്‌നി വിഷയാവതരണം നടത്തി. അഡ്വ. ദിലീപ് കുമാര്‍, ഷിജു എം സാംസണ്‍ എന്നിവര്‍ ലിംഗസമത്വത്തെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. റാന്നി സിഡിപിഒ വി ഹെമി, റാന്നി അഡീഷണല്‍ സിഡിപിഒ കെ എസ് സ്മിത, വാര്‍ഡ് മെമ്പര്‍ സീമ മാത്യു, സെന്റ് തോമസ് കോളജ് എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീജയ, ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 3197/22)
ജില്ലാതല ഏകോപന സമിതി യോഗം ഒക്ടോബര്‍ 21 ന്
ജില്ലാതല ഏകോപന സമിതി യോഗം ഈ മാസം 21 ന് രാവിലെ 11.30 ന് ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
(പിഎന്‍പി 3198/22)
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കരം ഒടുക്കിയ രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ ആവശ്യമാണ്. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രംകൂടി ആവശ്യമാണ്. ചെറുകിട നാമമാത്രകര്‍ഷകര്‍, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും.
ഫോണ്‍:കൃഷി അസി. എക്സി. എഞ്ചിനീയര്‍: 8281211692, കൃഷി അസി. എക്സി. എഞ്ചിനീയര്‍ :7510250619, ടെക്നിക്കല്‍ അസിസ്റ്റന്റ് :6282516897, 9496836833.താല്‍ക്കാലിക ഒഴിവ്
മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ് നികത്തുന്നതിന് ഈ മാസം 21 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.എഅല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍വെല്‍ഫയര്‍, എക്കണോമിക്സ്എന്നീ വിഷയങ്ങളില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും ഉളള 12 ലെവല്‍ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുമുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0468 2259952
സാമ്പത്തിക സഹായം
മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുത്ത് പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ/വിധവകളുടെ (ആര്‍മി, നേവി, എയര്‍ഫോഴ്സ്) മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 10 നു മുന്‍പായി പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം എന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2961104.
സ്പോട്ട് അഡ്മിഷന്‍
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുളള ഒരുസീറ്റിലേക്കും ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുളള ഏഴ് സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് അഡ്മിഷന്‍ നല്‍കുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ്എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി ഈ മാസം 25. ഫോണ്‍: 0468 2259952, 9495701271, 9995686848
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ പുരോഗതി കേന്ദ്ര ഭക്ഷ്യ സംസ്‌കരണ – ജലശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ വിലയിരുത്തും. ബുധനാഴ്ച (19) രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റില്‍ ചേരുന്ന അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വൈകുന്നേരം ശബരിമലയില്‍ ദര്‍ശനം നടത്തും.
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് 2022 സെപ്റ്റംബര്‍ മുതല്‍ അംഗത്വ കാലാവധിയ്ക്കനുസൃതമായി വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങിയതായി ചെയര്‍മാന്‍ അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. പെന്‍ഷന്‍ കൈപ്പറ്റുന്ന 1279 അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുകയില്‍ 150 രൂപ മുതല്‍ 1050 രൂപ വരെ വര്‍ദ്ധനവ് ഉണ്ടാകും. പ്രതിമാസം ശരാശരി 60 പേര്‍ക്ക് പുതുതായി പെന്‍ഷന്‍ അനുവദിക്കും.
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന ഏംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ബന്ധപ്പെട്ട പരിശീലനങ്ങള്‍ നടത്തി വരുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയാറാക്കിയ താത്പര്യപത്രം പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 വരെ നീട്ടി. ഫോണ്‍ : 0474 2914417. വെബ് സൈറ്റ് : www.bcdd.kerala.gov.in