Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/10/2022)

5 ജി സേവനങ്ങൾക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു

ന്യൂഡല്‍ഹി, ഒക്ടോബര്‍ 01, 2022

പുതിയ സാങ്കേതികയുഗത്തിനു തുടക്കമിട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ 5ജി സേവനങ്ങൾക്കു തുടക്കംകുറിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ഐഎംസി പ്രദർശനവും അദ്ദേഹം വീക്ഷിച്ചു.
ഈ ചരിത്രമുഹൂർത്തത്തിൽ വ്യവസായപ്രമുഖരും തങ്ങളുടെ അഭിപ്രായം പങ്കുവച്ചു.

2047-ഓടെ വികസിത രാഷ്ട്രമെന്ന കാഴ്ചപ്പാടിനായി പ്രചോദനമേകിയതിനു പ്രധാനമന്ത്രിക്കു റിലയൻസ് ചെയർമാൻ മുകേഷ് അംബാനി നന്ദി പറഞ്ഞു. “ഗവൺമെന്റിന്റെ എല്ലാ പ്രവർത്തനങ്ങളും നയങ്ങളും ഇന്ത്യയെ ആ ലക്ഷ്യത്തിലേക്കു നയിക്കാൻ വിദഗ്ധമായി തയ്യാറാക്കിയതാണ്. 5ജി യുഗത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം അതിവേഗം പിന്തുടരാൻ സ്വീകരിച്ച നടപടികൾ നമ്മുടെ പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ ശക്തമായ തെളിവാണ്.”- അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, കാലാവസ്ഥ തുടങ്ങിയ സുപ്രധാന മേഖലകളിൽ 5ജിയുടെ സാധ്യതകൾ അദ്ദേഹം വിവരിച്ചു. “താങ്കളുടെ നേതൃത്വം ഇന്ത്യയുടെ അന്തസും പ്രശസ്തിയും അധികാരവും ആഗോളതലത്തിൽ മുമ്പെങ്ങുമില്ലാത്തവിധം ഉയർത്തി. ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയെ ഉന്നതങ്ങളിലേക്കു കുതിക്കുന്നതിൽനിന്നു തടയാനാകില്ല.”- ശ്രീ അംബാനി പറഞ്ഞു.

5ജ‌ിയുടെ സമാരംഭം പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിലാണ് ഇതു നടക്കുന്നത് എന്നതിനാൽ, ഇതിനു കൂടുതൽ പ്രാധാന്യമുണ്ടെന്നും ഭാരതി എന്റർപ്രൈസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ അഭിപ്രായപ്പെട്ടു. “പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്കൊപ്പം, ഇതു രാജ്യത്തു പുതിയ ഊർജം കൊണ്ടുവരും. സാങ്കേതികവിദ്യയെ വളരെ സൂക്ഷ്മമായി മനസിലാക്കുകയും അതിനെ സമാനതകളില്ലാത്ത രീതിയിൽ രാജ്യത്തിന്റെ വികസനത്തിനായി വിന്യസിക്കുകയും ചെയ്യുന്ന നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു നിരവധിപേർക്ക്, പ്രത്യേകിച്ചു നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ, അവസരങ്ങളുടെ കടൽ തീർക്കുമെന്നും ശ്രീ മിത്തൽ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലംമുതൽ അടിസ്ഥാനസൗകര്യവികസനത്തിലും സാങ്കേതികവിദ്യയിലും പ്രധാനമന്ത്രി നടത്തിയ സംരംഭങ്ങളെ അദ്ദേഹം അനുസ്മരിച്ചു. മഹാമാരിയുടെ കാലത്തു ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും വ്യവഹാരങ്ങൾ മാറിയെന്നും രാജ്യത്തിന്റെ ഹൃദയമിടിപ്പ് ഒരുനിമിഷംപോലും നിലച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ഖ്യാതി ഡിജിറ്റൽ കാഴ്ചപ്പാടിനാണ്. ‘മേക്ക് ഇൻ ഇന്ത്യ’ എന്ന കാഴ്ചപ്പാടിന്റെ ധീരതയെയും നേട്ടത്തെയും അദ്ദേഹം പ്രശംസിച്ചു. “ഡിജിറ്റൽ ഇന്ത്യക്കൊപ്പം, സ്റ്റാർട്ട്-അപ്പ് ഇന്ത്യ ക്യാമ്പയിനും പ്രധാനമന്ത്രി മുന്നോട്ടുകൊണ്ടുപോയി. താമസിയാതെ ഇന്ത്യയിൽ യൂണികോണുകൾ പിറവിയെടുക്കാൻ തുടങ്ങി.”- ശ്രീ മിത്തൽ കൂട്ടിച്ചേർത്തു. 5ജിയുടെ വരവ്, ഈ രാജ്യം ലോകത്തിനു കൂടുതൽ യൂണികോണുകൾ സംഭാവനചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.

ഇന്ത്യയിലെ മൂന്നു പ്രധാന ടെലികോം ഓപ്പറേറ്റർമാർ 5ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ വെളിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിക്കു മുന്നിൽ വിവിധ ഉപയോഗങ്ങളെക്കുറിച്ചു പ്രദർശനം നടത്തി.

മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ മൂന്നു വ്യത്യസ്തസ്ഥലങ്ങളിലെ വിദ്യാർഥികളുമായി മുംബൈയിലെ സ്കൂളിലെ അധ്യാപകനെ റിലയൻസ് ജിയോ ബന്ധിപ്പിച്ചു. അധ്യാപകരെ വിദ്യാർഥികളിലേക്ക് അടുപ്പിക്കുകയും അവർ തമ്മിലുള്ള ശാരീരിക അകലം ഒഴിവാക്കുകയും ചെയ്തുകൊണ്ട് 5ജി, വിദ്യാഭ്യാസം എങ്ങനെ സുഗമമാക്കുമെന്ന് ഇതു തെളിയിച്ചു. സ്ക്രീനിൽ ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ (എആർ) ശക്തിയും, എആർ ഉപകരണത്തിന്റെ ആവശ്യമില്ലാതെ രാജ്യത്തുടനീളമുള്ള കുട്ടികളെ അകലെനിന്നു പഠിപ്പിക്കുന്നതെങ്ങനെയെന്നും ഇതു കാട്ടിത്തന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള ജ്ഞാനജ്യോതി സാവിത്രിഭായ് ഫൂലെ സ്കൂളിലെ വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലെ റോപ്ദ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ചടങ്ങുമായി ബന്ധപ്പെട്ടു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സാന്നിധ്യത്തിൽ ഒഡിഷയിലെ മ്യുർഭഞ്ജിലുള്ള എസ്എൽഎസ് മെമോറിയൽ സ്കൂളിലെ വിദ്യാർഥികളുമായും പ്രധാനമന്ത്രി സംവദിച്ചു. മുംബൈ ബികെസി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ അഭിമന്യു ബസുവും 5ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചു വ്യക്തമാക്കി. വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയോടുള്ള വിദ്യാർഥികളുടെ അഭിനിവേശത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എഴുത്തുകാരൻ അമീഷ് ത്രിപാഠി സെഗ്മെന്റ് അവതരിപ്പിച്ചു.

വോഡഫോൺ ഐഡിയ, ഡൽഹി മെട്രോയുടെ നിർമാണത്തിലിരിക്കുന്ന ടണലിലെ തൊഴിലാളികളുടെ സുരക്ഷിതത്വത്തെക്കുറിച്ചാണു കാട്ടിത്തന്നത്. ഡയസിൽ തുരങ്കത്തിന്റെ ഡിജിറ്റൽ പതിപ്പു (ഡിജിറ്റൽ ട്വിൻ) സൃഷ്ടിച്ചു. വിദൂരസ്ഥലത്തുനിന്നു തത്സമയം തൊഴിലാളികൾക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകാൻ ഡിജിറ്റൽ ട്വിൻ സഹായിക്കും. വിആർ, നിർമിതബുദ്ധി എന്നിവ ഉപയോഗിച്ചു ജോലി തത്സമയം നിരീക്ഷിക്കാൻ പ്രധാനമന്ത്രി ഡയസിൽനിന്നു തത്സമയ ഡെമോ സ്വീകരിച്ചു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേനയുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിലെ ഡൽഹി മെട്രോ ടണൽ ദ്വാരകയിലെ തൊഴിലാളിയായ റിങ്കു കുമാറുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് ആവശ്യമായ ഉപയോക്തൃ അനുഭവത്തെക്കുറിച്ചും ഇതു മനസിലാക്കുന്നതിലുള്ള പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. സുരക്ഷയിലുള്ള തൊഴിലാളികളുടെ ആത്മവിശ്വാസമാണു പുതിയ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ വളർച്ചയ്ക്കു നൽകിയ സംഭാവനകൾക്ക് അദ്ദേഹം ഇന്ത്യയിലെ തൊഴിലാളികളെ അഭിനന്ദിച്ചു.

എയർടെൽ ഡെമോയിൽ, ഉത്തർപ്രദേശിലെ ഡങ്കൗറിൽ നിന്നുള്ള വിദ്യാർഥികൾ വെർച്വൽ റിയാലിറ്റിയുടെയും ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ സൗരയൂഥത്തെക്കുറിച്ചു പഠിക്കാനുള്ള ഊർജസ്വലവും ആഴത്തിലുള്ളതുമായ വിദ്യാഭ്യാസ അനുഭവത്തിനു സാക്ഷ്യംവഹിച്ചു. ഖുഷി എന്ന വിദ്യാർഥിനി ഹോളോഗ്രാമിലൂടെ ഡയസിൽ പ്രത്യക്ഷപ്പെട്ടു പ്രധാനമന്ത്രിയുമായി തന്റെ പഠനാനുഭവം പങ്കുവച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാരാണസിയിലെ രുദ്രാക്ഷ് കൺവെൻഷൻ സെന്ററിൽനിന്ന് ചടങ്ങിൽ പങ്കെടുത്തു. ആശയങ്ങൾ സമഗ്രമായി മനസിലാക്കാൻ വിആർ വിദ്യാഭ്യാസപരിചയം അവരെ സഹായിച്ചോയെന്നു പ്രധാനമന്ത്രി ആരാഞ്ഞു. ഈ അനുഭവത്തിനുശേഷം പുതിയ കാര്യങ്ങൾ പഠിക്കാൻ താൻ കൂടുതൽ താൽപ്പര്യം കാണിക്കുന്നതായി വി‌ദ്യാർഥിനി പറഞ്ഞു.

ഇന്നത്തെ ഉച്ചകോടി ആഗോളതലത്തിലായിരിക്കാമെന്നും എന്നാൽ അതിന്റെ അനന്തരഫലങ്ങളും ദിശാസൂചനകളും പ്രാദേശികതലത്തിലാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ അതിവേഗം വികസിക്കുന്ന ഇന്ത്യക്ക് ഇന്നു സവിശേഷദിനമാണെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന്, 130 കോടി ഇന്ത്യക്കാർക്കു രാജ്യത്തുനിന്നും രാജ്യത്തെ ടെലികോം വ്യവസായത്തിൽനിന്നും 5ജിയുടെ രൂപത്തിൽ അത്ഭുതകരമായ സമ്മാനം ലഭിച്ചിരിക്കുന്നു. രാജ്യത്തു പുതുയുഗത്തിന്റെ വാതിലുകൾ തുറക്കുകയാണ് 5ജി. “5ജി അവസരങ്ങളുടെ അതിരില്ലാത്ത ആകാശത്തിന്റെ തുടക്കമാണ്. ഇതിന് ഓരോ ഇന്ത്യക്കാരെയും ഞാൻ അഭിനന്ദിക്കുന്നു.”- അദ്ദേഹം കൂട്ടിച്ചേർത്തു. 5ജിയുടെ തുടക്കംകുറിക്കലിലും സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിലും ഗ്രാമപ്രദേശങ്ങളും തൊഴിലാളികളും തുല്യ പങ്കാളികളാണെന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

5ജി സമാരംഭത്തിന്റെ ഒരു സന്ദേശം കൂടി വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “പുതിയ ഇന്ത്യ കേവലം സാങ്കേതികവിദ്യയുടെ ഉപഭോക്താവായിമാത്രം തുടരില്ല. ആ സാങ്കേതികവിദ്യയുടെ വികസനത്തിലും നടപ്പാക്കലിലും ഇന്ത്യ സജീവമായ പങ്കുവഹിക്കുകകൂടി ചെയ്യും. ഭാവിയിലെ വയർലെസ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്യുന്നതിലും അതുമായി ബന്ധപ്പെട്ട നിർമാണത്തിലും ഇന്ത്യ വലിയ പങ്കുവഹിക്കും.” 2ജി, 3ജി, 4ജി സാങ്കേതികവിദ്യകൾക്കായി ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ 5ജിയിലൂടെ ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. “5G ഉപയോഗിച്ച്, ഇന്ത്യ ഇതാദ്യമായി ടെലികോം സാങ്കേതികവിദ്യയിൽ ആഗോള നിലവാരം ഒരുക്കിയിരിക്കുന്നു.” – അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചു സംസാരിക്കവേ, ഇതു ഗവണ്മെന്റ് പദ്ധതി മാത്രമാണെന്നാണു ചിലർ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. “എന്നാൽ ഡിജിറ്റൽ ഇന്ത്യ എന്നതു വെറുമൊരു പേരല്ല, രാജ്യത്തിന്റെ വികസനത്തിനുള്ള വലിയ കാഴ്ചപ്പാടാണ്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന, ജനങ്ങളുമായി ബന്ധം സ്ഥാപിച്ചു പ്രവർത്തിക്കുന്ന ആ സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ കാഴ്ചപ്പാടിന്റെ ലക്ഷ്യം.”

ഡിജിറ്റൽ ഇന്ത്യയോടുള്ള സമഗ്രമായ സമീപനത്തിന്റെ ആവശ്യകതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാനമന്ത്രി, “ഞങ്ങൾ ഒരേസമയം നാലുദിശകളിലേക്ക് 4 സ്തംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യം, ഉപകരണത്തിന്റെ വില. രണ്ടാമത്, ഡിജിറ്റൽ സമ്പർക്കസൗകര്യങ്ങൾ. മൂന്നാമത്, ഡാറ്റയുടെ വില. നാലാമതായും ഏറ്റവും പ്രധാനമായും ‘ഡിജിറ്റൽ ഫസ്റ്റ്’ എന്ന ആശയം.

ഉപകരണങ്ങളുടെ വിലകുറയ്ക്കൽ സ്വയംപര്യാപ്തതയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഇതിൽ ആദ്യ സ്തംഭത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. എട്ടുവർഷംമുമ്പുവരെ ഇന്ത്യയിൽ രണ്ടു മൊബൈൽ നിർമാണ യൂണിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ഇതിപ്പോൾ 200 ആയി ഉയർന്നു- ശ്രീ മോദി പറഞ്ഞു. 2014ൽ മൊബൈൽ ഫോൺ കയറ്റുമതി പൂജ്യമായിരുന്നതിൽനിന്ന് ഇന്ന് ആയിരക്കണക്കിനുകോടികളുടെ മൊബൈൽ ഫോൺ കയറ്റുമതിചെയ്യുന്ന രാജ്യമായി നമ്മൾ മാറിയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. “സ്വാഭാവികമായും, ഈ ശ്രമങ്ങളെല്ലാം ഉപകരണത്തിന്റെ വിലയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോൾ നമുക്കു കുറഞ്ഞ ചെലവിൽ കൂടുതൽ സവിശേഷതകൾ ലഭിക്കാൻ തുടങ്ങിയിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ സമ്പർക്കസൗകര്യം എന്ന രണ്ടാം സ്തംഭത്തിന്റെ കാര്യം പറയവേ, ഇന്റർനെറ്റ് ഉപയോക്താക്കൾ 2014ലെ 6 കോടിയിൽനിന്ന് 80 കോടിയായി വർധിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. 2014ലെ 100ൽ താഴെ പഞ്ചായത്തുകളെ അപേക്ഷിച്ച് ഇപ്പോൾ 1.7 ലക്ഷം പഞ്ചായത്തുകൾ ഒപ്റ്റിക്കൽ ഫൈബർവഴി ബന്ധിപ്പിച്ചിരിക്കുന്നു. “വൈദ്യുതി ലഭ്യമാക്കുന്നതിനായി ഗവണ്മെന്റ് വീടുതോറുമുള്ള ക്യാമ്പയിൻ ആരംഭിച്ചതുപോലെ, ഹർഘർ ജൽ അഭിയാൻ വഴി എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ദൗത്യത്തിൽ പ്രവർത്തിക്കുകയും ഉജ്വല പദ്ധതിയിലൂടെ അങ്ങേയറ്റം പാവപ്പെട്ടവർക്കു പാചകവാതകസിലിണ്ടറുകൾ എത്തിക്കുകയും ചെയ്തു. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിലും നമ്മുടെ ഗവണ്മെന്റ് സമാനമായ രീതിയിലാണു പ്രവർത്തിക്കുന്നത്.”- അദ്ദേഹം പറഞ്ഞു.

മൂന്നാമത്തെ സ്തംഭമായ ഡാറ്റയുടെ വിലയെക്കുറിച്ചു പറയവേ, വ്യവസായത്തിനു നിരവധി പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ടെന്നും 4ജി പോലുള്ള സാങ്കേതികവിദ്യകൾക്കു നയപരമായ പിന്തുണ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു ഡാറ്റയുടെ വില കുറയ്ക്കുകയും രാജ്യത്തു ഡാറ്റാവിപ്ലവം ആരംഭിക്കുകയുംചെയ്തു. ഈ മൂന്നു തൂണുകളും എല്ലായിടത്തും അവയുടെ അനേകമടങ്ങുപ്രഭാവം കാണിക്കാൻ തുടങ്ങി- അദ്ദേഹം പറഞ്ഞു.

നാലാം സ്തംഭത്തെക്കുറിച്ച്, അതായത് ‘ഡിജിറ്റൽ ഫസ്റ്റ്’ എന്ന ആശയത്തിൽ, പാവപ്പെട്ടവർക്കു ഡിജിറ്റൽ എന്നതിന്റെ അർഥമെങ്കിലും മനസിലാകുമോ എന്നു വരേണ്യവർഗത്തിൽ ചിലരെങ്കിലും ആരായുകയും അവരുടെ കഴിവിനെ സംശയിക്കുകയുംചെയ്ത സമയമുണ്ടായിരുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരന്റെ അറിവിലും വിവേകത്തിലും അന്വേഷണാത്മക മനസിലും എപ്പോഴും വിശ്വാസമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ രാജ്യത്തെ പാവപ്പെട്ടവർ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ പണമിടപാടുമേഖലയിലെ ഗവൺമെന്റിന്റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടി, ഡിജിറ്റൽ പണമിടപാടുകൾ എളുപ്പമാക്കിയതു ഗവണ്മെന്റാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഗവണ്മെന്റ് തന്നെമൊബൈൽ ആപ്പിലൂടെ പൗരകേന്ദ്രീകൃത വിതരണ സേവനം പ്രോത്സാഹിപ്പിച്ചു. കർഷകരുടെ കാര്യമായാലും ചെറുകിട കടയുടമകളായാലും, അവരുടെ ദൈനംദിന ആവശ്യങ്ങൾ മൊബൈൽ ആപ്പിലൂടെ നിറവേറ്റാനുള്ള മാർഗം ഞങ്ങൾ അവർക്കു നൽകി.”- ശ്രീ മോദി കൂട്ടിച്ചേർത്തു. മഹാമാരിക്കാലത്തു പല രാജ്യങ്ങളും ബുദ്ധിമുട്ടിയപ്പോഴും നമ്മുടെ രാജ്യം ഡിബിടി, വിദ്യാഭ്യാസം, പ്രതിരോധകുത്തിവയ്പ്, ആരോഗ്യസേവനങ്ങൾ എന്നിവ തടസമില്ലാതെ തുടർന്നതിനെക്കുറിച്ചും ‘വർക് ഫ്രം ഹോം’ സംവിധാനത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

ഡിജിറ്റൽ ഇന്ത്യ ഒരു വേദിയൊരുക്കിയെന്നു പരാമർശിച്ച പ്രധാനമന്ത്രി, ചെറുകിട വ്യാപാരികൾ, ചെറുകിട സംരംഭകർ, പ്രാദേശിക കലാകാരന്മാർ, കരകൗശലവിദഗ്ധർ എന്നിവർക്ക് ഇപ്പോൾ എല്ലാവരിലേക്കും തങ്ങളുടെ വിപണിയെത്തിക്കാൻ കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടി. “ഇന്ന് നിങ്ങൾ ഒരു പ്രാദേശിക കമ്പോളത്തിലോ പച്ചക്കറി മാർക്കറ്റിലോ പോയി നോക്കൂ, ഒരു ചെറിയ വഴിയോര കച്ചവടക്കാരൻപോലും നിങ്ങളോടു പറയും, പണമായല്ല, പകരം ‘യുപിഐ’ വഴി ഇടപാടു നടത്തൂ എന്ന്.”- ശ്രീ മോദി കൂട്ടിച്ചേർത്തു. “ഇതു വെളിവാക്കുന്നത് ഒരു സൗകര്യം ലഭ്യമാകുമ്പോൾ, ചിന്തയും കരുത്തുപ്രാപിക്കും എന്നാണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംശുദ്ധമായ ഉദ്ദേശ്യത്തോടെ ഗവണ്മെന്റ് പ്രവർത്തിക്കുമ്പോൾ പൗരന്മാരുടെ ഉദ്ദേശ്യങ്ങൾക്കും മാറ്റമുണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 2ജിയുടെയും 5ജിയുടെയും ഉദ്ദേശ്യത്തിലെ പ്രധാന വ്യത്യാസം ഇതാണ്” – അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തു ഡാറ്റയുടെ വില ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു ജിബിക്ക് 300 രൂപയിൽനിന്ന് 10 രൂപയായി കുറഞ്ഞു. ഗവൺമെന്റിന്റെ ഉപഭോക്തൃ കേന്ദ്രീകൃത ശ്രമങ്ങളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയിൽ ഡാറ്റയുടെ വില വളരെ കുറഞ്ഞ നിലയിൽ തുടരുകയാണെന്നു പറഞ്ഞു. “ഇക്കാര്യത്തിൽ ഞങ്ങൾ ബഹളമുണ്ടാക്കിയില്ല, വലിയ പരസ്യങ്ങൾ ഇറക്കിയില്ല എന്നതു വേറെ കാര്യം. രാജ്യത്തെ ജനങ്ങളുടെ സൗകര്യവും ജീവിതസൗകര്യവും എങ്ങനെ വർധിപ്പിക്കാമെന്നതിലാണു ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.” “ആദ്യത്തെ മൂന്നു വ്യാവസായിക വിപ്ലവങ്ങളിൽനിന്ന് ഇന്ത്യക്കു നേട്ടമുണ്ടായിരിക്കില്ല. എന്നാൽ, നാലാം വ്യാവസായിക വിപ്ലവത്തിന്റെ പൂർണ പ്രയോജനം ഇന്ത്യക്കു ലഭിക്കുമെന്നും, യഥാർഥത്തിൽ അതിനു നേതൃത്വമേകുമെന്നും എനിക്കുറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

5ജി സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിലുള്ള ഇന്റർനെറ്റ് പ്രാപ്യമാക്കുന്നതിൽ മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവ് അതിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയിലുള്ള വാഗ്ദാനങ്ങൾ നമ്മുടെ ജീവിതകാലത്തു സാക്ഷാത്കരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്കൂളുകളും കോളേജുകളും സന്ദർശിച്ച് ഈ പുതിയ സാങ്കേതികവിദ്യയുടെ എല്ലാ വശങ്ങളും തുറന്നുകാട്ടാൻ ടെലികോം വ്യവസായ അസോസിയേഷൻ നേതാക്കളോട് ശ്രീ മോദി അഭ്യർഥിച്ചു. ഇലക്ട്രോണിക് നിർമാണത്തിനായുള്ള സ്പെയർ പാർട്സ് തയ്യാറാക്കാൻ എംഎസ്എംഇകൾക്ക് സാധിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. രാജ്യത്തു വിപ്ലവം കൊണ്ടുവരാൻ 5ജി സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി അവതരിപ്പിച്ച ഡ്രോൺ നയത്തിനുശേഷം ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പല കർഷകരും ഡ്രോണുകൾ പറത്തുന്നത് എങ്ങനെയെന്നു പഠിച്ചുവെന്നും വയലുകളിൽ കീടനാശിനികൾ തളിക്കുന്നതിന് അവ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലെ ഇന്ത്യ, വരാനിരിക്കുന്ന സാങ്കേതികമേഖലയിൽ ലോകത്തെ നയിക്കുമെന്നും ഇന്ത്യയെ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

കേന്ദ്ര വാർത്താവിനിമയമന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ദേവുസിങ് ചൗഹാൻ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ മിത്തൽ, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള, ടെലികമ്യൂണിക്കേഷൻ സെക്രട്ടറി കെ രാജരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം:
5ജി സാങ്കേതികവിദ്യ സാധാരണക്കാർക്കു നിരവധി പ്രയോജനങ്ങളേകും. തടസമില്ലാത്ത കവറേജ്, ഉയർന്ന ഡാറ്റാനിരക്ക്, കുറഞ്ഞ ലേറ്റൻസി, ഏറെ വിശ്വസനീയമായ ആശയവിനിമയങ്ങൾ എന്നിവയ്ക്ക് ഇതു സഹായിക്കും. കൂടാതെ, ഊർജകാര്യക്ഷമത, സ്പെക്ട്രം കാര്യക്ഷമത, നെറ്റ്‌വർക്ക് കാര്യക്ഷമത എന്നിവ വർധിപ്പിക്കും. 5ജി സാങ്കേതികവിദ്യ കോടിക്കണക്കിന് ഇന്റർനെറ്റ് ഓഫ് തിങ്സ് ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിനും, ഉയർന്ന നിലവാരമുള്ള വീഡിയോ സേവനങ്ങൾക്ക് ഉയർന്ന വേഗതയിൽ ചലനക്ഷമതയൊരുക്കുന്നതിനും, ടെലിസർജറി, ഓട്ടോണമസ് കാറുകൾ തുടങ്ങിയ നിർണായക സേവനങ്ങൾ നൽകുന്നതിനും സഹായിക്കും. ദുരന്തങ്ങളുടെ തത്സമയ നിരീക്ഷണം, കൃത്യമായ കൃഷി, ആഴത്തിലുള്ള ഖനികൾ, തീരത്തുനിന്ന് അകലെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ അപകടകരമായ വ്യാവസായിക പ്രവർത്തനങ്ങളിൽ മനുഷ്യരുടെ പങ്കുകുറയ്ക്കുന്നതിന് 5ജി സഹായിക്കും. നിലവിലുള്ള മൊബൈൽ കമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിൽനിന്നു വ്യത്യസ്തമായി, 5G നെറ്റ്‌വർക്കുകൾ ഒരേ നെറ്റ്‌വർക്കിനുള്ളിലെ വ്യത്യസ്ത ഉപയോഗത്തിനായി, ഓരോന്നിന്റെയും ആവശ്യകതകൾ ക്രമീകരിക്കാൻ അനുവദിക്കും.

“ന്യൂ ഡിജിറ്റൽ യൂണിവേഴ്സ്” എന്ന വിഷയത്തിൽ ഒക്ടോബർ 1 മുതൽ 4 വരെയാണ് ഐഎംസി 2022 നടത്തുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള സ്വീകരിക്കലും വ്യാപനവും കാരണം ഉയർന്നുവരുന്ന അതുല്യമായ അവസരങ്ങൾ ചർച്ചചെയ്യുന്നതിനും പ്രദർശിപ്പിക്കുന്നതിനും പ്രമുഖ ചിന്തകരെയും സംരംഭകരെയും നവീനാശയ ഉപജ്ഞാതാക്കളെയും ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും ഇത് ഒരുമിപ്പിക്കും.

പ്രധാനമന്ത്രി കാത്യായനി ദേവിയുടെ അനുഗ്രഹം തേടി
ന്യൂഡല്‍ഹി, ഒക്ടോബര്‍ 01, 2022

നവരാത്രി വേളയില്‍ കാത്യായനി ദേവിയുടെ എല്ലാ ഭക്തര്‍ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുഗ്രഹം തേടി. എല്ലാവര്‍ക്കും ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെയെന്നും ശ്രീ മോദി ആശംസിച്ചു. ദേവിയുടെ പ്രാര്‍ത്ഥനകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

‘ചന്ദ്രഹാസോജ്ജ്വലകരാ ശാരദൂലവരവാഹനാ.

കാത്യായനീ ച ശുഭദാ ദേവീ ദാനവഘാതിനീ

ദുര്‍ഗ്ഗാ ദേവിയുടെ കാത്യായനി രൂപം വളരെ അതിശയകരവും അമാനുഷികവുമാണ്. ഇന്ന് ദേവിയെ ആരാധിക്കുന്നതിലൂടെ എല്ലാവര്‍ക്കും പുതിയ ആത്മവിശ്വാസവും ആത്മബലവും ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

കോവിഡ്-19: പുതിയ വിവരങ്ങള്‍

ന്യൂഡല്‍ഹി, ഒക്ടോബര്‍ 01, 2022

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 218.68 കോടി (94.86 കോടി രണ്ടാമത്തെ ഡോസും, 21.33 കോടി കരുതല്‍ ഡോസും) ഡോസ് വാക്‌സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,29,137 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 38,293 പേര്‍

ചികിത്സയിലുള്ളത് 0.09 ശതമാനം പേര്‍

രോഗമുക്തി നിരക്ക് 98.73%

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,069 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,40,24,164 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,805 പേര്‍ക്ക്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.29%)

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.39%)

ആകെ നടത്തിയത് 89.53 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,95,416 പരിശോധനകള്‍.

സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ കോവിഡ് -19 വാക്സിന്‍ ലഭ്യത സംബന്ധിച്ച പുതിയ വിവരങ്ങള്‍

ന്യൂഡല്‍ഹി, ഒക്ടോബര്‍ 01, 2022

രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. രാജ്യവ്യാപകമായി കോവിഡ് 19 വാക്‌സിനേഷന്‍ 2021 ജനുവരി 16-ന് ആരംഭിച്ചു. കോവിഡ്-19 വാക്‌സിനേഷന്റെ സാര്‍വത്രികവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21 മുതല്‍ ആരംഭിച്ചു. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.

വാക്സിന്‍ ഡോസുകള്‍
(2022 ഒക്ടോബര്‍ 01, വരെ)

വിതരണം ചെയ്തത്
2,03,45,65,325

ബാക്കിയുള്ളത്
2,27,79,350

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 203.45 കോടിയോടടുത്ത് (2,03,45,65,325) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

ഉപയോഗിക്കാത്ത 2.27 കോടിയിലധികം (2,27,79,350) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 218.68 കോടി കവിഞ്ഞു

ന്യൂഡല്‍ഹി, ഒക്ടോബര്‍ 01, 2022

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 218.68 കോടി (2,18,68,45,847) പിന്നിട്ടു.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.10 കോടിയിലധികം (4,10,30,931) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,15,204
രണ്ടാം ഡോസ് 1,01,18,887
കരുതല്‍ ഡോസ് 70,28,132

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,36,829
രണ്ടാം ഡോസ് 1,77,16,548
കരുതല്‍ ഡോസ് 1,36,59,353

12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,10,30,931
രണ്ടാം ഡോസ് 3,17,93,640

15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,19,46,334
രണ്ടാം ഡോസ് 5,30,78,937

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 56,12,83,472
രണ്ടാം ഡോസ് 51,58,13,517
കരുതല്‍ ഡോസ് 9,62,02,389

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,40,31,332
രണ്ടാം ഡോസ് 19,69,72,934
കരുതല്‍ ഡോസ് 4,90,06,717

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,76,70,033
രണ്ടാം ഡോസ് 12,31,46,337
കരുതല്‍ ഡോസ് 4,74,94,321

കരുതല്‍ ഡോസ് 21,33,90,912

ആകെ 2,18,68,45,847

രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 38,293; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.09% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.73 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,069 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,24,164 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,805 പേര്‍ക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,95,416 പരിശോധനകള്‍ നടത്തി. ആകെ 89.53 കോടിയിലേറെ (89,53,49,919) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.39 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.29 ശതമാനമാണ്.

error: Content is protected !!