Trending Now

1000 ഗ്രാമ ചന്തകള്‍ ഉടന്‍ ആരംഭിക്കും

കുടുംബശ്രീയുമായി സഹകരിച്ച് സംസ്ഥാനത്ത് 1000 ഗ്രാമ ചന്തകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു

 വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ (വി.എഫ്.പി.സി.കെ) 16-ാമത് വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് വിതരണവും തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു .
മൊബൈല്‍ ഗ്രാമ ചന്തകളായിരിക്കും ആരംഭിക്കുക. ഒരു ഗ്രാമത്തില്‍ ഉത്പാദിപ്പിക്കുന്ന എല്ലാ കാര്‍ഷികോത്പന്നങ്ങളും കോഴിമുട്ട, തൈര്, മോര്, പാല്‍ എന്നിവയും വിപണി വില നല്‍കി സംഭരിക്കുകയും ഗ്രാമ ചന്തകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ഇതിനു പുറമേ കൃഷി വകുപ്പ് 200 പുതിയ ഇക്കോ ഷോപ്പുകള്‍ തുടങ്ങും. കപ്പ ഉള്‍പ്പെടെയുള്ളവ അധികമായി ഉത്പാദിപ്പിക്കുന്നത് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാന്‍ കുടുംബശ്രീ മുഖേന 1000 യൂണിറ്റുകള്‍ ആരംഭിക്കും. അടുത്ത സീസണ്‍ മുതല്‍ വി.എഫ്.പി.സി.കെ മുഖേന ചക്ക സംഭരിക്കുകയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. മാളയിലുള്ള ചക്ക സംസ്‌കരണ യൂണിറ്റിനെ നവീകരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പുറത്തിറക്കും. മാതൃകാ പദ്ധതിയായി ഇത് നടപ്പാക്കും. അട്ടപ്പാടിയില്‍ ഗ്രാമീണ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പപ്പായ ഉള്‍പ്പെടെ ഫലവര്‍ഗങ്ങളും ധാന്യങ്ങളും തദ്ദേശീയ, ദേശാന്തര വിപണികളില്‍ എത്തിക്കും.
എല്ലാ ജില്ലകളിലും ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ വിപണന ശാലകള്‍ ഉടന്‍ ആരംഭിക്കും. ഹോര്‍ട്ടി കോര്‍പ്പ് കൊട്ടാരക്കരയില്‍ നിന്ന് തളിര്‍ ബ്രാന്‍ഡില്‍ പച്ചകറികള്‍ ഉടന്‍ പുറത്തിറക്കും. ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. വി.എഫ്.പി.സി.കെയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് കൂടുതല്‍ വ്യാപിപ്പിക്കും. ശക്തമായ പിന്തുണയാണ് വി.എഫ്.പി.സി.കെയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ 40 കോടി രൂപ അനുവദിച്ചിരുന്നു. കര്‍ഷകര്‍ക്ക് പൂര്‍ണമായ നേട്ടം ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. കൃഷി വകുപ്പിന്റെയും അനുബന്ധ ഏജന്‍സികളുടെയും പ്രവര്‍ത്തനം കര്‍ഷക കേന്ദ്രീകൃതമാക്കി മാറ്റിവരികയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാരം കാണുകയും ചെയ്യും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുപാതികമായ നേട്ടങ്ങള്‍, മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭിക്കുന്നില്ല. ഇതിന് മാറ്റമുണ്ടാക്കും. എങ്കിലേ പുതിയ തലമുറ കാര്‍ഷിക വൃത്തിയിലേക്ക് കടന്നുവരികയും നിലനില്‍ക്കുകയുമുള്ളൂ. കാര്‍ഷിക മേഖലയില്‍ വികസനം ഉണ്ടായെങ്കിലേ നാടിന്റെ വികസനം പൂര്‍ണതയിലെത്തുകയുള്ളൂ. കര്‍ഷകരില്‍ നിന്ന് ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങളും പരാതികളും സമയബന്ധിതമായി പരിഹാരം കാണും. വിത്ത് ഉത്പാദന വിതരണ രംഗത്ത് വി.എഫ്.പി.സി.കെ സര്‍ക്കാര്‍ നല്‍കിയ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 57 ലക്ഷം വിത്തുപായ്ക്കറ്റുകളാണ് വി.എഫ്.പി.സി.കെ തയാറാക്കി വിതരണം ചെയ്തത്.
രണ്ട് കോടി മികച്ച നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള വി.എഫ്.പി.സി.കെയുടെ സംവിധാനം ഈ മാസം നടുക്കരയില്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. ആലത്തൂരിലെ ലാബിലെ ടിഷ്യു കള്‍ച്ചര്‍ വാഴ തൈകളുടെ ഉത്പാദനം നിലവിലുള്ള മൂന്നു ലക്ഷം എന്നത് 10 ലക്ഷമാക്കി ഉയര്‍ത്തും. ഇതിനൊപ്പം കഴക്കൂട്ടത്തെ യൂണിറ്റിലും എറണാകുളത്തെ കാര്‍ഷിക സര്‍വകലാശാല കേന്ദ്രത്തിലെയും വാഴ തൈ ഉത്പാദനം വര്‍ധിപ്പിക്കും. ഇതിലൂടെ അടുത്ത വര്‍ഷം സംസ്ഥാനത്തേക്ക് ആവശ്യമായ മികച്ച ഗുണനിലവാരമുള്ള വാഴവിത്ത് പൂര്‍ണമായി ഉത്പാദിപ്പിക്കാന്‍ കഴിയും.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായ സൂക്ഷ്മകൃഷി നടപ്പാക്കും. ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കും. ജൈവ ഉത്പന്നങ്ങള്‍, ജൈവ വളം എന്നിവയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഏറ്റവും നൂതനമായ കൃഷി രീതികളും സാങ്കേതിക വിദ്യയും കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഇതിലൂടെ കാര്‍ഷിക ചെലവ് 10 മുതല്‍ 30 ശതമാനം വരെ കുറയ്ക്കുന്നതിനും 20 മുതല്‍ 40 ശതമാനം വരെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
കര്‍ഷകര്‍ക്ക് ജൈവ വളങ്ങള്‍ ലഭ്യമാക്കും. കൃഷി വകുപ്പിന്റെ എല്ലാ ഏജന്‍സികളുടെയും കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളുടെയും സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം സുനില്‍കുമാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.കെ സുരേഷ്, തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, കൗണ്‍സിലര്‍ റീന മാത്യു, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, ഡയറക്ടര്‍മാരായ മാധവന്‍പിള്ള, കെ.ജെ റോസമ്മ, സിറിള്‍ കുര്യാക്കോസ്, കെ.എന്‍ രാമകൃഷ്ണന്‍, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ കെ.ഷംസുദീന്‍, എ.പ്രദീപന്‍, എ ആന്റ് എഫ് ഡയറക്ടര്‍ റെജി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു