വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യസുരക്ഷ പെന്ഷന് ഗുണഭോക്താക്കള്‍ ( കര്‍ഷകതൊഴിലാളി പെന്ഷന്, വിധവ പെന്ഷന്, ഡിസെബിലിറ്റി പെന്ഷന്, വാര്‍ദ്ധക്യകാല പെന്ഷന്, 50 വയസ് മുകളിലുള്ള അവിവാഹിത പെന്ഷന്) വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പെന്ഷന് ഐഡി നമ്പര്‍ എന്നിവ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468-2350229.
ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും (സെപ്റ്റംബര്‍ 17)
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് ഓഗസ്റ്റ് 2022-ല്‍ ദേശീയ തലത്തില്‍ ഒന്നാമതായ ട്രെയിനികളെ അനുമോദിക്കുന്നതിനായി നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹി വസന്ത് കുഞ്ചിലെ എഐസിറ്റിഇ ഓഡിറ്റോറിയത്തില്‍ (സെപ്റ്റംബര്‍ 17) രാവിലെ 10.30-ന് കോണ്വൊക്കേഷന് സെറിമണി നടത്തും. സംസ്ഥാന കേന്ദ്രങ്ങളിലും എല്ലാ ഗവണ്മെന്റ് / പ്രൈവറ്റ് ഐ ടി ഐ- കളിലും കോണ്വൊക്കേഷന് സെറിമണികള്‍ നടത്തും. കേരളത്തില്‍ നടക്കുന്ന ചടങ്ങുകള്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി 10.30 ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ ഐ ടി ഐ-കളിലും കോണ്വൊക്കേഷന് സെറിമണികള്‍ നടക്കും. ഗവ. ഐ ടി ഐ ചെന്നീര്‍ക്കരയില്‍ നടക്കുന്ന കോണ്വൊക്കേഷന് സെറിമണിയില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോര്‍ജ് തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. ട്രെയിനീകള്ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത് നിര്‍വഹിക്കും.
പേവിഷ നിര്‍മാര്‍ജന കുത്തിവയ്പ്പ്
വളളിക്കോട് ഗ്രാമ പഞ്ചായത്തില്‍ പേവിഷ നിര്‍മാര്‍ജന കുത്തിവയ്പ്പ്് സെപ്റ്റംബര്‍ 19, 20, 21 തീയതികളില്‍ നടത്തും. 19 ന് ഭുവനേശ്വരം അമ്പലത്തിന് സമീപം (രാവിലെ 9.30), ചാങ്ങേത്ത് മണ്ണില്‍പടി (10.30), മാവുംപാറപടി (9.30), പുളിനില്ക്കുന്നതില്പടി (10.30), കിടങ്ങേത്ത് ജംഗ്ഷന് (11.30), നരിയാപുരം വായനശാല (11.30), 20 ന് സാംസ്കാരിക നിലയം ഞക്കുനിലം (9.30), വെളളപ്പാറ ഇഎഎല്‍പിഎസ് സ്കൂള്‍ (10.30), കുടമുക്ക് 81-ാം നമ്പര്‍ അംഗനവാടി (9.30), പുത്തന്‍ കുരിശ് (10.30). ഇണ്ടിളയപ്പന് ക്ഷേത്രം (11.30), 21 ന് കൈപ്പട്ടൂര്‍ മൃഗാശുപത്രി ( ഉച്ചയ്ക്ക് 12), ത്രിപ്പാറ കുരിശിന് സമീപം (9.30) വളളിക്കോട് വില്ലേജ് ഓഫീസ് (10.30), വെറ്ററിനറി സബ്സെന്റര്‍ വളളിക്കോട് (11), കോഴിക്കോട് തലയ്ക്കല്‍ (9.30). ഫോണ്‍ : 9947847247.
പളളിക്കല്‍ പേവിഷബാധ നിര്‍മാര്‍ജനത്തിന് കര്‍മ പദ്ധതി തയാറാക്കി
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പേവിഷബാധ നിര്‍മാര്‍ജനത്തിനായി കര്‍മ്മ പദ്ധതി തയാറാക്കി. മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കര്‍മപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി റാബിസ് ഫ്രീ വാക്സിനേഷന് ക്യാമ്പയിന് സെപ്റ്റംബര്‍ 19 ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡ് കേന്ദ്രങ്ങളില്‍ വളര്‍ത്ത് നായ്ക്കള്‍ക്കുള്ള പേവിഷപ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ നടത്തും. പഞ്ചായത്ത് തല ഉദ്ഘാടനം കൈതയ്ക്കലില്‍ സെപ്റ്റംബര്‍ 19 ന് പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് നിര്‍വഹിക്കും. സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. വി. പ്രീതി, പഞ്ചായത്ത് സെക്രട്ടറി റ്റി.എസ്. സജീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മാണ സ്ഥലത്ത് നിന്നിരുന്ന തേക്ക് മരത്തിന്റെ ഏഴ് കഷണങ്ങളും വിറകും വില്‍ക്കും. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍: 04682222198.
ഇന്ത്യന്‍ ശുചിത്വലീഗ് പത്തനംതിട്ട നഗരസഭതല ഉദ്ഘാടനം (സെപ്റ്റംബര്‍ 17)
ഇന്ത്യന്‍ ശുചിത്വലീഗ് പത്തനംതിട്ട നഗരസഭതല ഉദ്ഘാടനം (സെപ്റ്റംബര്‍ 17) രാവിലെ 10 ന് പത്തനംതിട്ട നോര്‍ത്ത് വൈഎംസിഎ റോഡില്‍ നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് നിര്‍വഹിക്കും.
പ്രാദേശിക സര്‍ക്കാരുകളുടെ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ യുവജനതയെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യന്‍ ശുചിത്വലീഗ് പരിപാടിയില്‍ കേരളത്തിലെ എഴുപതിലധികം നഗരസഭകള്‍ യൂത്ത് ടീം ലീഡര്‍മാരുടെ നേതൃത്വത്തില്‍ ടീമുകളെ മത്സരത്തില്‍ പങ്കെടുപ്പിക്കും.
ബീച്ചുകള്‍, മലയോരകേന്ദ്രങ്ങള്‍, ടൂറിസംകേന്ദ്രങ്ങള്‍ എന്നിവിടങ്ങളുടെ ശുചീകരണവും അതോടൊപ്പംതന്നെ ബോധവത്ക്കരണം ലക്ഷ്യമാക്കി പ്ലോഗിങ്, യുവജനങ്ങളുടെ മനുഷ്യച്ചങ്ങല, കാല്‍നട റാലികള്‍, ബൈക്ക്/സൈക്കിള്റാലികള്, ഫ്ളാഷ്മോബ് തുടങ്ങിയ പരിപാടികളും ഇന്ത്യന്‍ ശുചിത്വലീഗിന്റെ ഭാഗമായി കേരളത്തിലെ നഗരങ്ങളില്‍ (17) നടക്കും.
ശുചിത്വലീഗില് അണിചേരുന്നതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുരോഗിക്കുകയാണ്. കേരളത്തില്‍ നിന്ന് ഇരുപത്തയ്യായിരം യുവജനങ്ങളെയെങ്കിലും പങ്കെടുപ്പിക്കുന്നതിനുള്ള നടപടികള്‍ ശുചിത്വമിഷന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ യുവജന സന്നദ്ധ സംഘടനകള്‍ മാലിന്യത്തിനെതിരായ പോരാട്ടത്തില്‍ അണിനിരക്കും.
ശുചീകരണത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അവരുടെ ശുചീകരണ തൊഴിലാളികളും വഹിക്കുന്ന വലിയ പരിശ്രമം എത്രയെന്ന് യുവജനങ്ങള്‍ മനസിലാക്കുന്നതിനും, മാലിന്യത്തിനെതിരായ പോരാട്ട പ്രവര്‍ത്തനങ്ങളില്‍ വലിച്ചെറിയല്‍ ഒഴിവാക്കുന്നതിന് യുവജനങ്ങളിലൂടെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും,അളവ്കുറയ്ക്കലിന്റെ പ്രാധാന്യം, ജലസ്രോതസുകള്‍ മലിനമാക്കുന്നതിനെതിരായ സന്ദേശം എന്നിവ പ്രചരിപ്പിക്കുന്നതിനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടീമുകളെ ഇന്ത്യന്‍ ശുചിത്വലീഗിലെ അവരുടെ നവീന പ്രവര്ത്തനാശയം വിവരിക്കുന്നതിന് ദേശീയതലത്തില്അവസരം നല്‍കും.
യൂത്ത്ലീഗ് പരിപാടിയിലെ യുവജന പങ്കാളിത്തം, പരിപാടി നടപ്പാക്കുന്നതിലെ ആശയ പുതുമ, പരിപാടിമൂലം നഗരശുചിത്വത്തില്‍ ഉണ്ടായ മികവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും ദേശീയതലത്തില്‍ വിജയികളെ കണ്ടെത്തുന്നത്.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. ഹോട്ടല്‍ മാനേജ്മെന്റ് / കേറ്ററിംഗ് ടെക്നോളജിയില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്റ്റിസി/എന്‍എസി) യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ സെപ്റ്റംബര്‍ 19ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0468- 2258710.
ഐടിഐ ട്രെയിനികള്‍ക്കുളള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി
റാന്നി ഗവ. ഐ.ടി.ഐയില്‍ 2022 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ വിജയിച്ച പരിശീലനാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും ഇന്ന് (സെപ്റ്റംബര്‍ 17) രാവിലെ 10.30ന് റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡ്വ.പ്രമോദ് നാരായണ്‍ നിര്‍വഹിക്കും. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ലി യോഗത്തില്‍ അധ്യക്ഷത വഹിക്കും.
സര്‍വെയര്‍ എഴുത്ത് പരീക്ഷ 18ന്
സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റില്‍ നിന്നും ലഭ്യമായ സര്‍വെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 18ന് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖാന്തിരം എല്ലാ ജില്ലകളിലും എഴുത്ത് പരീക്ഷ നടത്തും. ഹാള്‍ ടിക്കറ്റുകള്‍ പോസ്റ്റല്‍ ആയും എന്റെ ഭൂമി പോര്‍ട്ടലില്‍ നിന്നും ( entebhoomi.kerala.gov.in) ഡൗണ്‍ലോഡ് ചെയ്യാം.
തെരുവ് നായ ശല്യം പരിഹരിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് യോഗം (സെപ്തംബര്‍ 17)
തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തില്‍ (സെപ്റ്റംബര്‍ 17) ഉച്ചയ്ക്ക് ശേഷം 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. എല്ലാ ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അറിയിച്ചു.
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം
2022-23 സാമ്പത്തിക വര്‍ഷം സമര്‍ഥരായ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക പ്രോത്സാഹന ധനസഹായം നല്‍കുന്നതിന് 2022 വര്‍ഷം പത്തനംതിട്ട ജില്ലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്എസ്എല്‍സി (4 സി ഗ്രേഡും അതിനു മുകളിലേക്കും) പ്ലസ് ടു (2 സി ഗ്രേഡും അതിനു മുകളിലേക്കും), ഡിഗ്രി, പി.ജി (ഫസ്റ്റ് ക്ലാസ് ) കോഴ്സുകളില്‍ പഠനം നടത്തി മികച്ച വിജയം നേടിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമില്‍ തയാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, കോഴ്സ് സര്‍ട്ടിഫിക്കറ്റ് (അസല്‍ പകര്‍പ്പ്), പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസ് മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 04735 227703.
മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ദൃശ്യ മാധ്യമ സാങ്കേതിക കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ആനിമേഷന്‍, ഡിപ്പോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ് എന്നീ ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ക്ക് പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. അഞ്ച് ആഴ്ച ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്സിന് എസ്.എസ് എല്‍ സി ആണ് യോഗ്യത.
അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 20. ഫോണ്‍ 8547720167, 6238941788. വെബ് സൈറ്റ് : https://mediastudies.cdit.org/
ദേശീയ ബാല ചിത്രരചന മത്സരം (17)
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ബാല ചിത്രരചന
ജില്ലാതല മത്സരം പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30 ന്
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതല്‍ 12 വരെയാണ് മത്സരം. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ഭിന്നശേഷിക്കാരായ മത്സരാര്‍ഥികള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ക്രയോണ്‍, വാട്ടര്‍കളര്‍, ഓയില്‍കളര്‍, പേസ്റ്റല്‍ എന്നിവ മീഡിയമായി ഉപയോഗിക്കാന്‍ മത്സരാര്‍ഥികള്‍ കരുതണം. നിശ്ചിത അളവിലുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെയോ ഇതില്‍ ആദ്യം ഏത് എന്ന മാനദണ്ഡത്തില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്കോളര്‍ഷിപ്പ് ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കും.
വോട്ടര്‍പട്ടിക പുതുക്കുന്നു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പശേരി ഡിവിഷനുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിവിഷന് പരിധിയില്‍ വരുന്ന പെരിങ്ങര, കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഈ മാസം 26ന് വൈകുന്നേരം അഞ്ചു വരെ ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ നല്‍കാം. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 10 ന് പ്രസിദ്ധീകരിക്കുമെന്ന് ഇലക്ഷന് ഡെപ്യുട്ടി കളക്ടര്‍ അറിയിച്ചു.
നോട്ടിഫിക്കേഷന്‍
കേരളസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സീപാസ് എന്ന സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്ഓഫ് അപ്ലൈയ്ഡ് ലൈഫ് സയന്‍സില്‍ എം എസ് സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സുവോളജി, ബോട്ടണി, ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നീ വിഷയങ്ങളില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9497816632, 9446705344.