Trending Now

ആറന്മുള ജലോത്സവം: എ ബാച്ചില്‍ മല്ലപ്പുഴശേരിയും ബി ബാച്ചില്‍ ഇടപ്പാവൂരും ജേതാക്കള്‍

konnivartha.com : ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശേരി പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടവും ജേതാക്കളായി. എ ബാച്ചില്‍ കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാം സ്ഥാനത്തും ളാക ഇടയാറന്മുള പള്ളിയോടും നാലാം സ്ഥാനത്തും എത്തി. ബി ബാച്ചില്‍ പുല്ലൂപ്രം പള്ളിയോടം രണ്ടാം സ്ഥാനവും വന്മഴി പള്ളിയോടം മൂന്നാംസ്ഥാനവും നേടി.

എ ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പുന്നംതോട്ടം ഒന്നാം സ്ഥാനത്തും ഇടയാറന്മുള കിഴക്ക് രണ്ടാം സ്ഥാനത്തും ഇടയാറന്മുള മൂന്നാം സ്ഥാനത്തും പ്രയാര്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ബി ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പുതുക്കുളങ്ങര പള്ളിയോടം ഒന്നാം സ്ഥാനത്ത് എത്തി. മുതുവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.

 

പരപ്പുഴ കടവ് മുതല്‍ ആറന്മുള സത്രക്കടവ് വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരം വരുന്ന വാട്ടര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ജലോത്സവത്തില്‍ ആകെ 49 പള്ളിയോടങ്ങള്‍ പങ്കെടുത്തു. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണ്ണാനന്ദ ഭദ്രദീപം തെളിച്ചതോടെയാണ് ജലോത്സവം തുടങ്ങിയത്.

 

ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ആന്റോ ആന്റണി എംപിയും ഉദ്ഘാടനം എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാറും നിര്‍വഹിച്ചു. മത്സര വള്ളംകളി ഉദ്ഘാടനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു. രാമപുരത്ത് വാര്യര്‍ പുരസ്‌കാരം അന്തരിച്ച കവയത്രി സുഗതകുമാരിക്ക് വേണ്ടി മകള്‍ ലക്ഷ്മി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയില്‍ നിന്നും ഏറ്റുവാങ്ങി. പള്ളിയോട സേവാ സംഘത്തിന്റെ സുവനീര്‍ പാഞ്ചജന്യത്തിന്റെ പ്രകാശനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വഹിച്ചു.

 

പള്ളിയോട ശില്‍പ്പി ചങ്ങംകരി വേണു ആചാരിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ആദരിച്ചു. വഞ്ചിപ്പാട്ട് ആശാന്മാരായ കീഴ് വന്‍മഴി സോമശേഖരന്‍ നായര്‍, ഇടയാറന്മുള മധുസൂദനന്‍ പിള്ള, മേലുകര ശശിധരന്‍ നായര്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിച്ചു.

പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍ അധ്യക്ഷ വഹിച്ചു. മുന്‍ എംഎല്‍എമാരായ കെ.സി. രാജഗോപാലന്‍, എ. പത്മകുമാര്‍, കെ. ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, എന്‍എസ്എസ് രജിസ്ട്രാര്‍ പി.എന്‍. സുരേഷ്, കെ. കൃഷ്ണന്‍കുട്ടി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാന്‍, പന്തളം ബ്ലോക്ക് പഞ്ചായത്തംഗം അനില, മല്ലപ്പുഴശേരി പഞ്ചായത്ത് അംഗങ്ങളായ സി.ആര്‍. സതിദേവി, എസ്. ശ്രീലേഖ, ആറന്മുള പഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്‍ പിള്ള, ട്രഷറര്‍ കെ. സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ജി വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അജീഷ് കുമാര്‍, വി.ആര്‍. രാജശേഖരന്‍, രഘു മാരാമണ്‍, സുകുമാരപ്പണിക്കര്‍, മോഹന്‍കുമാര്‍, അഡ്വ. രാജഗോപാല്‍, ഹരിദാസ് ഇടത്തിട്ട, വി.ആര്‍. രാധാകൃഷ്ണന്‍ നായര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, കെ.എസ്. മോഹനന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ആറന്മുള പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് അടുത്തവര്‍ഷം വര്‍ധിപ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. ആറന്മുള ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവോണത്തോണിക്കുള്ള ഗ്രാന്റിലും വര്‍ധന വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവേശം അലതല്ലി; കരകള്‍ക്ക് ഉത്സവമായി ജലോത്സവം

പ്രളയത്തെയും കോവിഡ് മഹാമാരിയെയും അതിജീവിച്ച് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ആറന്മുള ഉതൃട്ടാതി ജലോത്സവം അക്ഷരാര്‍ഥത്തില്‍ കരകളുടെ ഉത്സവമായി മാറി. പമ്പയുടെ ഇരുകരകളിലും ആയിരക്കണക്കിനു പേര്‍ ജലോത്സവം കാണാന്‍ എത്തിയിരുന്നു. ഇടയ്ക്കിടെ മഴ വന്നും പോയും ഇരുന്നെങ്കിലും പള്ളിയോടങ്ങള്‍ അണിനിരക്കുകയും വഞ്ചിപ്പാട്ടുകള്‍ മുഖരിതമാകുകയും ചെയ്തതോടെ ആവേശം കൊടുമുടി കയറി. യുവാക്കള്‍ സത്രക്കടവില്‍ പവലിയനു താഴെ പമ്പയിലേക്ക് ഇറങ്ങി വഞ്ചിപ്പാട്ട് പാടിയത് ആവേശം വാനോളം ഉയര്‍ത്തി.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വള്ളംകളിക്ക് മുന്‍പായി സത്രക്കടവിലെത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ദുഖാചരണം പ്രഖ്യാപിച്ചിരുന്നതിനാല്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ജലോത്സവത്തില്‍ പങ്കെടുത്തില്ല. മത്സര വള്ളംകളിക്കു മുന്നോടിയായി പള്ളിയോടങ്ങള്‍ക്കൊപ്പം, വേലകളി, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ അണിനിരന്ന ജലഘോഷയാത്ര വര്‍ണാഭമായി. സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ഭരണകൂടം, പള്ളിയോട സേവാസംഘം, വിവിധ വകുപ്പുകള്‍ എന്നിവയുടെ മികച്ച ഏകോപനം ഇത്തവണത്തെ ഉതൃട്ടാതി ജലോത്സവത്തെ വലിയ വിജയമാക്കി മാറ്റി.

മികച്ച ഹീറ്റ്സ്, പള്ളിയോടം

ആറന്മുള ശൈലിയിലുള്ള തുഴച്ചിൽ മികവുമായി എ ബാച്ചിൽ മികച്ച ഹീറ്റ്സായി തിരഞ്ഞെടുക്കപ്പെട്ടത് മഴുക്കീർ, മേലുകര, മുണ്ടൻകാവ്, നെല്ലിക്കൽ എന്നീ പള്ളിയോടങ്ങൾ തുഴഞ്ഞ ബാച്ചാണ്. വേഷവിധാനം വഞ്ചിപ്പാട്ട് തുഴച്ചിൽ ശൈലി എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ബി ബാച്ചിൽ ഇടക്കുളം, തൈമറവുംകര മംഗലം, പൂവത്തൂർകിഴക്ക് എന്നീ പള്ളിയോടങ്ങൾ ട്രോഫി നേടി.

 

എ ബാച്ചിൽ ജല ഘോഷയാത്രയിലെ മികച്ച പള്ളിയോടമായി ഇടയാറന്മുളയും ബി ബാച്ചിൽ വന്മഴിയും തിരഞ്ഞെടുക്കപ്പെട്ടു. ആറന്മുള ശൈലിയിലുള്ള തുഴച്ചിൽ വെള്ളമുണ്ടും തലയിൽക്കെട്ടും പള്ളിയോടത്തിന്റെ ചമയം എന്നിവ മാനദണ്ഡമാക്കിയാണ് മികച്ച പള്ളിയോടത്തെയും പള്ളിയോടങ്ങളുടെ ഹീറ്റ്സിനെയും തിരഞ്ഞെടുത്തത്. എ ബാച്ചിൽ മഴുക്കീർ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ട്രോഫിയും, മേലുകര മാതൃഭൂമി ട്രോഫിയും മുണ്ടൻകാവ് ചങ്ങംകരി തങ്കപ്പനാചാരി ട്രോഫിയും നെല്ലിക്കൽ ചെമ്പകശ്ശേരി കുടുംബ ട്രോഫിയും നേടി. ബി ബാച്ചിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ട്രോഫി ഇടക്കുളവും കീഴ്ചേരിമേൽ രാജീവ്-വിശാൽ ട്രോഫി തൈമറവുംകരയും തോഷിബ ആനന്ദ് ട്രോഫി മംഗലവും വേലായുധൻ പിള്ള ട്രോഫി പൂവത്തൂർ കിഴക്കും നേടി.

error: Content is protected !!