konnivartha.com : മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ നൂതന സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം (20) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം പോലീസ് സ്റ്റേഷനു വേണ്ടി നിർമ്മിച്ചത് .
പുതിയ കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറി, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികൾ, തൊണ്ടി സൂക്ഷിക്കുന്നതിനും, റെക്കോഡുകൾ സൂക്ഷിക്കുന്നതിനും,ആയുധം സൂക്ഷിക്കുന്നതിനുമുള്ള മുറികൾ, ഓഫീസ് മുറി, സെർവർ റൂം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യവുമുണ്ട് .
ആധുനിക സൗകര്യങ്ങളുള്ള ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിലൊന്നായി മലയാലപ്പുഴ സ്റ്റേഷൻ മാറുകയാണ് . നിരവധി തീർത്ഥാടകരടക്കം എത്തിച്ചേരുന്ന മലയാലപ്പുഴയിൽ ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കാൻ കഴിയുംവിധം പോലീസ് സ്റ്റേഷൻ പ്രവർത്തനം ശക്തിപ്പെടുത്തും
ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി, കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ, പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം.മഹാജന്‍, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.