Trending Now

പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മാതൃ ശിശു സൗഹൃദ അംഗീകാരം

 

 

പത്തനംതിട്ട ജനറല്‍ ആശുപത്രി മാതൃ ശിശു സൗഹൃദ ആശുപത്രിക്കുള്ള സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശുപത്രികള്‍ മാതൃ ശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ഗുണനിലവാര പരിശോധനയിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് എം.ബി.എഫ്.എച്ച്.ഐ. (മദര്‍ ആന്‍ഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്) സര്‍ട്ടിഫിക്കേഷന്‍ നേടാനായത്. പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ ആദ്യമായാണ് ഒരു ആശുപത്രി ഈ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജനറല്‍ ആശുപത്രി 96.41 ശതമാനം സ്‌കോര്‍ കരസ്ഥമാക്കിയാണ് മാതൃ ശിശു സൗഹൃദ ആശുപത്രിക്കുള്ള അംഗീകാരം നേടിയത്. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുഞ്ഞുങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃ ശിശു സൗഹൃദ ആശുപത്രിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭിണികളുടെ പരിചരണം, പ്രസവം തുടങ്ങിയവ സ്ത്രീ സൗഹാര്‍ദമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലന പരിപാടിയുടെയും വിവിധ ഗുണനിലവാര സൂചികകളുടെയും അടിസ്ഥാനത്തിലാണ് മാതൃ ശിശു സൗഹൃദ ആശുപത്രിക്കുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. സംസ്ഥാന തലത്തില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

error: Content is protected !!