Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പ്

കോളേജ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ടാലന്റ് ഷോ

സംസ്ഥാനത്ത് 2025ടെ പുതിയ എച്ച്.ഐ.വി ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിനായിയുള്ള പ്രതിരോധ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒഎസ്ഒഎം (ഓപ്പണ്‍ സ്റ്റേജ് ഓപ്പണ്‍ മൈന്‍ഡ്) ജില്ലാതല ടാലന്റ് ഷോ ആഗസ്റ്റ് രണ്ടിന് പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഷോ നടത്തുന്നത്. യുവാക്കള്‍ക്കിടയില്‍ എച്ച്‌ഐവി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച്‌ഐവി രോഗ പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയുടെ ലക്ഷ്യം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 29ന് മുമ്പായി റെക്കാര്‍ഡ് ചെയ്ത കലാപ്രകടനങ്ങള്‍ വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന കോഴ്‌സ്, കോളേജിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് രണ്ടിന് നടക്കുന്ന ജില്ലാതല ടാലന്റ് ഷോയില്‍ പങ്കെടുക്കാം.

ഒന്നാം ഘട്ടമായ ജില്ലാതല മത്സരത്തില്‍ ജില്ലയിലെ ഐ.ടി.ഐ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പോളിടെക്‌നിക്, പ്രൊഫഷണല്‍ കോളേജ് തുടങ്ങിയ എല്ലാതരം കോളേജുകളില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 4000, 3000, 1500 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് അന്താരാഷ്ട്രാ യുവജന ദിനത്തില്‍ സംസ്ഥാന തലത്തില്‍ പങ്കെടുക്കുവാനുളള അവസരം ലഭിക്കും.

 

മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ഇവയാണ്: ഏഴു മിനിട്ട് ദൈര്‍ഘ്യത്തില്‍ കുറയാത്ത വ്യക്തിഗത പ്രകടനങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് അയക്കണം. ലഹരി ഉപയോഗവും എച്ച്‌ഐവി അണുബാധയും, എച്ച്‌ഐവി തടയുന്നതില്‍ സ്വമേധയാ ഉളള രക്തദാനത്തിന്റെ പങ്ക്, എച്ച്‌ഐവി ബാധിതര്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനം എന്നിങ്ങനെ പുതിയ എച്ച്‌ഐവി ബാധിതര്‍ ഇല്ലാത്ത 2025ലേക്ക് എന്ന സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തെ സാധൂകരിക്കുന്ന തരത്തിലുളള വിഷയങ്ങളിലാകണം കലാപ്രകടനങ്ങള്‍ അവതരിപ്പിക്കേണ്ടത്. പാട്ട്, നൃത്തം, സ്റ്റാന്‍ഡ് അപ് കോമഡി, മോണോ ആക്ട് തുടങ്ങിയ കലാമത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. എച്ച്‌ഐവി അണുബാധ തടയുക എന്നതാവണം കലാപ്രകടനങ്ങളുടെ സന്ദേശം. വിനോദവും, വിജ്ഞാനവും വസ്തുതയും ഉള്‍ക്കൊളളിച്ചുകൊണ്ടുളള കലാരൂപങ്ങളാകണം അവതരിപ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല  മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫോണ്‍: 9497 709 645, 9496 109 189.

പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര  പെന്‍ഷന്‍കാര്‍ വിവരങ്ങള്‍ നല്‍കണം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നിര്‍ദിഷ്ട മാതൃകയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിവരങ്ങള്‍ നല്‍കണം. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പുതുക്കി നല്‍കുന്നതിന്റെ ഭാഗമായാണ് വിവരശേഖരണം. വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കാനുള്ള  ഫോമിന്റെ നിശ്ചിതമാതൃക ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് പത്തനംതിട്ട (District Information Office pathanamthitta) എന്ന ഫേസ് ബുക്ക് പേജില്‍ ലഭിക്കും. 2022 ഓഗസ്റ്റ് അഞ്ചിനകം വിവരങ്ങള്‍ നല്‍കണമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഉപഡയറക്ടര്‍ അറിയിച്ചു.

 

ജില്ലാ ആസൂത്രണ സമിതി യോഗം 25ന്
ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 25ന് വൈകുന്നേരം നാലിന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


ദര്‍ഘാസ്
അടൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ മുറിച്ചിട്ടിട്ടുള്ള ആഞ്ഞിലി തടികള്‍ക്കും (4 കഷണം) ആഞ്ഞിലി വിറകിനുമായി സീല്‍ ചെയ്ത കവറുകളില്‍ മത്സരസ്വഭാവമുള്ള ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് നാലിന് 11ന് അടൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ തടികളും വിറകും ദര്‍ഘാസ്/ലേലം ചെയ്ത് വില്‍ക്കുമെന്നും  ദര്‍ഘാസ് ഫോറങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നതുമാണ്. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി അന്നേ ദിവസം പത്തുവരെ. ഫോണ്‍ : 0473 4 291 869

വികസന സെമിനാര്‍ ജൂലൈ 25ന്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ ജൂലൈ 25ന് 10.30ന്  ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എല്ലാ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി അംഗങ്ങളും വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി ഇന്റര്‍വ്യൂ 26ന്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 26ന് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ കോട്ടയം, ഏറ്റുമാനൂര്‍, മുത്തൂര്‍, തിരുവല്ല എന്നിവിടങ്ങളിലേക്ക് സെയില്‍സ് ട്രെയിനീസ്, എക്സിക്യൂട്ടീവ്സ്, ഫ്ലോര്‍ഹോസ്റ്റസ്, സെക്യൂരിറ്റി ഗാര്‍ഡ്സ് (സ്ത്രീ, പുരുഷന്‍), ഡ്രൈവര്‍, ഡെസ്പാച്ച് ക്ലാര്‍ക്ക്, വിഷ്വല്‍ മെര്‍ക്കന്‍ഡൈസര്‍ എന്നീ വേക്കന്‍സികളുടെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തും.
എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള 20-45 ഇടയില്‍ പ്രായപരിധിയുള്ള യുവതി യുവാക്കള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം’ എന്ന ഫേസ്ബുക്ക്പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0481 2 563 451, 2 565 452.

ഗതാഗത നിയന്ത്രണം
കുരിശുംമൂട് ചേരിക്കല്‍ റോഡില്‍ ആശാരിവിള ഭാഗത്ത് കലുങ്കു പുനര്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡിലൂടെയുളള ഗതാഗതം ജൂലൈ 25 മുതല്‍ നിരോധിച്ചു. ചേരിക്കല്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഐടിഐ ജംഗ്ഷനില്‍ നിന്നും  വലതു തിരിഞ്ഞ് മുട്ടാര്‍-വലക്കടവ് റോഡില്‍ കൂടി  പോകണമെന്നും  കൊച്ചാലുംമൂട് – പന്തളം റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മുട്ടാര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഇതേ റൂട്ടില്‍ പോകണമെന്നും പന്തളം പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


ഹിയറിംഗ് 26ന്

മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജൂലൈ 26ന് രാവിലെ 11 മുതല്‍ ഹിയറിംഗ് നടത്തുന്നതും പരാതികള്‍ സ്വീകരിക്കുമെന്നും ഓംബുഡ്സ്മാന്‍ അറിയിച്ചു.

ഓംബുഡ്സ്മാന്‍ ഓഫീസ് കുളനടയില്‍ ആരംഭിച്ചു
മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പത്തനംതിട്ട ഓംബുഡ്സ്മാന്റെ ഓഫീസ്  പുളിക്കീഴ് ബ്ലോക്ക്  പഞ്ചായത്തില്‍ നിന്നും കുളനടയിലുളള പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമീപത്തേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പരാതികള്‍ ഓംബുഡ്സ്മാന്റെ കാര്യാലയത്തില്‍ നേരിട്ടോ അല്ലെങ്കില്‍ ഓംബുഡ്സ്മാന്‍, മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പത്തനംതിട്ട, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്,  കുളനട പി.ഒ, പന്തളം-689503 എന്ന് വിലാസത്തിലോ അയയ്ക്കാം. മൊബൈല്‍ : 9447556949.   ബ്ലോക്ക് പഞ്ചായത്തുകളില്‍ നടത്തുന്ന ക്യാമ്പ് സിറ്റിംഗിലും പരാതികള്‍ സ്വീകരിക്കും. ഇ മെയില്‍: [email protected]


സൗജന്യ ത്വക്ക് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ത്വക്ക്രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് നിര്‍വഹിച്ചു.

കുഷ്ഠരോഗം മാരകരോഗമല്ലെന്നും ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി പറഞ്ഞു. നിലവില്‍ 11 കേസുകളാണ് ജില്ലയില്‍ ഉളളത്. കുട്ടികളിലെ രോഗ നിര്‍ണ്ണയത്തിനായുളള ബാലമിത്ര പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികളുടെ സ്‌ക്രീനിംഗ് ജില്ലയില്‍ നടന്നു വരുന്നു.  രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ശരാശരി 5 വര്‍ഷം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക.  മുതിര്‍ന്നവരും ഇടയ്ക്കിടെ ശരീര പരിശോധന നടത്തണമെന്നും പാടുകളും തടിപ്പുകളും  ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ആരോഗ്യവകുപ്പിന്റെ സേവനം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, വാര്‍ഡ് മെമ്പര്‍ മഞ്ജുഷ, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.രച്ന ചിദംബരം, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു, അസി.ലെപ്രസി ഓഫീസര്‍ ആബിദ ബീവി എന്നിവര്‍ പങ്കെടുത്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ത്വക്ക്രോഗ വിദഗ്ദ്ധ ഡോ.രാജിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്.  സൗജന്യ പരിശോധനയ്ക്ക് പുറമെ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.

എന്താണ് കുഷ്ഠ രോഗം

മൈക്കോ ബാക്ടീരിയം  ലെപ്രെ എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് കുഷ്ഠരോഗം. പ്രധാനമായും  നാഡികളെയും ത്വക്കിനെയും ബാധിക്കുന്ന രോഗം പകരുന്നത് വായുവിലൂടെയാണ്. 99 ശതമാനം ആളുകള്‍ക്കും രോഗം പകരില്ല. ഏതവസ്ഥയിലും രോഗം ചികിത്സിച്ചാല്‍ പൂര്‍ണമായും മാറും. രോഗാരംഭത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ അംഗവൈകല്യം ഒഴിവാക്കാനാകും.

രോഗ ലക്ഷണങ്ങള്‍
ശരീരത്തില്‍ നിറം മങ്ങിയതോ, ചുവപ്പു കലര്‍ന്നതോ, ചെമ്പ് നിറത്തിലോ, എണ്ണമയമുളളതോ, തിളക്കമുളളതോ ആയ പാടുകള്‍, സ്പര്‍ശന ശേഷി നഷ്ടപ്പെടാത്ത മൃദുവും, തിളക്കമാര്‍ന്നതുമായ തടിപ്പുകള്‍, പാടുകളില്‍ ചൊറിച്ചില്‍, വേദന എന്നിവ ഉണ്ടായിരിക്കുകയില്ല.  രോമവളര്‍ച്ചയും വിയര്‍പ്പും കുറവായിരിക്കും, ചെവി, മറ്റ് ശരീരങ്ങളിലെ ചെറുമുഴകള്‍,കൈകാല്‍ തരിപ്പ്, മരവിപ്പ്, ഞരമ്പുകളില്‍ തടിപ്പ്, വേദന എന്നിവയുമുണ്ടാകും.


ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ്വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) നടപ്പാക്കുന്ന ഡി.എം.ഇ പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  മത്സ്യതൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള 20നും 40 നും മധ്യേ പ്രായമുള്ള അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെഡര്‍, വിധവ, ശാരീരികവൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് 50 വയസുവരെ അപേക്ഷിക്കാം. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കാന്‍ പാടില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക്ലോണും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവുമായിരിക്കും.

ഒരംഗത്തിന് പരമാവധി ഒരു  ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ്‌കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ്വെല്‍ഡിംഗ്കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിംഗ് ആന്‍ഡ് ന്ഴ്സറി, ലാബ് ആന്റ് മെഡിക്കല്‍ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം. മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍  ജൂലൈ 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2 967 720, 7994 132 417.

പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍: എംആര്‍എസില്‍
സ്‌കൂള്‍തല നിരീക്ഷണ സമിതി രൂപീകരിക്കും

വടശേരിക്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (എംആര്‍എസ്) പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി സ്‌കൂള്‍ തലത്തില്‍ നിരീക്ഷണ സമിതി രൂപീകരിച്ച് എല്ലാ മാസവും അവലോകനം നടത്താന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും സ്‌കൂളില്‍ നിന്ന് നല്‍കാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സ്വഭാവ രൂപീകരണത്തിനൊപ്പം സമൂഹത്തിന് പ്രയോജനം നല്‍കുന്നവരായി മാറാന്‍ സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ക്ക് സാധിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. വെള്ളപ്പൊക്കം മൂലം ഈ സ്‌കൂളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്് ഇറിഗേഷന് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനം തൃപ്തികരമാണെന്നും യോഗം വിലയിരുത്തി.

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ ഫലം വിലയിരുത്തിയ യോഗം പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നുതിന് നിര്‍ദേശിച്ചു.  സ്‌കൂളിലേക്ക് സംഗീത അദ്ധ്യാപകനെയും യോഗയ്ക്കും തായ്ക്കോണ്ടയ്ക്കും പരിശീലകനെയും നിയമിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

എഡിഎം ബി. രാധകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യൂ, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍  ജിജി തോമസ്, എംആര്‍എസ് പ്രിന്‍സിപ്പല്‍ ജി. സുന്ദരേശന്‍, എച്ച്.എം റീന പീറ്റര്‍, സീനിയര്‍ സൂപ്രണ്ട് ശശിധരന്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കടമ്പനാട് കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷിഭവനാക്കും : മന്ത്രി പി. പ്രസാദ്
കടമ്പനാട് കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷി ഭവനാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കടമ്പനാട് പഞ്ചായത്ത് 2020-2021, 2021-2022 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൃഷിഭവന്‍ കെട്ടിടത്തിന്റെയും കൃഷിവകുപ്പ് അനുവദിച്ച വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിക്കാരന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ കൃഷിഗീത പദ്ധതി നടപ്പാക്കി. 14-ാം പഞ്ചവത്സരപദ്ധതിയുടെ  ആസൂത്രണം കൃഷിയിടത്തില്‍ നിന്ന് തുടങ്ങും. കാന്‍സറിന് 20 ശതമാനം കാരണം പുകയില ഉത്പ്പന്നങ്ങള്‍ ആണ്. 35 മുതല്‍ 40 ശതമാനം വരെ കാരണം ഭക്ഷണവും ജീവിതശൈലി രോഗങ്ങളുമാണെന്ന് പഠനങ്ങള്‍ പറയുന്നു.

 

ഈ അവസ്ഥ മാറേണ്ടത് അത്യാവശ്യമാണ്. കൃഷിയെ രക്ഷപ്പെടുത്താന്‍ എല്ലാവരും പറമ്പിലേക്ക് ഇറങ്ങുകയാണ് വേണ്ടത്. രണ്ട് കോടി രൂപ വരെ ഒരു ശതമാനം പലിശക്ക് സഹകരണ സംഘങ്ങള്‍ വഴി കൃഷി ആവശ്യത്തിന് നല്‍കും. ഏഴു വര്‍ഷമാണ് വായ്പാ കാലാവധിയെന്നും മന്ത്രി പറഞ്ഞു.

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 2018 ലേയും 2019 ലേയും വെള്ളപ്പൊക്കത്തെ അതിജീവിച്ചാണ് കാര്‍ഷിക മേഖല കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിവിധ ഇനം തൈകളുടെ വിതരണ ഉദ്ഘാടനം പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല നിര്‍വഹിച്ചു.

 

കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ഷിബു, വിമല മധു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ദിലീപ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മണിയമ്മ മോഹന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ നെല്‍സണ്‍ ജോയ്സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജാകൃഷ്ണന്‍, കെ ജി ശിവദാസന്‍, വൈ. ലിന്റോ, പ്രസന്നകുമാരി, മാനപ്പള്ളി മോഹനന്‍, ഷീജ ഷാനവാസ്, ജോസ് തോമസ്, പ്രസന്നകുമാര്‍, സാറമ്മ ചെറിയാന്‍, ചിത്ര രഞ്ജിത്ത്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, സിപിഐഎം അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അരുണ്‍ കെ എസ് മണ്ണടി, കോണ്‍ഗ്രസ് കടമ്പനാട് മണ്ഡലം പ്രസിഡന്റ് റെജി മാമന്‍, ജില്ലാ കാര്‍ഷിക വികസനസമിതി അംഗം ആര്‍. രാജേന്ദ്രന്‍ പിള്ള, കടമ്പനാട് വടക്ക് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബിജിലി ജോസഫ്, സിപിഎം മണ്ണടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ സാജന്‍, സിപിഐ മണ്ണടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി. മോഹനചന്ദ്രകുറുപ്പ്, സിപിഎം ഏരിയ കമ്മറ്റി അംഗം കെ. വിശ്വംഭരന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം വൈ. രാജന്‍, ആര്‍എസ്പി മണ്ഡലം സെക്രട്ടറി പൊടിമോന്‍ കെ മാത്യു, സിപിഐ നിലയ്ക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി. അജി, സിപിഐ കടമ്പനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. ഷണ്മുഖന്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ ആര്‍. ഫൗസിയ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയിസി കെ കോശി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ കോശി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (വൈ. പി) റ്റി. ജെ. ജോര്‍ജ് ബോബി, കൃഷി വകുപ്പ് അടൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, കൃഷി ഓഫീസര്‍ സബ്ന സൈനുദീന്‍ എന്നിവര്‍ പങ്കെടുത്തു.

 

ജില്ലയിലെ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ അനുസരിച്ച് ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. നഗരസഭകളായ പത്തനംതിട്ട, തിരുവല്ല, ബ്ലോക്ക് പഞ്ചായത്തുകളായ പുളിക്കീഴ്, പറക്കോട്, മല്ലപ്പള്ളി, ഇലന്തൂര്‍, റാന്നി, പന്തളം, കോയിപ്രം, കോന്നി, ഗ്രാമപഞ്ചായത്തുകളായ മൈലപ്ര, വടശേരിക്കര, കവിയൂര്‍, കല്ലൂപ്പാറ, ആറന്മുള, ചിറ്റാര്‍, ഏഴംകുളം, പന്തളം തെക്കേക്കര, കോഴഞ്ചേരി, മല്ലപ്പള്ളി, തണ്ണിത്തോട് എന്നിവയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍നടപടിയിലേക്ക് കടക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. എല്ലാ പഞ്ചായത്തുകളും ദുരന്തനിവാരണ പദ്ധതി തയാറാക്കണമെന്നും കിഴങ്ങ് വര്‍ഗകൃഷി നിര്‍ദേശിച്ചിരിക്കുന്ന പഞ്ചായത്തുകള്‍ ഗുണനിലവാരമുള്ള വിത്ത് വിതരണം ചെയ്യണമെന്നും കൃഷി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഷിക പദ്ധതി സമര്‍പ്പണത്തില്‍ ജില്ല ഒരുപടി മുന്നിലാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്വകാര്യ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ട സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ അടിയന്തിരമായി നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍,യെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഇന്റേണ്‍ഷിപ്പ് തീയതി നീട്ടി
പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24ലേക്ക് നീട്ടി. ഇന്റേണ്‍ഷിപ്പ് അറ്റ് കൃഷി ഭവന്‍ പദ്ധതി പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി www.keralaagriculture.gov.in എന്ന വെബ് സൈറ്റ്വഴി സമര്‍പ്പിക്കണം. പ്രായപരിധി 18 മുതല്‍ 41 വരെ. ഫോണ്‍: 0468 2 222 597, മെയില്‍ ഐഡി [email protected]

ഐടിഐ പ്രവേശനം: ജൂലൈ 30 വരെ അപേക്ഷിക്കാം
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഐടിഐകളിലേക്ക് പ്രവേശനത്തിനായി ജൂലൈ 30 വരെ ഓണ്‍ലൈനായി  അപേക്ഷിക്കാം. https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ് സൈറ്റ് ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാര്‍ഗ നിര്‍ദ്ദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും  (https://det.kerala.gov.in), അഡ്മിഷന്‍ പോര്‍ട്ടലായ (https://itiadmissions.kerala.gov.in) ലഭിക്കും. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത എട്ടാം ക്‌ളാസ് പാസാണ്. ഫോണ്‍: ഐ.ടി.ഐ ചെന്നീര്‍ക്കര : 0468 2 258 710 , ഐ.ടി.ഐ റാന്നി : 0473 5 221 085, ഐ.ടി.ഐ മെഴുവേലി :0468 2 259 952.