പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോര്‍ഡുകളില്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും സ്പീക്കര്‍ പറഞ്ഞു.
konnivartha.com : അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം തുടങ്ങി 65ഓളം വാക്കുകൾ അൺപാർലിമെൻററിയായി പ്രഖ്യാപിച്ചു. ലോക്സഭാ സെക്രട്ടേറിയേറ്റാണ് ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാൻ പാടില്ലാത്ത പുതിയ വാക്കുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 18ന് പാർലിമെന്റ് വർഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായാണ് വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അൺപാർലിമെൻററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടികയുമായി കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
അരാഷ്ട്രീയവാദി’, ശകുനി, ഏകാധിപതി, ഖാലിസ്ഥാനി, കരിദിനം, കഴിവില്ലാത്തവൻ, കാപട്യം, തുടങ്ങിയ വാക്കുകളും നിരോധിച്ചിട്ടുണ്ട്. ഈ വാക്കുകളൊന്നും തന്നെ ഇരുസഭകളിലും നടക്കുന്ന ചർച്ചകളിൽ ഉപയോഗിക്കാൻ പാടില്ല. രാജ്യത്തെ വിവിധ നിയമസഭകളിലും കോമൺവെൽത്ത് പാർലമെന്റുകളിലും ചില വാക്കുകളും പ്രയോഗങ്ങളും അൺപാർലമെന്ററിയായി പ്രഖ്യാപിക്കാറുണ്ട്. ഭാവിയിൽ റഫറൻസിന് വേണ്ടിയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇപ്പോൾ ഈ വാക്കുകൾ സമാഹരിച്ചിരിക്കുന്നത്.
വാക്കുകൾ നിരോധിക്കാനുള്ള നീക്കത്തെ എതിർത്ത് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സർക്കാരിനെ വിമർശിക്കാൻ ഉപയോഗിക്കുന്ന വാക്കുകളാണ് ഇപ്പോൾ അൺപാർലമെൻററിയായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് തൃണമുൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ‘സംഘി’ എന്ന വാക്ക് ഇക്കൂട്ടത്തിൽ ഇല്ലെന്നും അവർ പരിഹസിച്ചു. ബിജെപി എങ്ങനെയാണ് രാജ്യത്തെ തകർക്കുന്നതെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷം ഉപയോഗിക്കാറുള്ള വാക്കുകളാണ് പട്ടികയിലുള്ള മിക്ക പദങ്ങളുമെന്നും മൊയ്ത്ര കൂട്ടിച്ചേർത്തു.രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമാണ് വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുക. 2021ൽ ഇന്ത്യയിലെ ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിൽ അൺപാർലമെന്ററിയായി പ്രഖ്യാപിച്ച വാക്കുകളും പദപ്രയോഗങ്ങളും പട്ടികയായി സമാഹരിച്ചിട്ടുണ്ട്. സഭാധ്യക്ഷനെതിരെ ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രയോഗിച്ചിട്ടുള്ള അധിക്ഷേപ പരാമർശങ്ങളും അൺ പാർലിമെൻററി വാക്കുകളുടെ പട്ടികയിലുണ്ട്. ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ പാർലമെന്റിന്റെ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും. ചില വാക്കുകൾ നേരിട്ട് അൺപാർലിമെൻറിയാവണം എന്നില്ല, എന്നാലും മറ്റ് പദങ്ങളോടൊപ്പം ഒരുമിച്ച് പ്രയോഗിക്കുമ്പോഴാണ് ഇവ ഒഴിവാക്കേണ്ടി വരികയെന്നും പറയുന്നു.
സഭയിൽ അംഗങ്ങൾ സംസാരിക്കുന്ന വാക്കുകൾ രാജ്യസഭാ ചെയർമാനോ ലോക്സഭാ സ്പീക്കറോ പരിശോധിക്കും. അൺപാർലമെന്ററി വാക്കുകൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും. ലോക്‌സഭയുടെയും രാജ്യസഭയുടെയും പാർലമെന്റ് രേഖകളുടെ ഭാഗമായി അവ ഉണ്ടാകില്ല.
അൺപാർലിമെൻററിയായി പ്രഖ്യാപിച്ചിട്ടുള്ള ചില വാക്കുകൾ ഇവയാണ്:
രക്തച്ചൊരിച്ചിൽ, രക്തത്തിൽ കുളിച്ച, ഭീരു, കുറ്റവാളി, ‘മുതലക്കണ്ണീർ, ബാലിശം, അപമാനം, കഴുത, നാടകം തുടങ്ങിയ വാക്കുകളൊക്കെ അൺപാർലിമെൻററിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അരാഷ്ട്രീയവാദി, മന്ദബുദ്ധി, ഗുണ്ടകൾ, ലോലിപോപ്പ്, ബോബ് കട്ട്,വിഡ്ഢി എന്നിങ്ങനെയുള്ള ഹിന്ദി വാക്കുകളും അൺപാർലിമെൻററിയായി പ്രഖ്യാപിച്ചിട്ടുണ്ട്.