സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി. എന്നാല്‍ ഇതിന് മുന്‍പേ അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായേക്കില്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച രാത്രി സൈനിക ആസ്ഥാനത്തേക്ക് മാറ്റിയതെന്നാണ് വിവരം. രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ വസതി വളഞ്ഞത്.
പൊലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് വസതിക്കരികിലേക്ക് ഇരച്ചുകയറിയത്. ഇതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രക്ഷോഭത്തിനിടെ പരുക്കേറ്റ 33 പേരെ ആശുപത്രിയിലേക്കുമാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്കനത്ത സുരക്ഷാവിന്യാസമുള്ള വസതിക്ക് ചുറ്റും പ്രതിഷേധക്കാര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.