മൈസൂർ: പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിന് ഈ മാസം 21 ന് തുടക്കമാകും. കർണ്ണാടക സംസ്ഥാന ഉത്സവമാണ് ‘നടഹബ്ബ’ എന്ന പേരിൽ അറിയപ്പെടുന്ന മൈസൂർ ദസറ. മൈസൂർ രാജകുടുംബത്തിന്റെ നേതൃത്വത്തിൽ കർണ്ണാടക സർക്കാരാണ് ദസറ നടത്തുന്നത്.
സെപ്തംബർ 21 ന് രാവിലെ 9 മണിക്ക് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂർ രാജകൊട്ടരത്തിൽ ഈവർഷത്തെ ദസറ ആഘോഷത്തിന് തുടക്കംക്കുറിച്ച് തിരിതെളിയിക്കും. മൈസൂർ നഗരത്തിലെ 15 വേദികളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം നടക്കുന്നത്.
ഒരു ലക്ഷം വൈദ്യുതി ബൾബ് കൊണ്ട് അലങ്കരിക്കുന്ന മൈസൂർ രാജകൊട്ടരമാണ് ദസറ അഘോഷത്തിന്റെ പ്രധാന വേദി. സമാപനം കുറിച്ച് 30തിന് സ്വർണ്ണ സിംഹാസനം കൊണ്ട് ആനപ്പുറത്ത് രാജകൊട്ടാരത്തിന്റെ അവകാശിയായ യഥുവീർ കൃഷ്ണദത്ത ചാമരാജവാഡയർ നടത്തുന്ന ജംബോ സഫാരിയോടുകൂടിയാണ് ദസറയുടെ സമാപനം. പത്തു ദിവസമായി നടക്കുന്ന ആഘോഷത്തിന് കർണ്ണാടക സർക്കാർ ചിലവഴിക്കുന്നത് 100 കോടിയാണ്.
ഈ വർഷം 50 ലക്ഷം വിനോദ സഞ്ചാരികൾ ദസറ ആഘോഷത്തിന് എത്തുമെന്ന് പ്രതിക്ഷിക്കുന്നുവെന്ന് സംഘാടകർ പറയുന്നു. പത്ത് ദിവസം മൈസൂർ നഗരം മുഴുവൻ വൈദ്യുതി ദീപാലങ്കാരത്തിൽ നിറയും. കർശന സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. പ്രധാന ആഘോഷം നടക്കുന്ന 30തിന് രാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, സുപ്രിം കോടതി, ഹൈകോടതി ജഡ്ജിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ എത്തിചേരുമെന്ന് മൈസൂർ ഡെപ്യൂട്ടി കമ്മിഷണർ ഡി. രൺദീപ് പറഞ്ഞു.