
കുറവുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരുത്തായി മാറ്റാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോഴഞ്ചേരി റിസോഴ്‌സ് സെന്ററും പത്തനംതിട്ട സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് നാരങ്ങാനം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്‌പെഷ്യല്‍ കെയര്‍ സെന്ററില്‍ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളുടെ വിതരണം – പ്രകൃതിക്ക് കൂട്ടായ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ കഴിവുകളും നൈപുണ്യവും മനസിലാക്കി ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കണം. എല്ലാവരും എല്ലാ കഴിവുകളും ഉള്ളവരല്ല. കൂടുതല്‍ കഴിവുകള്‍ ആര്‍ജിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമായിരിക്കും ഇത്തരം കുറവുകള്‍ എന്നും കളക്ടര്‍ പറഞ്ഞു. കുറവുകളെ പ്രചോദനമായി കണ്ട് അതിനെ തരണം ചെയ്ത് ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ പരസ്പരം കൈ താങ്ങായി നില്‍ക്കാന്‍ സാധിക്കണമെന്നും കളക്ടര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഭിന്നശേഷി കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സന്ദര്‍ശിച്ച കളക്ടര്‍ കുട്ടികള്‍ നിര്‍മ്മിച്ച മാസ്‌കും ധരിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ കളക്ടര്‍ വൃക്ഷത്തെ നട്ടു. ബിആര്‍സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അമ്പിളി കൃഷ്ണന്റെ മകള്‍ സായ് പൂജ വരച്ച കളക്ടറുടെ ചിത്രം കളക്ടര്‍ക്ക് സമ്മാനമായി നല്‍കി. കോഴഞ്ചേരി ബിആര്‍സി സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ പ്രിയ പി.നായര്‍ക്ക് കളക്ടര്‍ ഉപഹാരം നല്‍കി.
നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി ആര്‍ സി കോഴഞ്ചേരി ബ്ലോക്ക് പോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിഹാബുദീന്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അബിദ ഭായി, ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ.ലെജു തോമസ്, എച്ച്എം എസ്. രശ്മിദേവി, പിടിഎ പ്രസിഡന്റ് കെ.ഐ ജിയാസ്, കോഴഞ്ചേരി ബിആര്‍സിസി കോ-ഓര്‍ഡിനേറ്റര്‍ രാജി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.