റാന്നി നോളജ് വില്ലേജ്: അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും നിര്‍വഹിച്ചു
റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. മികച്ച പഠനനിലവാരം പുലര്‍ത്തി മുന്നേറാന്‍ അട്ടത്തോട് സ്‌കൂളിലെ ഓരോ വിദ്യാര്‍ഥികള്‍ക്കും സാധിക്കണമെന്ന് എംഎല്‍എ പറഞ്ഞു. സിവില്‍ സര്‍വീസ് പോലുള്ള ഉന്നത സ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തണം. മികച്ച ജോലി ഓരോരുത്തര്‍ക്കും നേടി കൊടുക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അട്ടത്തോട് കോളനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു കോടി രൂപയും അട്ടത്തോട് സ്‌കൂളിന്റെ വികസനത്തിനായി മൂന്ന് കോടി രൂപയും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ റാന്നി ഫാദേഴ്സ് ഹൗസ് തിയോളജിക്കല്‍ സെമിനാരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മഞ്ജു പ്രമോദ്, പിറ്റിഎ പ്രസിഡന്റ് യമുന സന്തോഷ്, ഫാദേഴ്സ് ഹൗസ് പ്രതിനിധി ജയിംസ് മാത്യു, ജെയിനി മറിയം ജയിംസ്, പമ്പ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ മോഹന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു തോമസ്, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്തര്‍ദേശീയ ബാലവേലവിരുദ്ധ വാരാചരണം:ചൈല്‍ഡ്ലൈന്‍ പോസ്റ്റര്‍ പ്രകാശം ചെയ്തു
അന്തര്‍ദേശീയ ബാലവേല വിരുദ്ധ വരാചരണത്തിന്റെ ഭാഗമായി ബാലവേലയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ചൈല്‍ഡ്ലൈന്‍ തയാറാക്കിയ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രകാശനം ചെയ്തു. എല്ലാ വര്‍ഷവും ജൂണ്‍ 12നാണ് ഐക്യരാഷ്ട്ര സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ബാലവേല വിരുദ്ധദിനമായി ആചരിക്കുന്നത്. ബാലവേല അവസാനിപ്പിക്കാന്‍ സാര്‍വത്രിക- സാമൂഹിക സംരക്ഷണം എന്ന ആശയമാണ് ഈ വര്‍ഷത്തെ ബാലവേല വിരുദ്ധ ദിനാചാരണത്തിന്റെ ആശയം. വരാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്രരചന മത്സരം, സ്റ്റിക്കര്‍ ക്യാമ്പയിന്‍, തെരുവ് നാടകം, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയില്‍ ചൈല്‍ഡ്ലൈന്‍ നടത്തുന്നത്. ജൂണ്‍ 20ന് വൈകുന്നേരം മൂന്നിന് തിരുവല്ല എസ്സിഎസ് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സമാപിക്കുമെന്ന് ജില്ലാ ചൈല്‍ഡ്ലൈന്‍ ഓഫീസര്‍ അറിയിച്ചു.
മുതിര്‍ന്നവര്‍ക്കുളള കരുതല്‍ ഡോസ് വാക്‌സിനേഷന്‍ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി
അറുപത് വയസിന് മുകളിലുളളവരുടെ കരുതല്‍ ഡോസ് (മൂന്നാം ഡോസ്)കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുളള യജ്ഞം ജില്ലയില്‍ ആരംഭിച്ചെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു. ജൂണ്‍ 16 മുതല്‍ 26 വരെയുളള തിങ്കള്‍, ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കരുതല്‍ ഡോസ്വാക്‌സിന്‍ ലഭിക്കും. ജില്ലയില്‍ ഇതുവരെ 60 വയസിനു മുകളിലുളള 1.06 ലക്ഷം പേര്‍ (40 ശതമാനം) മാത്രമേ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുളളൂ.
അറുപതു വയസ് പൂര്‍ത്തിയായ കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുത്ത് ഒന്‍പതു മാസം കഴിഞ്ഞവര്‍ക്ക് മൂന്നാം ഡോസ് കരുതല്‍ ഡോസ് ആയി എടുക്കാം. വാക്‌സിന്‍ എടുക്കാത്തവരില്‍ കോവിഡ് ഗുരുതരം ആകുന്നതിനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. മൂന്നാം ഡോസ് എടുക്കുന്നതിലൂടെ കോവിഡിനെതിരെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും കഴിയും. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ 60 വയസ് പൂര്‍ത്തിയായ മൂന്നാം ഡോസിന് അര്‍ഹരായ എല്ലാവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അടൂര്‍ റിംഗ്‌റോഡ് അലൈന്‍മെന്റ് നിശ്ചയിക്കുന്നതിന് സ്ഥല പരിശോധന നടത്തി
അടൂര്‍ റിംഗ്‌റോഡ് അലൈന്‍മെന്റ് നിശ്ചയിക്കുന്നതിന് കരുവാറ്റ പള്ളി മുതല്‍ നെല്ലിമൂട്ടില്‍ പടി എംസി റോഡ് വരെ പരിശോധന നടത്തി ആവശ്യമായ സ്ഥലം സംബന്ധിച്ച് തീരുമാനം എടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. എത്രയും വേഗം അലൈന്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. 10-12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. പൂര്‍ണമായി കെഐപി റോഡും സ്ഥലങ്ങളും ഉപയോഗപ്പെടുത്തിയും ചില ഭാഗങ്ങളില്‍ സ്വകാര്യ സ്ഥലങ്ങളും ഏറ്റടുത്താണ് റോഡ് വികസിപ്പിക്കുക. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ റിംഗ് റോഡിനായി അനുവദിച്ചിരുന്നു.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, തഹസില്‍ദാര്‍ ജി.കെ. പ്രദീപ്, കെആര്‍എഫ്ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാരിസ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സുരേഷ് ബാബു, എഇ രാജാറാം, കെഐപി എഎക്‌സ്ഇ മുഹമ്മദ് അന്‍സാരി, എഇ റ്റി.എസ്. തുഷാര, താലൂക്ക് സര്‍വെയര്‍ സുഭാഷ്, ഡെപ്യൂട്ടി സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. വിനോദ്, പിഎ കെ. സുനില്‍ ബാബു തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.
ബാലവേല വിരുദ്ധ സേര്‍ച്ച് ഡ്രൈവ്: പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സേര്‍ച്ച് ഡ്രൈവ് ഉദ്ഘാടനവും പോസ്റ്റര്‍ പ്രദര്‍ശനവും റാന്നി ബസ് സ്റ്റാന്‍ഡില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. സമൂഹത്തിലെ നിര്‍ണായക ഘടകമാണ് കുട്ടികളെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുട്ടികള്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ നിര്‍ബന്ധപൂര്‍വം അപകടകരമായ ജോലികളിലേര്‍പ്പെടേണ്ടി വരുന്ന സാഹചര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി രാഷ്ട്ര പുരോഗതിക്കനുസൃതമായി വളര്‍ത്തിയെടുക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ഇതിനായി ആവശ്യമായ ബോധവല്‍ക്കരണം നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും എംഎല്‍എ പറഞ്ഞു. റാന്നി മേഖലയില്‍ സേര്‍ച്ച് ഡ്രൈവ് നടത്തുകയും കടകളില്‍ ബാലവേലയ്‌ക്കെതിരായുളള പോസ്റ്റര്‍ പതിപ്പിച്ച് അവബോധം നല്‍കുകയും ചെയ്തു. ചടങ്ങില്‍ മെമ്പര്‍ ഗീതാ സുരേഷ്, അസി. ലേബര്‍ ഓഫീസര്‍ ഐ. രേഖ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ് എന്നിവര്‍ പങ്കെടുത്തു.
വായനദിനാഘോഷം: ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ യശശരീരനായ പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥം സംഘടിപ്പിക്കുന്ന വായനദിനാഘോഷം ജൂണ്‍ 19 ന് നടക്കും. ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണമായും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ദേശീയ വായനദിന മാസാചരണമായും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല വായനദിനാഘോഷം ജൂണ്‍ 20 ന് രാവിലെ 10.30 ന് അടൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്നതിന് എഡിഎം ഇന്‍ ചാര്‍ജ് ജേക്കബ് ടി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി.എന്‍. പണിക്കരുടെ സന്ദേശം പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന് പര്യാപ്തമായ പരിപാടികളാണ് സംഘടിപ്പിക്കേണ്ടതെന്ന് എഡിഎം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ വിവര-പൊതുജനസമ്പര്‍ക്കം, വിദ്യാഭ്യാസം, തദ്ദേശഭരണം, പഞ്ചായത്ത് വകുപ്പുകള്‍, കുടുംബശ്രീ, സാക്ഷരതാമിഷന്‍, കാന്‍ഫെഡ്, ഐടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും വായനദിനാഘോഷം സംഘടിപ്പിക്കും. ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വായന അനുഭവ കുറിപ്പ് ജില്ലാതല മത്സരം സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ അക്ഷരമരം ഒരുക്കും. വിദ്യാര്‍ഥികള്‍ പത്രമാധ്യമങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വിജ്ഞാനപ്രദമായ വാര്‍ത്തകള്‍, സ്വന്തമായി നടത്തിയ സര്‍ഗസൃഷ്ടികള്‍ എന്നിവയില്‍ അധ്യാപകര്‍ തിരഞ്ഞെടുത്തവ മരത്തില്‍ തൂക്കി പ്രദര്‍ശിപ്പിക്കും. ഇവയുടെ പകര്‍പ്പ് ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളുടെ കൈയെഴുത്ത് മാസിക തയാറാക്കും.
ഗ്രന്ഥശാലകളിലൂടെ പുസ്തകങ്ങളുടെ വിശാല ലോകത്തേക്ക് വിദ്യാര്‍ഥികളെ ക്ഷണിക്കുന്നതിന് ഓരോ പ്രദേശത്തെയും ഗ്രന്ഥശാലകളുടെ ഭാരവാഹികള്‍ അതത് മേഖലകളിലെ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. ഗ്രന്ഥശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതിന് പ്രത്യേക കാമ്പയിനും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ജൂണ്‍ 19ന് എല്ലാ ലൈബ്രറികളിലും പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. ജില്ലാതല ഉദ്ഘാടനം, ലൈബ്രറികളില്‍ വായനാവസന്തം പദ്ധതിയില്‍ ഉള്‍പ്പെട്ട വായനക്കൂട്ടങ്ങളുടെ രൂപീകരണത്തിന്റെ ഉദ്ഘാടനം എന്നിവ നടത്തും. ജൂലൈ 7ന് ഐ.വി. ദാസ് ജന്മദിനത്തില്‍ എല്ലാ ലൈബ്രറികളിലും പരിപാടി സംഘടിപ്പിക്കും. താലൂക്ക് തലത്തില്‍ ഒരു ലൈബ്രറിയില്‍വച്ച് വായന പക്ഷാചരണത്തിന്റെ സമാപനം സംഘടിപ്പിക്കും. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അടുത്തുള്ള യുപി സ്‌കൂളില്‍ എഴുത്ത് പെട്ടിയുടെ ഉദ്ഘാടനം നടത്തും.
വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലയില്‍ വിവിധ പരിപാടികള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജൂലൈ 18 ന് വായനാദിന മാസാചരണത്തിന്റെ സമാപനം പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കും. വായന ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 17 സാക്ഷരതാ പഠനകേന്ദ്രങ്ങളില്‍ പ്രധാന കൃതികളുമായി ബന്ധപ്പെട്ട വായനാ മത്സരം നടത്തും. അതത് മേഖലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വിവിധ ക്ലബുകളില്‍ വായനയെ പരിപോഷിപ്പിക്കുന്നതിന് പ്രചാരണം നടത്തും. ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ അതത് പഞ്ചായത്ത് തലങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളില്‍ ക്വിസ് മത്സരം, വായനാ മത്സരം, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ അഞ്ചു മുതല്‍ 18 വയസുവരെയുളള ബാലസഭ കുട്ടികളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ക്വിസ് മത്സരം, വായനാ മത്സരം എന്നിവ സംഘടിപ്പിക്കും.
യോഗത്തില്‍ കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍ സോമരാജന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ റ്റി.എസ്. സന്തോഷ് കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി അനില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.പി.എം പി.ആര്‍. അനുപ, നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സന്ദീപ് കൃഷ്ണന്‍, ഐ.ടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിഡിറ്റ് അപേക്ഷ ക്ഷണിച്ചു
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) യില്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യു.ഐ/യു.എക്‌സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്. യോഗ്യരായവര്‍ ജൂണ്‍ 18ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വെബ് സൈറ്റ് : www.careers.cdit.org /www.cdit.org.
സിഡിറ്റ് അപേക്ഷ ക്ഷണിച്ചു
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രൊജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി) സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി വെബ്‌സൈറ്റായ www.careers.cdit.org /www.cdit.org മുഖേന അപേക്ഷ സമര്‍പ്പിക്കണം.
ഭക്ഷ്യസുരക്ഷാ ദിനാചരണം: പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം
ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തോട് അനുബന്ധിച്ച് ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കും. ജൂണ്‍ 24ന് രാവിലെ 10 മുതല്‍ ഒന്ന് വരെ അടൂര്‍ റവന്യൂ ടവര്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. ഒരു സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ഥിക്ക് മത്സരത്തില്‍ പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം 2500, 2000, 1500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും നല്‍കും.
പങ്കെടുക്കുന്ന വിദ്യാര്‍ഥി പേര്, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് എന്നിവ ജൂണ്‍ 20ന് മുന്‍പായി foodsafetyptaadoor@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8943346183, 04734-221236.
കെവികെയില്‍ ഇഞ്ചികൃഷി പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ഇഞ്ചികൃഷി എന്ന വിഷയത്തില്‍ ജൂണ്‍ 21ന് രാവിലെ 10ന് പരിശീലനം സംഘടിപ്പിക്കും. തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 20ന് നാലിന് മുമ്പായി 9447 801 351 എന്ന നമ്പരില്‍ ബന്ധപ്പെടണം.
എസ്റ്റി പ്രൊമോട്ടര്‍: അഭിമുഖം 17ന്
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ എസ്റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടത്തുമെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മധ്യേ പ്രായപരിധിയുള്ളതുമായ പട്ടികവര്‍ഗ യുവതീ, യുവാക്കള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04735 227703, 9496070349.
തീയതി നീട്ടി
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സിലേക്ക് ജൂലൈ മാസം പത്തു വരെ അപേക്ഷിക്കാമെന്ന് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. നാലുമാസത്തെ കോഴ്‌സിന് ജിഎസ്ടി അടക്കം 25000 രൂപയാണ് ഫീസ്. വെബ്സൈറ്റ്: www.vasthuvidhyagurukulam.com. ഫോണ്‍: 0468-2319740, 9847053294, 9947739442, 9188089740.