ഏനാദിമംഗലം ചായലോട് പുലിമലപ്പാറ മലയിൽ പാറ ഖനനം അനുവദിക്കില്ലെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.
അനധികൃതമായി അനുമതി നല്കിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയുണ്ടാകും.
കോന്നി നിയോജക മണ്ഡലത്തിൽ പുതിയ പാറമടകൾ വേണ്ട എന്നത് ഉറച്ച നിലപാട് :എം എൽ എ
Konnivartha. Com :ഏനാദിമംഗലം:കോന്നി നിയോജക മണ്ഡലത്തിൽ ഇനി പുതിയ പാറമട തുടങ്ങാൻ അനുവദിക്കുകയില്ലെന്നും,ചായലോട് പുലിമലപ്പാറയിൽ അനധികൃതമായി പാറ ഖനനം നടത്താനുള്ള ശ്രമത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ചായലോട് പുലിമലപ്പാറയിൽ സന്ദർശനം നടത്തിയ ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
ഈ പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി പ്രക്ഷോഭം നടത്തുകയാണ്.പാറമട നടത്താൻ ദീർഘകാലമായി പരിശ്രമം നടത്തുന്നവർ ഗ്രാമ പഞ്ചായത്തിൻ്റേ തൊഴികെയുള്ള വിവിധ അനുമതികളും നേടിയെടുത്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇതത്രയും നിയമവിരുദ്ധമാർഗ്ഗങ്ങളിലൂടെയാണ് നേടിയിട്ടുള്ളത്.
നിയമവിരുദ്ധമായി നേടിയിട്ടുള്ള അനുമതികൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്ന് പിൻവലിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. സ്കൂളുകളും, ആരോഗ്യ സ്ഥാപനങ്ങളും അടക്കം സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിൽ പാറ ഖനനത്തിനായി അനുമതി നല്കിയ വിവിധ ഡിപ്പാർട്ട്മെൻറുകളുടെ അധികാരികൾക്കെതിരായി കർശന നിലപാടുകൾ സ്വീകരിക്കും.
കോന്നി നിയോജക മണ്ഡലത്തിൽ ആവശ്യത്തിലധികം പാറമടകൾ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലും, ഇതര ജില്ലകളിലേക്കും ക്വാറി ഉല്പന്നങ്ങൾ പോകുന്നത് കോന്നി മണ്ഡലത്തിലെ സ്ഥാപനങ്ങളിൽ നിന്നാണ്. നിലവിലുള്ളവയുടെ പ്രവർത്തനം തന്നെ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല.പുതിയ ഖനന കേന്ദ്രങ്ങൾ തുടങ്ങാൻ ഒരു തരത്തിലും അംഗീകാരം നല്കരുതെന്ന് താലൂക്ക് വികസന സമിതി തീരുമാനമെടുത്ത് എല്ലാവരെയും നേരത്തേ അറിയിച്ചിട്ടുണ്ട്.
കലഞ്ഞൂർ, അരുവാപ്പുലം,കോന്നി പഞ്ചായത്തുകളിൽ പാറ ഖനനം നടത്താൻ ചില പരിശ്രമങ്ങൾ ഉണ്ടായപ്പോൾ കർശന നിലപാട് സ്വീകരിച്ച് ജനങ്ങൾക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. ചായലോടും ഖനനം നടത്താൻ ശ്രമിച്ചാൽ ജനങ്ങൾക്കൊപ്പം നിന്ന് അതിനെ പരാജയപ്പെടുത്തും.
പ്രകൃതിസംരക്ഷണം ഓരോ മനുഷ്യരുടെയും കടമയാണ്. നാടിൻ്റെ വികസനത്തിന് പാറ ഉല്പന്നങ്ങൾ ലഭ്യമാകേണ്ടതുള്ളതിനാലാണ് നിലവിലുള്ളവയെ എതിർക്കാത്തത്. എങ്കിൽ തന്നെയും നിയന്ത്രണങ്ങളോടുകൂടി മാത്രമേ ഇവയെല്ലാം പ്രവർത്തിക്കാവു എന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജഗോപാലൻ നായർ ,വൈസ് പ്രസിഡൻറ് ഉദയ രശ്മി, ഗ്രാമ പഞ്ചായത്തംഗം സാം വാഴോട്, അനീഷ് കുമാർ, ജനകീയ സമരസമിതി ഭാരവാഹികൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.