Trending Now

റോഡപകടങ്ങളില്‍ കേരളത്തില്‍ ഓരോ വര്‍ഷവും 4,000 പേരുടെ ജീവന്‍ പൊലിയുന്നു

 

സുരക്ഷിതവും, അപകട രഹിതവുമായ ഒരു നല്ല നാളേക്കായി കേരള റോഡ് സുരക്ഷാ അതോറിറ്റി സംഘടിപ്പിച്ച ”റോഡപകടനിവാരണവും അപകടാനന്തര പരിചരണവും” എന്ന ഏകദിന ശില്പശാല കൊച്ചി ഐ.എം.എ.ഹൗസില്‍ സംഘടിപ്പിച്ചു. റോഡപകടത്തിനു ശാസ്ത്രിയവും സമഗ്രഹവുമായ പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് ശില്പശാല നടത്തിയത്.

സുരക്ഷിത റോഡ്, റോഡ് സുരക്ഷാ ബോധവത്ക്കരണം, അപകടാനന്തര കാര്യനിര്‍വഹണം, നിയമ പരിപാലനം, അപകട നിവാരണത്തിന് അനൗപചാരിക സംഘടനകള്‍, വാളന്റീയര്‍മാര്‍ എന്നിവരുടെ പങ്ക് എന്നീ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.

ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അമിതവേഗതയും അശ്രദ്ധയുമാണ് കേരളത്തിലെ റോഡുകളില്‍ അപകടങ്ങള്‍ സൃഷ്ട്ടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപെട്ടു. റോഡ് സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങള്‍ ആവശ്യമായ പഠനങ്ങള്‍ നടത്തി പദ്ധതികള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും ഈ ശില്പശാല അതിന് തുടക്കമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ഹീനമായ കുറ്റകൃത്യമായ കൊലപാതകത്തിലൂടെ കേരളത്തില്‍ പ്രതിവര്‍ഷം മരിക്കുന്നവരുടെ പത്തിരട്ടിയാണ് റോഡ് അപകടങ്ങളില്‍പെട്ട് കേരളത്തില്‍ മരിക്കുന്നതെന്ന് റോഡ് സുരക്ഷാ കമ്മിഷണര്‍ അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ റോഡ് അപകടങ്ങളില്‍ പ്രതിവര്‍ഷം നാലിരത്തോളം പേര്‍ മരിക്കുമ്പോള്‍, ഇരുപതിനായിരത്തോളം പേര്‍ക്ക് ഗുരുതര പരുക്കുകളും ഉണ്ടാകുന്നു. റോഡ് സുരക്ഷക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാര്‍ഗ രേഖയായി ശില്പശാലയിലെ ചര്‍ച്ചകള്‍ മാറണമെന്നും ഗതാഗതകമ്മിഷണര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ അത്യാഹിത ആംബുലന്‍സ് പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖ റോഡ് സുരക്ഷാകമ്മിഷണര്‍ എംഎല്‍എയ്ക്കു നല്‍കി പ്രകാശനം ചെയ്തു.

അപകടാനന്തര പരിചരണത്തില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തന്റെ സന്ദേശത്തിലൂടെ അറിയിച്ചു. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് , പൊതുമരാമത്തു വകുപ്പ് എന്നിവര്‍ സംയുക്തമായ പ്രവര്‍ത്തനത്തിനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു വിഭാഗങ്ങളും കൂടി ചേര്‍ന്നുള്ള ഇത്തരം കൂട്ടായ ശ്രമങ്ങള്‍ തികച്ചും ഗുണകരമാണെന്നും റോഡപകട നിവാരണത്തിന് ഫലപ്രദമായി ഇടപെടുവാന്‍ തക്കവണ്ണം റോഡ് സുരക്ഷാ അതോറിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തില്‍ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ 4,000 ജീവനുകള്‍ പൊലിയുന്നു, 40,000-ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രതിദിനം 90 അപകടങ്ങള്‍ ഉണ്ടായതില്‍ പ്രതിദിനം ശരാശരി 9 പേര്‍ മരണപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് കൃത്യസമയത്ത് വൈദ്യസഹായം നല്‍കിയാല്‍ മരണങ്ങളും പരുക്കുകളുടെ തീവ്രതയും കുറയ്ക്കാനാകും. പോലീസ്, ഫയര്‍ & റെസ്‌ക്യൂ, എം.വി.ഡി എന്നിവരുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആശുപത്രികളുമായും ട്രോമ-കെയര്‍ സെന്ററുകളുമായും എമര്‍ജന്‍സി ആംബുലന്‍സുകളുടെ നെറ്റ്വര്‍ക്കിംഗ് ഏകോപിപ്പിക്കുന്നതിനും യോജിച്ച പരിശ്രമം ആവശ്യമാണ്. ഇക്കാര്യത്തില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമേ, എന്‍.ജി.ഒ കള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും അപകടത്തില്‍ പെടുന്നവര്‍ക്ക് സഹായം നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് റോഡ് അപകടത്തില്‍പെടുന്നവര്‍ക്ക് കൃത്യസമയത്ത് സഹായം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും ഏകീകരിച്ച ശൃംഖല ഒരുക്കുകഎന്നതാണ് ഏകദിന ശില്പശാലയുടെ പ്രധാന ലക്ഷ്യം.

അഡിഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, നാറ്റ്പാക് ഡയറക്ടര്‍ ഡോ..സാംസണ്‍ മാത്യു, കെആര്‍എസ്എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി ഇളങ്കോവന്‍, കെആര്‍എസ്എ അക്കൗണ്ട്‌സ് ഓഫീസര്‍ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!