konnivartha.com :തണ്ണിതോട് പഞ്ചായത്തിലെ മണ്ണീറ മേഖലയിൽ ഉള്ളവരുടെ യാത്രാ ക്ലേശം പരിഹരിക്കാൻ കെ എസ് ആർ ടി സി ബസ്സ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കോന്നി അതുമ്പുംകുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. ഈ നിവേദനം ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറി.
മണ്ണീറ നിന്നും ഒന്നര കിലോമീറ്റർ നടന്നു വേണം കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന റോഡിൽ എത്താൻ. മുണ്ടോൻമൂഴിയിൽ എത്തിയാൽ മാത്രമാണ് കോന്നി തണ്ണിത്തോട് ബസ്സ് കിട്ടുകയുള്ളൂ.
മണ്ണീറ മേഖലയിലൂടെ കെ എസ് ആർ ടി സി ബസ്സ് സർവീസ് നടത്തണം എന്നാണ് ജനകീയ ആവശ്യം.സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വന ഭാഗത്തെ റോഡിലൂടെ കുട്ടികൾ നടന്നു വരുമ്പോൾ വന്യ മൃഗ ഉപദ്രവം ഉണ്ടാകുമോ എന്നുള്ള ആശങ്കയും ഉണ്ട്.
കോന്നിയിൽ നിന്നും തണ്ണിതോട്ടിലേക്ക് ഉണ്ടായിരുന്ന കെ എസ് ആർ ടി സി ബസ്സുകൾ ഒന്നും തന്നെ ഇപ്പോൾ സർവീസ് നടത്തുന്നില്ല. കോന്നി ഡിപ്പോയിൽ ഉണ്ടായിരുന്ന മിക്ക ബസ്സും മറ്റ് ഡിപ്പോയിലേക്ക് കൊണ്ട് പോയി. ആകെ 8 ബസ്സ് മാത്രമാണ് കോന്നി കെ എസ് ആർ ടി സിയ്ക്ക് ഉള്ളത്.