പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

സ്‌കൂള്‍ ക്യാമ്പസിലെ പൊതുവഴി നിരോധിച്ച് ബാലാവകാശ കമ്മീഷന്‍

തൈക്കാവ് ഗവ.എച്ച്.എസ്.എസ്.&വി.എച്ച്.എസ്.സ്‌കൂള്‍ ക്യാമ്പസ് പൊതുവഴിയായി ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, മുന്‍സിപ്പില്‍ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ അംഗം റെനി ആന്റണി നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന് പൂര്‍ണ്ണമായും ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ഗേറ്റ് സ്ഥാപിച്ച് മറ്റ് വാഹനങ്ങള്‍ കടന്നു പോകാതെ സംരക്ഷിക്കുന്നതുള്‍പ്പെടെ ബന്ധപ്പെട്ടഒക്ത സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം കമ്മീഷന് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന്റെ മുറ്റത്തുകൂടി ടിപ്പര്‍ ലോറികളും മറ്റ് വാഹനങ്ങളും പോകുന്നു.

ക്ലാസ് മുറികള്‍ക്കും ശുചിമുറികള്‍ക്കുമിടയിലുളള സ്ഥലത്തുകൂടിയാണ് അപകട ഭീഷണിയുയര്‍ത്തി വാഹനങ്ങള്‍ കടന്നു പോകുന്നത്. അന്യസംസ്ഥാന തൊഴിലാളികളും അയല്‍വാസികളും ഇതിനെ പൊതുവഴിയായി ഉപയോഗിക്കുന്നു. സ്‌കൂള്‍ അധികൃതരും മുനിസിപ്പല്‍ അധികൃതരും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കുട്ടികളെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തണമെന്നുമുള്ള പരാതിയിന്മേലാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം:
ജില്ലയില്‍ രംഗശ്രീ കലാജാഥ (25) മുതല്‍
രണ്ടാംപിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥ (25) മുതല്‍ ജില്ലയില്‍ പര്യടനം തുടങ്ങും. സര്‍ക്കാരിന്റെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന കലാജാഥ 20 കേന്ദ്രങ്ങളിലാണ് പരിപാടി അവതരിപ്പിക്കുന്നത്.
25ന് അടൂര്‍(9.30), പഴകുളം(11.30), കടമ്പനാട്(1.30), ഏനാത്ത്(3.30), കൊടുമണ്‍(5.30), 26ന് പന്തളം(9.30), ഇലവുംതിട്ട(11.30), കോഴഞ്ചേരി(1.30), മല്ലപ്പള്ളി(3.30), എഴുമറ്റൂര്‍(5.30), 27ന് റാന്നി(9.30), വെച്ചൂച്ചിറ(11.30), നാറാണംമൂഴി(1.30), പെരുനാട്(3.30), വടശേരിക്കര(5.30), 28ന് മലയാലപ്പുഴ(9.30), കലഞ്ഞൂര്‍(11.30), കോന്നി(1.30), പ്രമാടം(3.30), പത്തനംതിട്ട(5.30) എന്നിവിടങ്ങളിലുമായാണ് കലാജാഥ പര്യടനം.

 

സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വന്‍കിട പദ്ധതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ കലാരൂപേണ ജനമനസുകളില്‍ എത്തിക്കുക എന്നതാണ് കലാജാഥയിലൂടെ ലക്ഷ്യമിടുന്നത്. രംഗശ്രീയുടെ 11 കലാകാരികളാണ് കലാജാഥയില്‍ അണിനിരക്കുന്നത്. കരിവള്ളൂര്‍ മുരളി സംഗീതവും സംവിധാനവും നിര്‍വഹിച്ച സംഗീത ശില്‍പം, റഫീഖ് മംഗലശേരി രചനയും സംവിധാനവും ചെയ്ത നാടകം എന്നിവ അടങ്ങുന്നതാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള കലാജാഥ. ഉഷ തോമസിന്റെ നേതൃത്വത്തില്‍ ഷേര്‍ളി ഷൈജു, സുധ സുരേന്ദ്രന്‍, അംബികരാജന്‍, ടി.പി. ഹേമലത, അംബിക അനില്‍, ആര്‍ച്ച അനില്‍, വത്സല പ്രസന്നന്‍, അമ്മുപ്രിയ, എ.ഡി. പൊന്നമ്മ, എം.ജെ. ഏലിക്കുട്ടി എന്നീ കലാകാരികളാണ് കലാജാഥയില്‍ അണിനിരക്കുന്നത്.

എല്ലാ സ്‌കൂള്‍ വാഹനങ്ങളുടെയും ഫിറ്റ്നസ് (25) പരിശോധിക്കും
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ വാഹനങ്ങളേയും താലൂക്ക് തലത്തില്‍ വിളിച്ചു വരുത്തി (25) ഫിറ്റ്നസ് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഫിറ്റ്നസ് പരിശോധന. താലൂക്ക്തലത്തിലാണ് പരിശോധന നടക്കുക. സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. സ്വകാര്യ ബസ് ജീവനക്കാര്‍ക്കും പ്രത്യേക ബോധവത്കരണ ക്ലാസ് നല്‍കും.

തിരുവല്ല നഗരസഭ ഓഡിറ്റോറിയത്തില്‍ (25) 200 സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. 28ന് പത്തനംതിട്ട ആര്‍ടിഒ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടാംഘട്ട പരിശീലനം നടക്കും. താലൂക്ക് തല ടാസ്‌ക് ഫോഴ്സ് മീറ്റിംഗ് ചേരണം. വൈദ്യുത വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം. കൊടുമണ്‍, ഏനാദിമംഗലം എന്നിവിടങ്ങളിലെ റോഡില്‍ അപകടകരമായി കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
മുത്തൂര്‍ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ട്രാഫിക് ക്രമീകരണ സമിതി യോഗം ചേരണം. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി നിരീക്ഷണ കാമറ വാങ്ങുന്നതിന് എസ്റ്റിമേറ്റ് ആയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ആര്‍ടിഒ എ.കെ. ദിലു, കെഎസ്ഇബി ഡെപ്യട്ടി സിഇ വി.എന്‍. പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാറാണി, ഡെപ്യുട്ടി ഡിഎംഒ രചന ചിദംബരം, ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, കെഎസ്ടിപി അസി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം.എസ്. ശ്രീജ, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ ഡ്രൈവ്
ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ, ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകളെ ഏകോപിപ്പിച്ച് രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടം ഈ മാസം 31 ന് അകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു.

 

കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ വഴി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ശയ്യാവലംബരായവരെ കണ്ടെത്തി യുവജനക്ഷേമബോര്‍ഡ് പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ, വനിതാ ശിശു വികസനം, ആരോഗ്യം എന്നീ വകുപ്പുകള്‍ സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കുന്നതിന് https://swavlambancard.gov.in/ എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പഞ്ചായത്തുകളില്‍ ഇതുവരെ കാര്‍ഡിന് അപേക്ഷിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാര്‍ മേയ് 31 നകം അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ട നിര്‍ദേശം പഞ്ചായത്ത്, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകള്‍ നല്‍കണം.

 

സ്‌കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിദ്യഭ്യാസ ഉപഡയറക്ടര്‍ നടപടി സ്വീകരിക്കണം. എസ്.എസ്.എ, ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ പഠിക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷന്‍ ബി.ആര്‍.സി ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ നേതൃത്വം നല്‍കണം.

 

നവസംരംഭകര്‍ക്ക് അവബോധന ക്ലാസ്
വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി നവസംരംഭകര്‍ക്ക് അവബോധന ക്ലാസ് മെയ് 26ന് രാവിലെ 10 മുതല്‍ ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടക്കും. പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍, യുവാക്കള്‍ തുടങ്ങി ഏനാദിമംഗലം പഞ്ചായത്തില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, നിലവില്‍ സംരംഭകര്‍ ആയവര്‍ക്കും പങ്കെടുക്കാം. ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടികള്‍, സര്‍ക്കാര്‍ സബ്സിഡിക്കുള്ള മാര്‍ഗങ്ങള്‍, ലഘൂകരിച്ച ലൈസന്‍സ് നടപടികള്‍ എന്നിവ വിശദീകരിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് 8921655312 നമ്പരില്‍ ബന്ധപ്പെടുക.

സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍ നിയമനം
സൈക്കോസോഷ്യല്‍ കൗണ്‍സിലറായി സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി 25നും 45നും ഇടയില്‍. 15,000 രൂപയാണ് ഹോണറേറിയം. സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള മൂന്ന് വര്‍ഷത്തെ പരിചയം എന്നിവ യോഗ്യതയായുള്ള പത്തനംതിട്ട ജില്ലയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളിലും പ്രവര്‍ത്തിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയാണ്.
1. വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്.
2. പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
അപേക്ഷാ ഫോറത്തിനായി മെയ് 31ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോളേജ് റോഡില്‍, ഡോക്ടേഴ്സ് ലെയ്നില്‍, കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 -2329053.

ബോധവല്‍ക്കരണം
ഹെഡ് ക്വാര്‍ട്ടേഴ്സ് സതേണ്‍ നേവല്‍ കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍, പത്തനംതിട്ട ജില്ലയിലെ നേവിയില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്‍ അവരുടെ വിധവകള്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചും ബോധവല്‍ക്കരണ പരിപാടി മെയ് 28ന് രാവിലെ 11 മുതല്‍ ഒന്നു വരെ, പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104

തേനീച്ചവളര്‍ത്തല്‍ പദ്ധതി ; കൂടികാഴ്ച 27ന്
കെ.വി.ഐ.സിയുടെ എസ്.എഫ്.യു.ആര്‍.ടി.ഐ (തേനീച്ച വളര്‍ത്തല്‍) പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ, റേഷന്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടിക വിഭാഗക്കാര്‍) എന്നീ അസല്‍ രേഖകളുമായി മെയ് 27 ന് രാവിലെ 11ന് ഇലന്തൂരുളള ജില്ലാഖാദിഗ്രാമ വ്യവസായ കാര്യാലയത്തില്‍ കൂടികാഴ്ചയ്ക്കായി എത്തിച്ചേരണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

ഗ്രാമസഭ
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ മെയ് 26ന് ഉച്ചയ്ക്ക് 2.30നും വയോജന ഗ്രാമസഭ അന്നേ ദിവസം ഉച്ചയ്ക്ക് 3.30നും മഞ്ഞിനിക്കര കുറിയാക്കോസ് കത്തിനാര്‍ സ്മാരക ഹാളില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

 

സംരംഭകര്‍ക്കായി ബോധവല്‍കരണ ക്ലാസ്

ബോധവല്‍കരണ ക്ലാസ്2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി മലയാലപ്പുഴ പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുളള സംശയനിവാരണങ്ങളള്‍ക്കായി ബോധവല്‍കരണ ക്ലാസ് മെയ് 26ന് രാവിലെ 10ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഈ ക്ലാസിലേക്ക് താത്പര്യമുളളവര്‍ 7306590448 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം തികച്ചും സൗജന്യം.

പ്രളയ മുന്നൊരുക്കം: കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും
പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് രോഗപ്രതിരോധം, പ്രളയ പ്രതിരോധം, രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്. 27ന് റാന്നി നിയോജക മണ്ഡലത്തില്‍ ശുചീകരണം നടത്താന്‍ യോഗത്തില്‍ തീരുമാനമായി. പൊതുഇടങ്ങള്‍, വീടുകള്‍, നിരത്തുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കും. ഇതിന് വിവിധ വകുപ്പ് അധികൃതരും ജനപ്രതിനിധികളും മുന്‍കൈയെടുക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള റാന്നി വലിയ തോട്ടിലെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മൈനര്‍ ഇറിഗേഷന്‍ അധികൃതരോട് എംഎല്‍എ ആവശ്യപ്പെട്ടു.

 

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണം. എല്ലാ വില്ലേജുകളിലും കണ്‍ട്രോള്‍ റൂം തുറക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ബിമ്മരം, അറയാഞ്ഞിലിമണ്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ജനങ്ങളെ പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ മാറ്റി പാര്‍പ്പിക്കാനും ഇവര്‍ക്കായി ക്യാമ്പുകള്‍ ഇപ്പോഴേ കണ്ടെത്താനും നിര്‍ദേശിച്ചു.

ഹോട്ടലുകളില്‍ മായം ചേര്‍ന്ന ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും എംഎല്‍എ നിര്‍ദേശം നല്‍കി. പമ്പ, മണിയാര്‍, കക്കാട്ടാര്‍ എന്നിവിടങ്ങളിലെ മണ്‍പുറ്റുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണം. മണ്‍പുറ്റുകള്‍ നീക്കം ചെയ്യുന്നത് നിക്ഷേപിക്കുന്നതിനുള്ള സ്ഥലം അതത് പഞ്ചായത്ത് കണ്ടെത്തി നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. എംഎല്‍എയെ കൂടാതെറാന്നി തഹസില്‍ദാര്‍ കെ. നവീന്‍ ബാബു, മല്ലപ്പള്ളി തഹസില്‍ദാര്‍ എ.ടി. ജയിംസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ. എസ്. ഗോപി, സാറാമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മോഹനന്‍, ടി.കെ. ജയിംസ്, കെ.ആര്‍. സന്തോഷ്, ബിനു ജോസഫ്, ശോഭ ജോണ്‍, അനിത അനില്‍കുമാര്‍, ശോഭ ചാര്‍ലി, ബിന്ദു റെജി, ലതാ മോഹന്‍, പ്രകാശ് പി. സാം, അനിത കുറിപ്പ്, ബീനാ ജോബി എന്നിവര്‍ സംസാരിച്ചു.

എന്റെ കേരളം മേള: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു

എന്റെ കേരളം പ്രദര്‍ശന-വിപണനമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താചിത്രം: ഒന്നാംസ്ഥാനം- ജയകൃഷ്ണന്‍ ഓമല്ലൂര്‍, ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, പത്തനംതിട്ട. മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്: ഒന്നാംസ്ഥാനം- ബിനിയ ബാബു, റിപ്പോര്‍ട്ടര്‍, കേരള കൗമുദി, പത്തനംതിട്ട. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്: ഒന്നാംസ്ഥാനം- ബിദിന്‍ എം. ദാസ്, റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ്, പത്തനംതിട്ട. രണ്ടാം സ്ഥാനം: എസ്. ശ്യാംകുമാര്‍, റിപ്പോര്‍ട്ടര്‍, 24 ന്യൂസ്, പത്തനംതിട്ട. മൂന്നാംസ്ഥാനം: എം.ജെ. പ്രസാദ്, റിപ്പോര്‍ട്ടര്‍, എസിവി ന്യൂസ്

 

പത്തനംതിട്ട. മികച്ച വീഡിയോ കവറേജ്: ഒന്നാംസ്ഥാനം: എസ്. പ്രദീപ്, കാമറാമാന്‍, എസിവി ന്യൂസ്, പത്തനംതിട്ട.
ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍- ഫോട്ടോഗ്രാഫി മത്സരത്തിലെ(പൊതുവിഭാഗം) വിജയികള്‍: ഒന്നാംസ്ഥാനം- ജയകൃഷ്ണന്‍ ഓമല്ലൂര്‍, ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, പത്തനംതിട്ട. രണ്ടാംസ്ഥാനം: ടി.ആര്‍. ജോബിന്‍, തറയില്‍ഹൗസ്, പന്നിയാര്‍, ചിറ്റാര്‍. മൂന്നാംസ്ഥാനം: വി. രാജേന്ദ്രന്‍, ഭാവന സ്റ്റുഡിയോ, ടെമ്പിള്‍ റോഡ്, തിരുവല്ല.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ബോബി ഏബ്രഹാം, സജിത്ത് പരമേശ്വരന്‍, ബിജു കുര്യന്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

 

സ്ത്രീപക്ഷ നവകേരളത്തിനായി കൈകോര്‍ത്ത്
ക്രൈംമാപ്പിംഗ് പ്രവര്‍ത്തനവുമായി കുടുംബശ്രീ രംഗത്ത്

ഏഴ് തരത്തിലെ കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ച് ക്രൈംമാപ്പിംഗ് പദ്ധതി നടത്താന്‍ കുടുംബശ്രീ ഒരുങ്ങുന്നു. കുറ്റകൃത്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സ്ത്രീപക്ഷ നവകേരളത്തിനായി കുടുംബശ്രീ നടപ്പിലാക്കുന്ന പരിപാടികളുടെ ഭാഗമാണിത്. കുറ്റകൃത്യങ്ങള്‍ കൂടുന്നയിടങ്ങളുടെയും സാഹചര്യങ്ങളുടെയും സാധ്യതാ കേന്ദ്രങ്ങളെ കണ്ടെത്താന്‍ പദ്ധതിയിലൂടെ കഴിയും. തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളായ നെടുമ്പ്രം, കൊറ്റനാട്, പുറമറ്റം, നാരങ്ങാനം, സീതത്തോട്, തണ്ണിത്തോട്, പള്ളിക്കല്‍, തുമ്പമണ്‍ എന്നീ പ്രദേശങ്ങളിലാണ് ക്രൈംമാപ്പിംഗ് ആദ്യഘട്ടത്തില്‍ തുടക്കമാകുന്നത്. മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം-വീടിനുള്ളിലും, വീടിനുപുറത്തും, സാമൂഹികം, വാചികം തുടങ്ങിയ ഏഴ്തരം വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. കുറ്റകൃത്യ രീതിയില്‍ വിശകലനം ചെയ്യുന്നതിന് വിദഗ്ദര്‍ സ്വീകരിക്കുന്ന ക്രൈംമാപ്പിംഗില്‍ പങ്കാളിയാകുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.
കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലം, സന്ദര്‍ഭം എന്നിവ കണ്ടെത്തി ആ സാഹചര്യം വിലയിരുത്തി കുറ്റകൃത്യം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായാണ് പരിപാടി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ വിശദമായ സര്‍വ്വേ നടത്തുവാനായി പരിശീലകരുടെ തയ്യാറെടുപ്പുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. തുടക്കത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ച് പ്രശ്‌നങ്ങളുടെ രേഖപ്പെടുത്തല്‍ നടത്തുന്നത്. സ്ത്രീകളായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വ്വേയില്‍ പങ്കെടുക്കുക. തുടര്‍ന്ന് വിവരങ്ങളുടെ ക്രോഡീകരിച്ച് തദ്ദേശസ്ഥാപനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയും. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായവും നേടും. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം ഗാര്‍ഹിക പീഡനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ധാരണയില്ലാത്ത സ്ത്രീകള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.

റവന്യൂ റിക്കവറി: പരിഗണിച്ചത് 102 കേസുകള്‍
ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി രണ്ടാം ദിവസം നടത്തിയ ബാങ്ക് വായ്പ കുടിശ്ശിക നിവാരണമേള കോന്നി ബ്ലോക്ക് ഓഫീസില്‍ നടത്തി. റിക്കവറി മേളയില്‍ 102 കേസുകളാണ് പരിഗണിച്ചത്. 50 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കുകയും വിവിധ ബാങ്കുകള്‍ പലിശയും, പിഴപലിശയും ഉള്‍പ്പെടെ കുടിശിക തുകയില്‍ ഇളവുകളും നല്‍കി. കോന്നി താലൂക്കില്‍ 67,77,478 രൂപ കുടിശിക ഉണ്ടായിരുന്നത് 48% ഇളവുകളോടെ 35,40,550 രൂപയ്ക്ക് തീര്‍പ്പാക്കി. ബാങ്ക് മേളയില്‍ ആര്‍.ആര്‍ തഹസില്‍ദാര്‍ ബീന എസ്.ഹനീഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഡി.സുഗതന്‍, കെ.എന്‍ അനില്‍ കുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ ബാങ്ക് മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!