konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 246- മത് സ്നേഹ ഭവനം അടൂർ മുണ്ടപ്പള്ളി ലക്ഷ്മി ഭവനത്തിൽ ശാലിനിക്കും മകൾ ലക്ഷ്മിക്കുമായി ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആയ ജോസഫ് നെല്ലുവേലിയുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും അസോസിയേഷൻ പ്രതിനിധികളായ സണ്ണി ചിറയിലും മോളി സണ്ണിയും ചേർന്ന് നിർവഹിച്ചു.
ശാലിനി വർഷങ്ങളായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മകൾ ലക്ഷ്മിയുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുകയായിരുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു. ജോൺസൺ കണ്ണൂക്കാടൻ, ജോഷി വള്ളിക്കളം., മനോജ് അച്ചേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ ടീച്ചർ പണിയുന്ന പത്താമത്തെ വീടാണ് ഇത്. ചടങ്ങിൽ വാർഡ് മെമ്പർ ഷീജ കൃഷ്ണൻ., ഡോ. കെ. സന്തോഷ് ബാബു., പ്രോജക്ട് മാനേജർ കെ. പി. ജയലാൽ., രാജി സന്തോഷ്., സതിയമ്മ. ജെ., സ്മിത വിനോദ് എന്നിവർ പ്രസംഗിച്ചു