സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദിനന്തരീക്ഷാവസ്ഥയേയും ദുരന്ത സാധ്യതകളെയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
konnivartha.com : വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെ സി ബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെയ്ക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പോലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും.
മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ പോലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് താമസംവിനാ ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും.
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താവിനിമയബന്ധം തടസ്സപ്പെടാതിരിക്കാൻ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ് പി നടപടിയെടുക്കും.
പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പോലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.
അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റെവന്യൂ വകുപ്പിനുള്ള പ്രത്യേക നിർദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു
കേരളത്തിൽ അടുത്ത 3 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ റെവന്യൂ വകുപ്പ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ
-കേരളത്തിലെ മുഴുവൻ താലൂക്കുകളിലും അടിയന്തരമായി 24/7 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ ആരംഭിക്കേണ്ടതാണ്.
-ഓറഞ്ച്, റെഡ് മുന്നറിയിപ്പുള്ള ജില്ലകളിൽ ക്യാമ്പുകൾ ആരംഭിക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ടതാണ്. ക്യാമ്പുകൾ നടത്താനുള്ള കെട്ടിടങ്ങളുടെ താക്കോൽ വില്ലേജ് ഓഫിസർമാർ ശേഖരിച്ച് വെക്കേണ്ടതാണ്.
-അവധി ദിവസങ്ങൾ ആണെങ്കിലും യാതൊരു കാരണവശാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ സ്റ്റേഷൻ പരിധി വിട്ട് പോകാൻ പാടുള്ളതല്ല. എല്ലാ വില്ലേജിലും താലൂക്കിലും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താൻ വേണ്ട ഉദ്യോഗസ്ഥരുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തേണ്ടതാണ്.
-മുൻകാലങ്ങളിൽ വെള്ളം കയറിയ വീടുകൾ, നദിക്കരയിലെ താഴ്ന്ന പ്രദേശ്‌നങ്ങളിലും താമസിക്കുന്നവർ, അടച്ചുറപ്പില്ലാത്ത വീടുകളിലും ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവർ തുടങ്ങിയ ഏറ്റവും ദുരന്ത സാധ്യതയുള്ള ജനങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി വെക്കുകയും മുന്നറിയിപ്പുകളുടെയും മഴയുടെയും അടിസ്ഥാനത്തിൽ മുൻകൂട്ടി ആളുകളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.
-തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരങ്ങൾ അറിയിക്കുകയും ഏകോപനത്തോടെയുള്ള മുന്നൊരുക്ക-രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്.