
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ നിറഞ്ഞ് കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി ആരോഗ്യമന്ത്രി വീണാജോര്‍ജ് ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനമേളയ്‌ക്കൊപ്പം കലാ, സാംസ്‌കാരിക പരിപാടികളും ഇനിയുള്ള ഏഴ് ദിവസം ജില്ലയുടെ ദിനങ്ങളെ ധന്യമാക്കും. നാടന്‍ പാട്ടിന്റെ മേളപ്പെരുക്കത്തോട് കൂടിയായിരുന്നു ഇന്നലെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ശരത് മണ്ണാറമലയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും ശിങ്കാരിമേളവും ഉദ്ഘാടന വേദിയെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപ്രതീതിയിലാക്കി.
ജനങ്ങള്‍ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ലോകത്തെ മറ്റേതു ഭരണാധികാരിയും ചിന്തിക്കുന്നതിനപ്പുറമുള്ള വികസനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജില്ലയിലെ എല്ലാ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളും ബി.എംആന്‍ഡ് ബി.സി. നിലവാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ടൂറിസം സാധ്യതകള്‍ മനസിലാക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണെന്നും എംഎല്‍എ പറഞ്ഞു.
എല്ലാ ജനങ്ങളേയും ഒരുമിച്ചു ചേര്‍ത്തു പിടിച്ച സര്‍ക്കാരാണിതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍ എ പറഞ്ഞു. ദുരിതങ്ങളുടേയും ദുരന്തങ്ങളുടേയും കാലത്തും തല ഉയര്‍ത്തി നില്‍ക്കുവാന്‍ പഠിപ്പിച്ച സര്‍ക്കാരാണിത്. പ്രയാസ കാലത്തും നവകേരളത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച സര്‍ക്കാരാണിത്. ജനങ്ങളെ ഒന്നിച്ചു നിര്‍ത്താനും കൈത്താങ്ങാവാനും സാധിച്ച സര്‍ക്കാണെന്നും എംഎല്‍എ പറഞ്ഞു. ആവര്‍ത്തിച്ചു വരുന്ന പ്രളയത്തിലും വികസന വഴിയില്‍ കുതിക്കുന്ന പത്തനംതിട്ട അതിജീവനത്തിന്റെ പര്യായമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജനങ്ങളുമായി ഇഴുകി ചേര്‍ന്നു കൊണ്ടുള്ള പ്രദര്‍ശന മേളയാണിത്. ജില്ലയുടെ വികസന പടവുകള്‍ മേളയില്‍ കാണാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ അലക്‌സ് കണ്ണമല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ് മോഹനന്‍, ഇലന്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഇന്ദിരാദേവി, മൂലൂര്‍ സ്മാരകം പ്രസിഡന്റ് കെ.സി രാജഗോപാലന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി നായര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഐപിആര്‍ഡി മേഖലാ ഉപഡയറക്ടര്‍ കെ.ആര്‍ പ്രമോദ് കുമാര്‍, എഡിഎം അലക്‌സ് പി തോമസ്, സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, കേരളാ കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി, കേരളാ കോണ്‍ഗ്രസ് എസ് ജനറല്‍ സെക്രട്ടറി ബി. ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, നൗഷാദ് കണ്ണങ്കര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും ജില്ലാതല സംഘാടകസമിതി കണ്‍വീനറുമായ സി. മണിലാല്‍ തുടങ്ങിയവരും പങ്കെടുത്തു. ഈ മാസം 17 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രവേശം സൗജന്യമാണ്. ദിവസവും രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് മേള.
തീര്‍ത്ഥാടക, ടൂറിസം സാധ്യതകളിലൂന്നിയുള്ള
വികസനം ലക്ഷ്യം: മന്ത്രി വീണാജോര്‍ജ്
ജില്ലയിലെ തീര്‍ത്ഥാടക, ടൂറിസം സാധ്യതകളെ പരിഗണിച്ചു കൊണ്ടാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും, ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും ജനങ്ങളെ ആകര്‍ഷിക്കുന്ന പാക്കേജുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേള പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പ്രബുദ്ധ കേരള ജനത വീണ്ടും അതേ സര്‍ക്കാരിനെ അധികാരമേറ്റിയത്.ആ ഉത്തരവാദിത്വം ഗൗരവത്തോടെ ഏറ്റെടുത്താണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. കോവിഡ് കാലത്ത് ജനക്ഷേമ പ്രവര്‍ത്തനവും, വികസനവും ഒരേ പോലെ ആവിഷ്‌ക്കരിച്ച സര്‍ക്കാരാണിത്.
സമഗ്ര വികസനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജില്ലയിലെ പട്ടയപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, തുടങ്ങിയ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. ഒക്ടോബര്‍ മാസത്തോടെ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ജനങ്ങളുമായി ആശയവിനിമയം നടത്തി വികസന പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു പോകുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ആധാര്‍: സൗജന്യ സേവനവുമായി അക്ഷയ സ്റ്റാള്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പത്തനംതിട്ട ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയിലെ ഐടി മിഷന്റെ അക്ഷയ സ്റ്റാളില്‍ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. പുതിയ ആധാര്‍ എന്റോള്‍മെന്റ്, നിലവിലെ ആധാര്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, ആധാര്‍-മൊബൈല്‍ ലിങ്കിംഗ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. പുതിയ എന്റോള്‍മെന്റിനായി പേര്, മേല്‍വിലാസം വ്യക്തമാക്കിയ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് കൈയ്യില്‍ കരുതണം. അഞ്ചു വയസ്സില്‍ താഴെയുളള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടിയുടെ മാതാപിതാക്കളിലൊരാള്‍ സ്വന്തം ആധാര്‍ കാര്‍ഡും കരുതണം. കുട്ടികള്‍ക്ക് അഞ്ചു വയസ്സിലും 15 വയസ്സിലും വിരലടയാളം, കൃഷ്ണമണി എന്നീ നിര്‍ബന്ധിത ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ട്.
കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ മന്ത്രിയുടെ വക ദോശ
കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ ആഹാരം കഴഇക്കാനെത്തിയവര്‍ ആദ്യം സംശയിച്ചു; പിന്നെ കൗതുകമായി. ദോശ ചുടുന്നത് ആരോഗ്യമന്ത്രി വീണജോര്‍ജ്ജ്. അതോടെ ഫുഡ്‌സ്‌റ്റോളിലേക്കായി മേള കാണാനെത്തിയവരുടെ ഒഴുക്ക്. പ്രദര്‍ശന മേളയുടെ ഭാഗമായി ഒരുക്കിയ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയായിരുന്ന മന്ത്രി കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലെത്തിയപ്പോഴാണ് ദോശ ചുടാന്‍ തയ്യാറായത്. മന്ത്രി ദോശ ഉണ്ടാക്കാന്‍ എത്തിയതോടെ കുടുംബശ്രീപ്രവര്‍ത്തരും ആവേശത്തിലായി. മേള നഗരിയില്‍ ഇന്നലെ നിറഞ്ഞുനിന്നതും ആരോഗ്യമന്ത്രിതന്നെ. മന്ത്രിയോടൊപ്പം വിവിധ സ്‌റ്റോളുകള്‍ക്കു മുന്നില്‍നിന്നും സെല്‍ഫിയെടുക്കാനും തിരക്ക് ഏറെയായിരുന്നു.
എന്റെ കേരളം
പ്രദര്‍ശന വിപണന മേളയില്‍
ഇന്ന് (12/05/2022)
10.00 ന് തൊട്ടറിയാം പിഡബ്ല്യുഡി-ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ് എന്ന വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് നേതൃത്വം നല്‍കുന്ന സെമിനാര്‍.
11.30 ന് വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന സെമിനാര്‍.
2.30 ന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും കലാ-സാംസ്‌കാരിക പരിപാടികള്‍.
4.30 ന് കടമ്മനിട്ട ഗോത്രകലാ കളരിയിലെ പി.ടി പ്രസന്നകുമാറും സംഘവും അവതരിപ്പിക്കുന്ന പടയണി (കാലന്‍കോലം).
5.00 ന് വെണ്‍മണി ശ്രീഭൂവനേശ്വരി വേലകളി സംഘം ശാര്‍ങക്കാവ് അവതരിപ്പിക്കുന്ന വേലകളി.
6.00 ന് മധ്യതിരുവിതാംകൂര്‍ നാട്ടറിവ് പഠനകേന്ദ്രം അഡ്വ. സുരേഷ് സോമ അവതരിപ്പിക്കുന്ന ബോഡുബെറു നാടന്‍ സംഗീതം.
8.00 ന് കൊല്ലം യൗവ്വന ഡ്രാമ വിഷന്‍ അവതരിപ്പിക്കുന്ന നാടകം ഇരുട്ട്.
”കുഞ്ഞി തലയിണയും കൂട്ടിലെ കോഴിയും കുഞ്ഞും”
ആദ്യദിനംതന്നെ സജീവമായി ഫുഡ് കോര്‍ട്ട്
കുഞ്ഞി തലയിണ മുതല്‍ കൂട്ടിലെ കോഴിയും കുഞ്ഞുംവരെ അണിനിരന്നതോടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ആദ്യദിനംതന്നെ ഫുഡ്‌കോര്‍ട്ടും സജീവമായി. കുടുംബശ്രീ കോഴിക്കോട് സ്‌റ്റോളിലാണ് ഇവ ലഭിക്കുന്ന്. കുഞ്ഞി തലയിണ (കാടക്കോഴി)യ്ക്ക് 200 രൂപയാണെങ്കില്‍ കൂട്ടിലെ കോഴിക്കും കുഞ്ഞിനും 600 രൂപയാണ് വില. എന്നാല്‍ രുചിക്ക് മുന്നില്‍ ഈ വില ഒട്ടും കൂടുതലല്ലെന്ന് കഴിച്ചവര്‍ സാക്ഷ്യംപറയുന്നു.
ഇവ കൂടാതെ, അതിശയ പത്തിരി, റിബണ്‍ ചിക്കന്‍, കിളിക്കൂട്, ചട്ടിപത്തിരി, കല്‍മാത്ത്, ചെമ്മീന്‍ ഉണ്ടപ്പുട്ട്, ചെമ്മീന്‍ പത്തിരി, ഇറച്ചി പത്തിരി, മലബാറിന്റെ ഇഷ്ട വിഭവമായ ഉന്നക്കായയും, കല്ലുമ്മേക്കായ നിറച്ചത്, പഴം നിറച്ചത്, ചിക്കന്‍ കബാബ്, പൊറോട്ടയില്‍ വ്യത്യസ്തനായ മൂര്‍ത്തബാക്ക് പൊറോട്ടയും, മണവാളന്‍ കോഴിയും വരെ ലഭ്യമാണ്. പേരുകളില്‍ വ്യത്യസ്ത പുലര്‍ത്തുന്ന ആഹാരങ്ങള്‍ കോഴിക്കോട്ടു നിന്നു തന്നെയാണ് എന്നും. പേരുകളില്‍ മാത്രമല്ല, രുചികളിലും ഇവയ്ക്ക് പ്രിയമേറുകയാണ്.
കായലോര വിവങ്ങളും മലബാര്‍ വിഭവങ്ങളും ഭക്ഷണപ്രിയരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ഞണ്ട്, കക്ക, കപ്പ, നാടന്‍ മത്തി വറുത്തത് മുതല്‍ ഷാപ്പിലെ തലക്കറി വരെയുണ്ട് കയലോര വിഭവങ്ങളില്‍. ഹെര്‍ബല്‍ ചിക്കനാണ് മലപ്പുറം വിഭവങ്ങളില്‍ വേറിട്ട് നില്‍ക്കുന്നത്. നെയ്പ്പത്തിരിയോ അരിപ്പത്തിരിയോ ഒപ്പം കഴഇക്കാം. സ്റ്റഫിഡ് ചിക്കന്‍, ചിക്കന്‍ നുറുക്കി വറുത്തത്, ചിക്കന്‍കറി മുതല്‍ ചിക്കന്‍ റോസ്റ്റ് വരെ ഈ സ്‌റ്റോളില്‍ ലഭ്യം. വെജിറ്റബിളുകാരും വിഷമിക്കണ്ട, നാടന്‍ ഫ്രൈഡ്‌റൈസോ ഇടിയപ്പമോ കഴിക്കാം. ഒപ്പം വെജിറ്റബിള്‍ കുറുമയും.
ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞാല്‍, പിന്നെ കുറച്ച് ജ്യൂസും ആവാം. ഇതിനും പ്രത്യേക കൗണ്ടറുണ്ട്. പച്ചമാങ്ങ, നെല്ലിക്ക, തണ്ണിമത്തന്‍, പൈനാപ്പിള്‍, ഓറഞ്ച്, മുന്തിരി എന്നിവയുടെ ജ്യൂസ് ഇവിടെ ലഭ്യമാണ്.
ജിഎസ്ടി നല്‍കിയ ബില്‍ കൈയിലുണ്ടോ?
സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു
ജിഎസ്ടി അടക്കം പണം നല്‍കി സാധനം വാങ്ങിയ ബില്‍ നിങ്ങളുടെ കൈവശമുണ്ടോ? എങ്കില്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലേക്ക് വരൂ. മെഗാ നറുക്കെടുപ്പുമായി ജിഎസ്ടി വകുപ്പിന്റെ സ്‌റ്റോള്‍ നിങ്ങളെ കാത്തിരിക്കുന്നു. കൈവശമുള്ള ബില്‍ സ്‌റ്റോളില്‍ സൂക്ഷിച്ചിരിക്കുന്ന ബോക്‌സിലേക്ക് ഇടുകയേ വേണ്ടൂ. മേള അവസാനിക്കുന്ന 17 ന് നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഭാഗ്യം ചിലപ്പോള്‍ നിങ്ങള്‍ക്കൊപ്പമാവാം. ബില്‍ കൈവശമില്ലെങ്കിലും പേടിക്കേണ്ട, ഇവിടെനിന്നും ലഭിക്കുന്ന നമ്പറിലേക്ക് വാട്‌സ്ആപ് ചെയ്താലും മതിയാകും.
പൊതുജനങ്ങള്‍ ബില്‍ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ജിഎസ്ടി വകുപ്പ് ആവിഷ്‌കരിച്ചതാണ് ഈ പദ്ധതി. ഇതിലൂടെ നികുതി തട്ടിപ്പ് ഒരു പരിധിവരെ തടയാനാകുമെന്ന് കണക്കുകൂട്ടുന്നു. കൂടാതെ നികുതി കുടിശികകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളും ഇവിടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. നിങ്ങള്‍ക്ക് ലഭിക്കാവുന്ന നികുതി ഇളവുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ഇവിടെനിന്നും ലഭിക്കും. നികുതി തട്ടിപ്പിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന തുകയുടെ 20 ശതമാനമാണ് പാരിതോഷികമായി വിവരം നല്‍കുന്ന ആള്‍ക്ക് ലഭിക്കുന്നത്. ഇതടക്കം നികുതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും സ്‌റ്റോളില്‍നിന്നും ഉത്തരം ലഭിക്കും.
കലാവേദിയും ഉണര്‍ന്നു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ കലാവേദിക്കും വര്‍ണശബളമായ തുടക്കം. ഉദ്ഘാടന സമ്മേളനത്തിന് ശേഷം അട്ടത്തോട് കിളിവാതില്‍ സംഘം അവതരിപ്പിച്ച കലാപരിപാടികളോടെയാണ് കലാവേദിക്ക് തിരശീല ഉയര്‍ന്നത്. പാരമ്പര്യ കലാരൂപങ്ങളായ പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം എന്നിവ വേറിട്ട കാഴ്ചാനുഭവം പകര്‍ന്നു. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു ഈ കലാപരിപാടികള്‍ അരങ്ങേറിയത്.
താളത്തിലൊഴുകുന്ന സംഗീതത്തിനൊപ്പം കുട്ടികള്‍ കോല്‍ക്കളിക്ക് ചുവട് വച്ചപ്പോള്‍ സദസിന് അത് നവ്യാനുഭവമായി. മലവേട ജനതയുടെ പരമ്പരാഗത നൃത്തരൂപമായ പുറമടിയാട്ടവും വേദിയില്‍ അരങ്ങേറി. തലമുറകള്‍ കൈമാറി വന്ന തങ്ങളുടെ ഉത്ഭവത്തിന്റെ ചരിത്രം പാട്ടിലൂടെയും നൃത്തത്തിലൂടെയും പുതു തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയാണ് മലവേട ജനത ചെയ്യുന്നത്. ജില്ലയില്‍ കിരാതം എന്ന് അറിയപ്പെടുന്ന പുറമടിയാട്ടം കരികുളം ആദികലാകേന്ദ്രത്തിലെ ശിവരാജനും സംഘവുമാണ് വേഷപകര്‍ച്ചയോടെ വേദിയിലെത്തിച്ചത്.
തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് അവതരിപ്പിച്ച കഥകളിയും ആറന്മുള ശ്രീ ഷഡങ്കുര പുരേശ്വര കളരിയുടെ നേതൃത്വത്തില്‍ നടന്ന കളരിപ്പയറ്റും വേദിയില്‍ അരങ്ങേറി. രാത്രി എട്ടിന് ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ നയിച്ച തിരുവല്ല തായില്ലം അവതരിപ്പിച്ച നാടന്‍ പാട്ടും ദൃശ്യവിരുന്നും വേദിക്ക് മാറ്റ് കൂട്ടി.