പത്തനംതിട്ട ജില്ലയില്‍ മഞ്ഞപിത്തം പടരുന്നു

Spread the love

ജില്ലയില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നു . (ഹെപ്പറ്റൈറ്റിസ് എ)ആണ് പടരുന്നത്‌ . ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാബാനു അറിയിച്ചു. മലിനമായ ജലം, ഭക്ഷണം തുടങ്ങിയവയിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കുന്നത് ഒഴിവാക്കുക, ശീതള പാനീയങ്ങള്‍ തയാറാക്കുമ്പോള്‍ അണുവിമുക്തമായ ജലമാണെന്ന് ഉറപ്പുവരുത്തുക, പഴകിയതും തുറന്നുവച്ചതുമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കുക, ജലസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, കഴിവതും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക തുടങ്ങിയവയാണ് മുന്‍കരുതലുകളായി നിര്‍ദേശിച്ചിട്ടുള്ളത്. പനി, ശരീരവേദന, വയറുവേദന, വിശപ്പില്ലായ്മ, ക്ഷീണം, തലവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടണമെന്ന് ഡി.എം.ഒ അറിയിച്ചു.

പകര്‍ച്ചപ്പനി : 560 പേര്‍ ചികിത്സതേടി
ജില്ലയില്‍ വൈറല്‍പ്പനി ബാധിച്ച് 560 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായി ഡി.എം.ഒ അറിയിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ എട്ടുപേരില്‍ പള്ളിക്കലിലുള്ള ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ചികിത്സതേടിയ എട്ടുപേരില്‍ അഞ്ചുപേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി. ചെന്നീര്‍ക്കര, മെഴുവേലി, ഇലന്തൂര്‍, കടമ്മനിട്ട എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്ത ബാധിതര്‍. ചിക്കന്‍പോക്‌സ് ബാധിച്ച് രണ്ടുപേരും വയറിളക്കരോഗങ്ങള്‍ക്ക് 38 പേരും ചികിത്സേതേടി.

Related posts

Leave a Comment