Trending Now

വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്‍റെ പരിധിയില്‍ ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെക്കൂടി പരിഗണിക്കും

 

വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്‍റെ പരിധിയില്‍ ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ഉറപ്പു നല്‍കിയതായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ . ഡല്‍ഹിയില്‍ സ്മൃതി ഇറാനിയെ കണ്ട് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. വാര്‍ത്താ വിനിമയത്തില്‍ ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും മര്‍മ്മ പ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഇത് കണക്കിലെടുത്ത് നിയമത്തിന് ആവശ്യമായ ഭേദഗതി വരുത്തണമെന്ന് പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഈ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിന് സമവായമുണ്ടാക്കേണ്ടതുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ മറ്റൊരു മന്ത്രാലയത്തിന്‍റെ കീഴിലാണ്. 1955-ലാണ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആന്‍റ് അദര്‍ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ആക്ട് നിലവില്‍ വന്നത്. പത്രങ്ങള്‍ മാത്രമാണ് ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്നത്. അതുകാരണം ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നിയമത്തിന്‍റെ സംരക്ഷണമില്ല. തങ്ങളെയും വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്‍റെ പരിധിയില്‍ പെടുത്തണമെന്ന് ദീര്‍ഘകാലമായി ദൃശ്യമാധ്യങ്ങളിലെ ജേര്‍ണലിസ്റ്റകള്‍ ആവശ്യപ്പെട്ടുവരികയാണ്. കോട്ടയത്തെ നിര്‍ദ്ദിഷ്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി.) മേഖലാകേന്ദ്രം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തത്തുമെന്ന് സ്മൃതി ഇറാനി ഉറപ്പു നല്‍കി. മേഖലാകേന്ദ്രം സ്ഥാപിക്കുന്നതിന് 10 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഐ.ഐ.എം.സിക്ക് കൈമാറിയിട്ടുണ്ട്.
കോഴിക്കോട് ആകാശവാണി നിലയത്തിലെ വാര്‍ത്താ വിഭാഗം നിര്‍ത്തലാക്കില്ലെന്ന ഉറപ്പും അവർ നല്‍കി. വാര്‍ത്താവിഭാഗങ്ങള്‍ നിര്‍ത്താലാക്കുന്നത് കേന്ദ്രത്തിന്‍റെ നയമല്ലെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ ആറ് വടക്കന്‍ ജില്ലകളിലേയ്ക്കും ലക്ഷദ്വീപിലേക്കുള്ള വാര്‍ത്തകള്‍ നല്‍കുന്നത് കോഴിക്കോട് നിലയത്തില്‍ നിന്നാണ്. വാര്‍ത്താവിഭാഗം നിര്‍ത്തലാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോഴാണ് കേന്ദ്ര മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത് എന്നും പിണറായി വിജയന്‍ പറഞ്ഞു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു