Trending Now

ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യക്ക് ജൂലൈ 14 ന് തുടക്കം

 
ആറന്മുള: അഭീഷ്ട സിദ്ധിക്കും സര്‍പ്പദോഷ പരിഹാരത്തിനുമായി ഭക്തര്‍ വഴിപാടായി പള്ളിയോടങ്ങള്‍ക്ക് നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 14 ന് രാവിലെ 9.30 ന് അടുപ്പിലേക്ക് അഗ്നി പകരും. ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍നിന്നും പകര്‍ന്നു നല്‍കുന്ന ദീപം പള്ളിയോട സേവാസംഘം പ്രസിഡന്‍റ് ഡോ കെ ജി ശശിധരന്‍ പിള്ള ഊട്ടുപുരയിലെ ഭദ്ര ദീപത്തിലേക്ക് പകരും. തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാര്‍ അതാത് അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ വള്ളസദ്യയുടെ പാചക ജോലികള്‍ക്ക് തുടക്കമാകും. ഇനിയുള്ള മൂന്ന് മാസക്കാലത്തോളം രുചിയുടെ ഗരിമയിലും ഭക്തിയുടെ അനുഭ സാക്ഷ്യങ്ങളിലും വഞ്ചിപ്പാട്ടിന്‍റെ സംഗീതത്തിലും ആറന്മുള മുഖരിതമാകും. ഓരോ പള്ളിയോടത്തിലും പാര്‍ഥസാരഥി അധിവസിക്കുന്നതായാണ് വിശ്വാസം. പള്ളിയോടത്തിന്‍റെ ഓരോ തുഴച്ചില്‍ക്കാരനും പാര്‍ഥസാരഥിയുടെ വിശ്വാസവുമായാണ് പമ്പയുടെ ഓളങ്ങളില്‍ തുഴയെറിയുന്നത്.
2017 ജൂലൈ 15 ന് രാവിലെ 11 മണിക്ക് വള്ളസദ്യകളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ശ്രീ പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും.
വള്ളസദ്യകളുടെ ആരംഭത്തോടെ പമ്പയുടെ വിരിമാറിലൂടെ പള്ളിയോടങ്ങളുടെ മനോഹരമായ ദൃശ്യവിസ്മയങ്ങള്‍ക്ക്കൂടിയാണ് തുടക്കമിടുന്നത്. ജൂലൈ 15 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയുള്ള 80 ദിവസക്കാലം പമ്പാനദിയില്‍ പള്ളിയോടങ്ങള്‍ വള്ളസദ്യകള്‍ക്കായി പമ്പാനദിയില്‍ തുഴയെറിയുമ്പോള്‍ ലോകത്തിന് മുന്‍പില്‍ അത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ഉത്സവമായാണ് മാറുന്നത്.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ഉത്സവം എന്ന നിലയില്‍ വള്ളസദ്യക്കാലം 2017 ലെ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വള്ളസദ്യകളുടെ ആരംഭം കുറിക്കുന്ന ആദ്യദിനത്തില്‍ വള്ളസദ്യയില്‍ ഇക്കുറി ഏഴ് പള്ളിയോടങ്ങള്‍ പങ്കെടുക്കുന്നു.
നെടുമ്പ്രയാര്‍, ചിറയിറമ്പ്, തെക്കേമുറി, പുന്നംതോട്ടം, വരയന്നൂര്‍, ചെറുകോല്‍, മേപ്രം-തൈമറവുംകര എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാടുകാര്‍ ആദ്യ ദിനത്തില്‍ വള്ളസദ്യ വഴിപാടായി നടത്തുന്നത്. വള്ളസദ്യകള്‍ തയ്യാറാക്കുന്നത് പള്ളിയോട സേവാസംഘം അംഗീകരിച്ചിരിക്കുന്ന കരാറുകാരാണ്. മാലിന്യ സംസ്കരണത്തിനുള്‍പ്പെടെയുള്ള കരാറുകളും പള്ളിയോട സേവാസംഘം നല്‍കിയിട്ടുണ്ട്.
ഏക ജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും വഴിപാട് വള്ളസദ്യകള്‍ നടത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഭക്തര്‍ ഇതുവരെ 365 വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ ജി ശശിധരന്‍ പിള്ള സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. വള്ളസദ്യകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് പള്ളിയോട സേവാസംഘത്തിന്‍റെ ഹെല്‍പ് ലൈന്‍ ഉപയോഗിക്കാം. 8281113010 എന്നതാണ് ഫോണ്‍ നമ്പര്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു