അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു
konnivartha.com : അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
അതിഥി തൊഴിലാളികളുടെ ജോലി, ബാങ്കിംഗ്, ആരോഗ്യം, യാത്രാ സംബന്ധമായ എല്ലാ ആവശ്യങ്ങളിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, നിര്‍മ്മാണ മേഖലയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍നിന്നും ആവശ്യമായ ധനസഹായം ലഭ്യമാക്കുവാന്‍ സഹായം നല്‍കുക, അര്‍ഹതപ്പെട്ട നിയമ പരിരക്ഷകളേ കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നിവ ലഭ്യമാക്കിയാണ് ജില്ലാതല ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
അതിഥി തൊഴിലാളികളെ സഹായിക്കേണ്ടത് നാടിന്റെ ധര്‍മ്മമാണെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍
ജീവിത സാഹചര്യം മെച്ചപ്പെടുത്താനെത്തുന്ന അതിഥി തൊഴിലാളികളെ സഹായിക്കേണ്ടത് നാടിന്റെ ധര്‍മ്മമാണെന്നും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും നഗരസഭാ ചെയര്‍മാര്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍. അതിഥി തൊഴിലാളികള്‍ക്കായുള്ള ഫെസിലിറേഷന്‍ സെന്ററിന്റെ കോള്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു ചെയര്‍മാര്‍. പ്രകൃതിക്ഷോഭങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും ബാധിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി ഫെസിലിറ്റേഷന്‍ സെന്റര്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് കരസ്ഥമാക്കിയ ജില്ലയില്‍ നിന്നുള്ള എസ്. കൃഷ്ണന്‍കുട്ടി, സൂരജ് സുന്ദരം എന്നിവരെ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ അനുമോദിച്ചു. ജില്ല ലേബര്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ജില്ല ലേബര്‍ ഓഫീസര്‍ കെ.ആര്‍. സ്മിത, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി മലയാലപ്പുഴ മോഹനന്‍ , ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ.ഗിരീഷ്, യു ടി. യു.സി സ്റേറ്റ് സെക്രട്ടറി തോമസ് ജോസഫ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ.നന്ദകുമാര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്. സുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.