തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

konnivartha.com : സ്വയംപര്യാപ്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനത്തിന് തുടക്കമാകും. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വൈനും, വീര്യം കുറഞ്ഞ മദ്യവും നിര്‍മ്മിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും.മനസോടിത്തിരി മണ്ണ് കാമ്പയിന്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളിലേക്ക് ഓരോ നഗരസഭയും കടക്കണം. സാമ്പത്തികമായി സ്വയം പര്യാപ്തമാക്കി മാറുവാന്‍ എല്ലാ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രമിക്കണം.പരമ്പരാഗതമായതും, പൗരാണികവുമായ എല്ലാത്തിനോടും എങ്ങനെ പെരുമാറണമെന്ന് ശാസ്ത്രീയമായ അപഗ്രഥനം വേണമെന്നും മന്ത്രി പറഞ്ഞു.

ആധുനിക കേരളത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തോട് അനുബന്ധിച്ച് നിര്‍മിച്ചതാണ് ചിത്തിര തിരുനാള്‍ ടൗണ്‍ ഹാള്‍.  കാലപ്പഴക്കത്താലും പ്രകൃതിക്ഷോഭത്തിലും പൂര്‍ണമായും തകര്‍ന്ന ടൗണ്‍ ഹാള്‍ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് പുതുക്കിപ്പണിതത്.  75 ലക്ഷം രൂപ ചിലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ജില്ലാ കേന്ദ്രത്തിലെ ഏക പൈതൃക ചരിത്ര സ്മാരകം എന്ന നിലയില്‍ തനിമ നഷ്ടപ്പെടാതെ, ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയാണ് ടൗണ്‍ ഹാള്‍ നിര്‍മിച്ചത്.  എട്ടുമാസം കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നത്.  പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഹാളില്‍ പുഷ്ബാക്ക് സീറ്റുകളും, ആധുനിക സൗണ്ട് സിസ്റ്റവും, 4 കെ റസല്യൂഷന്‍ പ്രൊജക്ടറുമുണ്ട്. ഹാളിനുള്ളില്‍ ശബ്ദ ക്രമീകരണങ്ങള്‍ക്കായി നൂതനമായ അക്കൗസ്റ്റിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, നഗരസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!